സൗദിയില്‍ കോവിഡ് 19 ബാധിച്ച ഇരുപതില്‍ പത്തൊമ്പത് പേരുടേയും ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് ആരോഗ്യ മന്ത്രാലയം. റിയാദില്‍ കോവിഡ് 19 സ്ഥിരീകരിച്ച യുഎസ് പൗരന്റെ നിലയില്‍ കാര്യമായ മാറ്റമില്ല. അസുഖം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ നാന്നൂറിലേറെ പേര്‍ ഐസൊലേഷനിലാണ്. രണ്ടായിരത്തിലേറെ പേര്‍ നിരീക്ഷണത്തിലുമുണ്ട്.
സൌദിയില്‍ കൊവിഡ് 19 വൈറസ് ബാധിച്ചവരുടെ എണ്ണം ഇരുപതാണ്. ഇതില്‍ 18 പേര്‍ കിഴക്കന്‍ പ്രവിശ്യയിലും ഒരാള്‍ റിയാദിലും മക്കയിലുമാണ്. ഇതില്‍ പത്തൊമ്പത് പേരുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ട്. എന്നാല്‍ റിയാദില്‍ ചികിത്സയിലുള്ള യുഎസ് പൌരന്റെ നിലയില്‍ മാറ്റമൊന്നുമില്ല. പതിനെട്ട് കേസുകളും റിപ്പോര്‍ട്ട് ചെയ്ത കിഴക്കന്‍ പ്രവിശ്യ കനത്ത ജാഗ്രതയിലാണ്. മക്കയില്‍ സ്ഥിതിഗതികള്‍ ശാന്തമാണെന്നും മന്ത്രാലയ വക്താവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സൗദിയില്‍ 468 പേരാണ് ഐസൊലേഷനില്‍. ഇതിന് പുറമെ 2032 പേര്‍ നിരീക്ഷണത്തിലുമുണ്ട്. വന്ന ഫലങ്ങളെല്ലാം നെഗറ്റീവാണെങ്കിലും സംശയകരമായ സാഹചര്യത്തില്‍ ഉള്ളവരുടെ നിരീക്ഷണം തുടരും. മക്കയില്‍ രോഗം സ്ഥിരീകരിച്ചത് ഈജിപ്ഷ്യന്‍ പൗരനാണ്. ഇയാളുമായി സമ്പര്‍ക്കം പുര്‍ത്തിയവരും നിരീക്ഷണത്തിലുണ്ട്.
ലോകത്തെ കണക്കുമായി നോക്കുമ്പോള്‍ താരതമ്യേന സൗദിയില്‍ കൊറോണ കേസുകള്‍ കുറവാണ്. എങ്കിലും ജാഗ്രത കണക്കിലെടുത്ത് നിയന്ത്രണങ്ങള്‍ തുടരും. വലിയ പൊതു പരിപാടികള്‍ക്കുള്ള നിയന്ത്രണം ഇതിനാലാണെന്നും മന്ത്രാലയ വക്താവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.