മുറ്റത്ത് നട്ടുവളര്‍ത്തുന്ന ചെടികളെക്കാള്‍ കൂടുതല്‍ പരിചരണം വീടിന്റെ അകത്തളങ്ങളില്‍ വളര്‍ത്തുന്നവയ്ക്ക് നല്‍കേണ്ടതുണ്ട്. അകത്തങ്ങള്‍ ഹരിതാഭമാക്കാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം.
വേണം കൃത്യമായ പരിചരണം
അകത്തളങ്ങളിലെ ചെടിച്ചട്ടികള്‍ കഴിക്ക്, പടിഞ്ഞാറ് ഭാഗത്തുള്ള ജനാലകള്‍ക്ക് അരികെ വയ്ക്കുന്നതാണ് ഉത്തമം. പുഷ്പിക്കുന്ന വിഭാഗത്തില്‍പ്പെട്ട ആഫ്രിക്കന്‍ വയലറ്റ് ചെടികള്‍ക്കു വടക്കുഭാഗമാണ് ഉത്തമം.
വീട്ടിലെ കാലാവസ്ഥയ്ക്കും വെളിച്ചത്തിനും സ്ഥലത്തിലും അനുയോജ്യമായ സസ്യങ്ങളാണ് തിരഞ്ഞെടുക്കേണ്ടത്. പച്ചയും മഞ്ഞയും നിറമുള്ള സസ്യങ്ങള്‍ക്ക് കൂടുതല്‍ സൂര്യപ്രകാശം ആവശ്യമാണ്. എന്നാല്‍ മുഴുവന്‍ പച്ചനിറമല്ലാത്തയിനം സസ്യങ്ങള്‍ക്ക് സൂര്യപ്രകാശം കുറച്ചുമാത്രം മതിയാകും. പുഷ്പിക്കുന്ന ഇനങ്ങള്‍ക്ക് നേരിട്ടുള്ള സൂര്യപ്രകാശം ലഭിക്കുന്ന രീതിയിലായിരിക്കണം. സജ്ജീകരിക്കേണ്ടത്. ജനാലകളും ഷെയ്ഡുകളും ഇതിനായി ഉപയോഗപ്പെടുത്താം.
- ചട്ടി തിരഞ്ഞെടുക്കുമ്പോള്‍ ചെടിയുമായി യോജിച്ചുപോകുന്നതാകണം. വളര്‍ച്ച കൂടുതലുള്ളവയ്ക്ക് വലിയ ചിട്ടിയാണ് അഭികാമ്യം. സിമന്റ്, പ്ലാസ്റ്റിക് ചട്ടികളേക്കാള്‍ നല്ലത് മണ്‍ചട്ടികളാണ്.
- മണല്‍, ചകിരിച്ചോറ്, മണ്ണ്, മണ്ണിരവളം തുടങ്ങിയവ യോജിപ്പിച്ച ജൈവമണ്ണാണ് ചട്ടികളില്‍ നിറയ്‌ക്കേണ്ടത്. ചട്ടിക്കടിയില്‍ വെള്ളം ഒഴുകിപ്പോകാനുള്ള ദ്വാരങ്ങള്‍ ഇടണം. നല്ല ഡ്രെയ്‌നിജ് സംവിധാനം ചെടികള്‍ക്ക് ഒരുക്കേണ്ടതുണ്ട്. മുകള്‍ ഭാഗത്ത് ഉരുളന്‍ കല്ലുകള്‍ നിരത്തുന്നതാ നല്ലതാണ്.
- ചെടി നനയ്ക്കുമ്പോള്‍ വെള്ളത്തിന്റെ അളവ് കൂടാനും കുറയാനും പാടില്ല. മുകളിലെ മണ്ണ് വരണ്ടതാണെങ്കില്‍ മാത്രം നനച്ചുകൊടുത്താല്‍ മതി. നനയ്ക്കുമ്പോള്‍ ചട്ടിക്കു താഴെയുള്ള ഫില്‍ട്രേയില്‍ അധികം ജലം ഒഴുകി ശേഖരിക്കപ്പെടും. ചെറിയ ചട്ടികളെ അപേക്ഷിച്ചു വലിയ ചട്ടികളില്‍ കൂടുതല്‍ തവണ നനയ്‌ക്കേണ്ടതില്ല.
- രണ്ടാഴ്ച കൂടുമ്പോള്‍ ചെടികളെല്ലാം മുറ്റത്തെ തണലിലേക്ക് മാറ്റുക. ചെടികളുടെ ആരോഗ്യം വീണ്ടെടുക്കാന്‍ ഇത് സഹായിക്കും. തണ്ടിന് നീളം കൂടുതലും ഇലകള്‍ക്കു വലുപ്പം കുറവുമായാല്‍ ചെടിക്ക് സൂര്യപ്രകാശം ആവശ്യത്തിന് ലഭിക്കുന്നില്ല എന്നാര്‍ത്ഥം. ചട്ടിയില്‍ വേരുകള്‍ തിങ്ങിവളര്‍ന്നാല്‍ അത്തരം സസ്യങ്ങള്‍ വലുപ്പം വയ്ക്കില്ല.
- ചെടികളില്‍ മുറിക്കുള്ളിലെ പൊടി എളുപ്പത്തില്‍ പറ്റിപ്പിടിക്കും. വേപ്പെണ്ണയുടെയും വെള്ളത്തിന്റെയും മിശ്രിതത്തില്‍ മുക്കിയ കോട്ടണ്‍തുണി ഉപയോഗിച്ച് ഇലകള്‍ വൃത്തിയാക്കാം. ഇലകള്‍് തിളക്കം കിട്ടുന്നതോടൊപ്പം കീടശല്യവും ഒഴിവാകും. ഒരു ലിറ്റര്‍ വെള്ളത്തില്‍ മൂന്ന്, നാലു മില്ലി വേപ്പെണ്ണയും അല്‍പം സോപ്പും ചേര്‍ത്ത മിശ്രിതം സ്‌പ്രേ ചെയ്യുന്നതും നല്ലതാണ്.
- വളപ്രയോഗം നടത്തുമ്പോള്‍ മെല്ലെ പ്രവര്‍ത്തിക്കുന്ന കമ്പോസിറ്റാണ് അനുയോജ്യം. രാസവളം ഒഴിവാക്കുക. പുഷ്പിക്കുന്ന ചെടികള്‍ക്ക് കൂടുതല്‍ വളപ്രയോഗം നടത്തണം.
- ആഴ്ചകളോളം വീട് വിട്ടുനില്‍ക്കുന്നവര്‍ പോകുന്നതിന് മുമ്പു ചെടികള്‍ക്ക് ആവശ്യമായ സംരക്ഷണം നല്‍കണം. വലിയ ചട്ടികളിലുള്ള സസ്യങ്ങളെ നേരിട്ടുള്ള സൂര്യപ്രകാശത്തില്‍ നിന്ന് മാറ്റിവയ്ക്കണം. ചെറിയവയെ കുളിമുറിയില്‍ സൂക്ഷിക്കുന്നതാണ് അഭികാമ്യം. ചട്ടി നനഞ്ഞ തുണി കൊണ്ട് കെട്ടി വയ്ക്കുന്നത് കൂടുതല്‍ ദിവസം ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കും.