in , , , , , ,

ഇരട്ടക്കുട്ടികളെ ഗര്‍ഭം ധരിക്കുന്നവര്‍ ശ്രദ്ധിക്കേണ്ടത്

Share this story

ഇരട്ടക്കുട്ടികളെ ഗര്‍ഭം ധരിക്കുക എന്നത് വളരെ സാധാരണമായി കണ്ടുവരുന്ന ഒന്നല്ല. എണ്‍പത് ഗര്‍ഭിണികളില്‍ ഒരാള്‍ എന്നതാണ് ഇതിന്റെ നിരക്ക്. എന്നാല്‍ ഇപ്പോള്‍ എണ്ണത്തില്‍ വര്‍ധന കണ്ടുവരുന്നുണ്ട്. അമ്മയ്ക്ക് പ്രായം കൂടുന്നതും ഐവിഎഫ് പോലുള്ള വന്ധ്യതാ ചികിത്സകളും ഈ വര്‍ധനയ്ക്ക് കാരണമാകാറുണ്ട്.

ഇരട്ടകള്‍ രണ്ട് തരത്തിലാണ്. ഐഡന്റിക്കല്‍, നോണ്‍ ഐഡന്റിക്കല്‍. ഐഡന്റിക്കല്‍ ഒരൊറ്റ ഭ്രൂണത്തില്‍ നിന്നും വിഭജിച്ച് ഉണ്ടാകുന്നതാണ്. ഈ കുട്ടികള്‍ ഒരേ ലിംഗത്തില്‍ പെട്ടവരായിരിക്കും. കാണാന്‍ ഒരുപോലെയായിരിക്കും. അതേസമയം, നോണ്‍ ഐഡന്റിക്കല്‍ ഇരട്ടകള്‍ രണ്ട് ഭ്രൂണങ്ങളില്‍ നിന്നുണ്ടാകുന്നവരാണ്. അവര്‍ രണ്ട് ലിംഗത്തില്‍ പെട്ടവരാകാം. കാഴ്ചയിലും സാമ്യം ഉണ്ടാകണമെന്നില്ല.

സാധാരണയെക്കാള്‍ കൂടുതല്‍ സങ്കീര്‍ണതയുള്ള ഒന്നാണ് ഇരട്ടക്കുട്ടികളെ ഗര്‍ഭം ധരിക്കുന്നത്. രക്തക്കുറവ്, രക്തസമ്മര്‍ദ്ദം, പ്രമേഹം, മാസം തികയാതെയുള്ള പ്രസവം എന്നിവയ്ക്ക് കൂടുതല്‍ സാധ്യതയുണ്ട്. ഛര്‍ദി, കൈകാല്‍ വേദന, നടുവേദന തുടങ്ങി സാധാരണ ഗര്‍ഭകാലത്ത് കാണുന്ന ബുദ്ധിമുട്ടുകള്‍ ഇരട്ടക്കുട്ടികളെ ഗര്‍ഭം ധരിക്കുന്നവരില്‍ കൂടുതലായിരിക്കും. പ്രസവസമയത്ത് സിസേറിയനാകാനുള്ള സാധ്യത കൂടുതലാണ്. പ്രസവത്തിന് ശേഷം രക്തസ്രാവം ഉണ്ടാകാനും സാധ്യതയുണ്ട്. കുഞ്ഞുങ്ങള്‍ക്കും അപകടസാധ്യതകള്‍ കൂടുതലാണ്. ജനിതക വൈകല്യങ്ങള്‍, തൂക്കം കുറവ്, ജനനസമയത്ത് ഉണ്ടാകാവുന്ന അപടങ്ങള്‍, ജനനത്തിന് ശേഷം ഐസിയുവില്‍ അഡ്മിറ്റ് ആകാനുള്ള സാധ്യത എന്നിവയുണ്ട്.

സ്‌കാനിങ്ങ് സമയത്ത് കുഞ്ഞുങ്ങള്‍ ഐഡന്റിക്കല്‍ ആണോ നോണ്‍ ഐഡന്റിക്കല്‍ ആണോ, മറുപിള്ള ഏത് തരത്തിലാണ് എന്നെല്ലാം അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. അഞ്ചാം മാസം തൊട്ട് ഇടയ്ക്കിടെ സ്‌കാനിങ് നടത്തണം. അയേണ്‍ ഗുളിക, കാല്‍ഷ്യം ഗുളിക, വിറ്റാമിന്‍ ഗുളികകള്‍, പോഷകസമ്പന്നമായ ആഹാരം എന്നിവ നിര്‍ബന്ധമായും കഴിക്കണം. അഞ്ചാം മാസം മുതല്‍ ജോലികള്‍ കുറയ്ക്കുന്നത് നല്ലതായിരിക്കും. ശാരീരികമായി ആയാസമുള്ള ജോലികളില്‍ നിന്ന് വിട്ടുനില്‍ക്കണം. എന്നാല്‍ പൂര്‍ണമായ ബെഡ് റെസ്റ്റ് ആവശ്യമില്ല. പ്രസവസമയത്ത് രക്തം ആവശ്യമായി വന്നേക്കാം. അതിനുള്ള ക്രമീകരണം നേരത്തേ നടത്തണം. ആവശ്യത്തിന് സൗകര്യമുള്ള ആശുപത്രി തന്നെ പ്രസവത്തിനായി തിരഞ്ഞെടുക്കണം.

എയ്ഡ്സ് ബാധിച്ച് പത്തുമാസത്തിനുള്ളില്‍ തൃശ്ശൂര്‍ ജില്ലയില്‍ മരിച്ചത് 38 പേര്‍

ക്യാന്‍സറിനെ ചെറുത്ത് തോല്‍പ്പിക്കാന്‍ ഓട്സ്