പല കാരണങ്ങളാല്‍ ഉറക്കം നഷ്ടപ്പെടുന്നവരുടെ എണ്ണം കൂടുകയാണ്. സ്മാര്‍ട്‌ഫോണ്‍ ഉപയോഗം തന്നെയാണ് ഉറക്കക്കുറവിന് പ്രധാന കാരണങ്ങളിലൊന്നും. എന്നാല്‍ ഉറക്കക്കുറവുള്ളവരിലേക്ക് അനാവശ്യ ചിന്തകള്‍ കൂടുതലായി കടന്നുവരുന്നുണ്ടെന്ന് യോര്‍ക്ക് സര്‍വകലാശാല നടത്തിയ ഒരു പഠനം വ്യക്തമാക്കുന്നു. മനസിലേക്ക് ആകുലപ്പെടുത്തുന്ന നെഗറ്റീവ് ചിന്തകളുടെ കടന്നുവരവിനു പിന്നില്‍ ഉറക്കക്കുറവിന് നിര്‍ണ്ണായക പങ്കുണ്ടത്രേ.
ഏതുകാര്യത്തിലും ശുഭകരമായ ചിന്തകള്‍ക്കു പകരം അനാവശ്യചിന്തകള്‍ കടന്നുവരുന്നതിനെ തടയാന്‍ ഉറക്കക്കുറവുള്ളവര്‍ക്ക് കഴിയാറില്ലെന്നാണ് പഠനം സൂചിപ്പിക്കുന്നത്. ഉറക്കക്കുറവ് പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡര്‍, വിഷാദം, സ്‌കീസോഫ്രീനിയ എന്നിവയ്ക്ക് ക്രമേണ വശംവദരാകാനും ഇടയാക്കും.
നല്ല ഉറക്കമുള്ളവരെ അപേക്ഷിച്ച് ഉറക്കക്കുറവുള്ളവരില്‍ 50% അനാവശ്യ ചിന്തകളുടെ വര്‍ദ്ധനവ് പഠനത്തില്‍ രേഖപ്പെടുത്തിയതായി യോര്‍ക്ക് സര്‍വകലാശാലയിലെ സൈക്കോളജി വിഭാഗം ഡോ. മാര്‍ക്കസ് ഹാരിംഗ്ടണ്‍ പറയുന്നു.
ദൈനംദിന ജീവിതത്തില്‍, സംഭവിച്ച ദോഷകരമായ അനുഭവങ്ങളിലേക്ക് മനസിനെ കൊണ്ടെത്തിക്കുന്നതിന് പിന്നില്‍ നല്ല ഉറക്കത്തിന്റെ അഭാവം പ്രകടമാണ്. ഉദാഹരണത്തിന്, വളരെ വേഗത്തില്‍ ഒരു കാര്‍ ഓടിക്കുമ്പോള്‍ വര്‍ഷങ്ങള്‍ക്കു മുമ്പുണ്ടായ ഒരപകടം മാത്രരം മനസിലേക്കെത്തുകയും അനാവശ്യചിന്തകള്‍ അലോസരപ്പെടുത്തിക്കൊണ്ടിരിക്കുകയും ചെയ്യും. ഈ ചിന്താക്കുഴപ്പങ്ങളിലേക്കു മനസിനെ നയിക്കുന്നതില്‍ ഉറക്കമില്ലായ്മയ്ക്കു പങ്കുണ്ട്.
ആരോഗ്യമുള്ള അറുപതുപേരില്‍ വൈകാരികമായി നെഗറ്റീവ് രംഗങ്ങളുടെ (ഒരു യുദ്ധമേഖലയില്‍ നിന്നുള്ള ഒരു ചിത്രം പോലുള്ളവ) അല്ലെങ്കില്‍ നിഷ്പക്ഷ രംഗങ്ങളുടെ (ഒരു നഗരദൃശ്യത്തിന്റെ ചിത്രം പോലുള്ളവ) ഫോട്ടോഗ്രാഫുകള്‍ നിരന്തരമായി കാട്ടി. തുടര്‍ന്ന് മുഖഭാവങ്ങളെയും മറ്റും നിരീക്ഷിച്ചു. പിറ്റേന്ന് രാവിലെ, ഉറക്കമോ അല്ലെങ്കില്‍ ഉറക്കക്കുറവോ ഉള്ള ഒരു രാത്രിക്ക് ശേഷം അവരിലെ മാനസികചിന്തകളെയും പഠനവിധേയമാക്കി.
ഈ ഗ്രൂപ്പില്‍ ഉറക്കക്കുറവ് സ്ഥരമായി പ്രകടിപ്പിച്ചിരുന്നവരില്‍ നെഗറ്റീവ് ചിന്തകളും വൈകാരികമായ അസ്വസ്ഥതകളും കൂടുതലാണെന്ന് കണ്ടെത്തി. അനാവശ്യ ചിന്തകള്‍ മനസ്സില്‍ നിന്ന് മാറ്റുന്നതില്‍ ഉറക്കക്കുറവുള്ളവരുടെ ഗ്രൂപ്പിന് കഴിഞ്ഞിട്ടില്ലെന്നാണ് ഗവേഷകര്‍ വിലയിരുത്തിയത്. ഈ പഠനം വിഷാദരോഗ സംബന്ധമായ തുടര്‍ഗവേഷണങ്ങള്‍ക്ക് ഗുണപ്രദമാകുമെന്നാണ് പ്രതീക്ഷ.