in

കാന്‍സര്‍ എന്നത് ഇന്നും നമ്മള്‍ക്കിടയിലെ പേടി സ്വപ്നമാണ് : എന്നാല്‍, കാന്‍സര്‍ ഉള്ളവരില്‍ പൊതുവായി കാണിക്കുന്ന ചില ലക്ഷണങ്ങള്‍

Share this story

കാന്‍സര്‍ എന്നത് ഇന്നും നമ്മള്‍ക്കിടയിലെ പേടി സ്വപ്നമാണ്. തുടക്കത്തില്‍ തന്നെ കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ അത് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേയ്ക്ക് പടര്‍ന്ന് നമ്മളെ സാവധാനത്തില്‍ മരണത്തിലേയ്ക്ക് പോലും തള്ളിവിടുന്നു. നമ്മളുടെ ജീവിതരീതികള്‍, പാരമ്പര്യം, പ്രകൃതിയിലുണ്ടാകുന്ന മാറ്റങ്ങള്‍ എന്നിവയെല്ലാം തന്നെ കാന്‍സര്‍ രോഗത്തിലേയ്ക്ക് നമ്മളെ തള്ളിവിട്ടെന്ന് വരാം. ഓരോ കാന്‍സറിനും ഓരോ ലക്ഷണങ്ങളാണ്. അതിനാല്‍ തന്നെ പലര്‍ക്കും കാന്‍സര്‍ ഉണ്ടോ എന്ന്പോലും നേരത്തെ കണ്ടെത്താന്‍ സാധിക്കില്ല. എന്നാല്‍, കാന്‍സര്‍ ഉള്ളവരില്‍ പൊതുവായി കാണിക്കുന്ന ചില ലക്ഷണങ്ങളുണ്ട്. അവ ഏതെല്ലാമെന്ന് നോക്കാം.

ക്ഷീണം

നമ്മള്‍ക്ക് വല്ലാത്തൊരു ക്ഷീണം അനുഭവപ്പെടുന്ന അവസ്ഥ. ഒന്നും ചെയ്യാന്‍ പറ്റുന്നില്ല. അതുപോലെ തന്നെ, നടക്കുമ്പോഴും വല്ലാതെ തളര്‍ന്ന് പോകുന്നത് പോലെ തോന്നുക. ശരീരം മൊത്തത്തില്‍ ക്ഷീണിക്കുന്നതായും അനുഭവപ്പെടുന്നത് കാന്‍സര്‍ രോഗത്തിന്റെ തുടക്ക ലക്ഷണങ്ങളില്‍ ഒന്നാണ്. കാരണം, നിങ്ങളുടെ ശരീരത്തില്‍ കാന്‍സര്‍ കോശങ്ങള്‍ ഉടലെടുക്കുമ്പോള്‍ അതിനെതിരെ ഫൈറ്റ് ചെയ്യുന്നതിനായി ശരീരത്തിലെ ഊര്‍ജം മൊത്തത്തില്‍ വിനിയോഗിക്കുന്നു. ഈ സന്ദര്‍ഭത്തില്‍ നിങ്ങളുടെ ശരീരം അമിതമായി ക്ഷീണിക്കുകയും, തളര്‍ച്ച അനുഭവപ്പെടുകയും ചെയ്യും. അതിനാല്‍, പെട്ടെന്ന് അകാരണമായി നല്ലപോലെ തളര്‍ച്ചയും ക്ഷീണവും അനുഭവപ്പെടാന്‍ തുടങ്ങിയാല്‍ ഉടനെ ഡോക്ടറെ കാണിക്കേണ്ടത് അനിവാര്യമാണ്.

അണുബാധ ഉണ്ടാവുക

തുടര്‍ച്ചയായി നിങ്ങള്‍ക്ക് പലവിധരോഗങ്ങള്‍ വന്നുകൊണ്ടിരിക്കുക. അതുപോലെ, പലവിധത്തിലുള്ള അണുബാധകള്‍ വരുന്നതും നിങ്ങള്‍ക്ക് തന്നെ നിങ്ങളുടെ രോഗപ്രതിരോധശേഷി അവതാളത്തിലായി എന്ന് തോന്നും വിധത്തിലുള്ള ലക്ഷണങ്ങള്‍ അല്ലെങ്കില്‍ രോഗാവസ്ഥകള്‍ ശരീരത്തില്‍ ഉണ്ടെങ്കില്‍ അത് കാന്‍സറിന്റെ ആരംഭ ലക്ഷണങ്ങളില്‍ ഒന്നാണ്. അതിനാല്‍, അടുപ്പിച്ച് പലവിധരോഗങ്ങള്‍ നിങ്ങളെ വേട്ടയാടുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ ഒരു ഡോക്ടറെ കാണിക്കേണ്ടത് അനിവാര്യമാണ്.

വേദനകള്‍

ചില വേദനകള്‍ നമ്മള്‍ക്ക് പറഞ്ഞ് കൊടുക്കാന്‍ സാധിക്കുന്നതിലും അപ്പുറമാണ്. അത്തരത്തില്‍ കഠിനമായ വേദനങ്ങള്‍ നിങ്ങള്‍ക്ക് ശരീരത്തില്‍ അനുഭവപ്പെടാന്‍ ആരംഭിച്ചാല്‍ അത് കാന്‍സറിന്റെ ആരംഭ ലക്ഷണങ്ങളില്‍ ഒന്നാണോ എന്ന് സംശയിക്കേണ്ടത് അനിവാര്യമാണ്. പ്രത്യേകിച്ച് എല്ലുകള്‍ക്ക് അടുപ്പിച്ച് വേദന അനുഭവപ്പെടുകയാണെങ്കില്‍ അത് കാന്‍സര്‍ ലക്ഷണമാണോ എന്ന് മുന്‍കൂട്ടി മനസ്സിലാക്കേണ്ടത് അനിവാര്യമാണ്. ഇതിനായി നിങ്ങള്‍ക്ക് അടുപ്പിച്ച് ശക്തമായ രീതിയില്‍ ദേഹവേദന, അല്ലെങ്കില്‍ എല്ലുകള്‍ക്ക് വേദന അനുഭവപ്പെട്ടാല്‍ ഡോക്ടറെ കാണിക്കാന്‍ മറക്കരുത്.

ചര്‍മ്മം

നിങ്ങള്‍ക്ക് ഓരോ ദിവസം കഴിയും തോറും ചര്‍മ്മത്തില്‍ കാര്യമായ നിറവ്യത്യാസങ്ങള്‍ വരുന്നത് കാണാം. ഓരോ ദിവസം കഴിയുമ്പോള്‍ ചര്‍മ്മത്തിന്റെ നിറം മങ്ങുന്നതായി തോന്നാം. ചിലപ്പോള്‍ മഞ്ഞ നിറം ചര്‍മ്മത്തില്‍ പടര്‍ന്ന് പിടിക്കുന്നതായി നിങ്ങള്‍ക്ക് തോന്നാം. അതുപോലെ, ചര്‍മ്മത്തില്‍ ചുവപ്പ് തടിപ്പുകള്‍ ദിനംപ്രതി പ്രത്യക്ഷപ്പെടുന്നതും പതിവാകുന്നു. ഇത്തരത്തില്‍ ചര്‍മ്മത്തില്‍ മാറ്റങ്ങള്‍ നിങ്ങള്‍ ശ്രദ്ധിക്കുകയാണെങ്കില്‍ തീര്‍ച്ചയായും ഒരു ഡോക്ടറെ കാണിക്കേണ്ടത് നിവാര്യമാണ്. ചിലപ്പോള്‍ കാന്‍സറിന്റെ തുടക്കകാല ലക്ഷണങ്ങളില്‍ ഒന്നാണ് ഇത്.

ശ്വാസതടസ്സം

ശ്വസിക്കാനുള്ള ബുദ്ധിമുട്ട് അനുഭവപ്പെടുന്നതും കാന്‍സറിന്റെ തുടക്കകാല ലക്ഷണങ്ങളില്‍ ഒന്നായി നിങ്ങള്‍ക്ക് ചൂണ്ടികാണിക്കാവുന്നതാണ്. അഥായത്, നിങ്ങള്‍ക്ക് മുന്‍പ് ശ്വാസ സംബന്ധമായ രോഗങ്ങള്‍ ഇല്ലെങ്കിലും പെട്ടെന്ന് നിങ്ങള്‍ക്ക് ശ്വസിക്കാനുള്ള ബുദ്ധിമുട്ടെല്ലാം അനുഭവപ്പെട്ടാല്‍, അത് ശ്വാസകോശ കാന്‍സറിന്റെ ലക്ഷണമായി സംശയിക്കണം. അതിനാല്‍, ഇത്തരം ബുദ്ധിമുട്ടുകള്‍ പുതിയതായി നിങ്ങളുടെ ശ്രദ്ധയില്‍ പെട്ടാല്‍ ഡോക്ടറെ കാണിക്കേണ്ടത് അനിവാര്യമാണ്.

ദഹന പ്രശ്നങ്ങള്‍

ആഹാരം കഴിച്ച് കഴിഞ്ഞാല്‍ വയറ്റില്‍ അസ്വസ്ഥതകള്‍ രൂപപ്പെടുക. പ്രത്യേകിച്ച് അമിതമായിട്ടുള്ള അസിഡിറ്റി പ്രശ്നങ്ങള്‍ നിങ്ങള്‍ക്ക് നേരിടേണ്ടതായി വരിക. വയറുവേദന എന്നിങ്ങനെയുള്ള ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുമ്പോള്‍ അത് കാന്‍സറിന്റെ ലക്ഷണമാണോ എന്ന് സംശയിക്കണം. സ്ഥിരമായി നിങ്ങള്‍ക്ക് കടുത്ത വേദനയോടുകൂടി ഇത്തരം ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ അത് ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്.

മറ്റ് ലക്ഷണങ്ങള്‍

അതുപോലെ തന്നെ നിങ്ങള്‍ക്ക് ഒട്ടും വിശപ്പില്ലായ്മ അനുഭവപ്പെടാം. അതുപോലെ തന്നെ, അമിതമായിട്ടുള്ള വിയര്‍പ്പ്, ശരീരത്തില്‍ പെട്ടെന്ന് പ്രത്യക്ഷപ്പെടുന്ന മുഴകള്‍, രക്തസ്രാവം, അമിതമായിട്ടുള്ള തലവേദന, കാഴ്ച മങ്ങല്‍ എന്നിവ അനുഭവപ്പെട്ടാല്‍ അത് കാന്‍സറിന്റെ ആരംഭ ലക്ഷണമാണോ എന്ന് സംശയിക്കണം. അതിനാല്‍, ഇത്തരം ലക്ഷണം കണ്ടാല്‍ ഡോക്ടറെ കാണിക്കാന്‍ മറക്കരുത്.

ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റ് ഇന്ത്യയിലെ ഏറ്റവും വലിയആയുര്‍വേദ അക്കാദമിക് സമ്മേളനമാകും: കേന്ദ്രമന്ത്രി വി.മുരളീധരന്‍

സ്തനാര്‍ബുദം തടയാന്‍ ഗുളികയുപമായി ബ്രിട്ടന്‍