ഇന്നുവരെ ഒരു സിഗരറ്റ് പോലും വലിക്കാത്ത നടിക്ക് ശ്വാസകോശാര്‍ബുദം.
ശ്വാസകോശാര്‍ബുദം സ്ഥിരീകരിച്ചുവെന്ന് വെളിപ്പെടുത്തി അമേരിക്കന്‍ നടിയും കൊമേഡിയനുമായ കേറ്റ് മികുചി. ബിഗ് ബാങ് തിയറി’ എന്ന അമേരിക്കന്‍ സീരീസിലൂടെ ശ്രദ്ധേയയായ താരമാണ് കേറ്റ്. ടിക് ടോക് വീഡിയോയിലൂടെയാണ് തനിക്ക് അര്‍ബുദം സ്ഥിരീകരിച്ച വിവരം നാല്‍പ്പത്തിമൂന്നുകാരിയായ കേറ്റ് തുറന്നുപറഞ്ഞിരിക്കുന്നത്.
താനിപ്പോള്‍ ആശുപത്രിയിലാണെന്നും ശ്വാസകോശാര്‍ബുദത്തിനുള്ള സര്‍ജറി കഴിഞ്ഞിരിക്കുകയാണെന്നുമാണ് കേറ്റ് പറഞ്ഞത്. താന്‍ ജീവിതത്തില്‍ ഇന്നേവരെ ഒരു സിഗരറ്റ് വലിച്ചിട്ടില്ല. അതിനാല്‍ തന്നെ ഇത് തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു.
വളരെ നേരത്തേ രോഗം തിരിച്ചറിഞ്ഞതിനാല്‍ ചികിത്സ സുഗമമായെന്നും മൂന്നു മക്കളുടെ അമ്മകൂടിയായ കേറ്റ് പറഞ്ഞു. രക്തപരിശോധനയില്‍ നിന്നാണ് രോഗമുണ്ടെന്ന് തിരിച്ചറിഞ്ഞതെന്നും തുടര്‍ന്ന് നടത്തിയ സ്‌കാനിങ്ങുകള്‍ക്കൊടുവില്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നെന്നും കേറ്റ് വ്യക്തമാക്കി.