കോവിഡ് മഹാമാരിയില്‍ ലോകം വിറങ്ങലിച്ചു നില്പാണ്. മനുഷ്യരുടെ ഇടപെടലുകള്‍ക്ക് നിയന്ത്രണം വന്നതോടെ വ്യവസായമേഖലകളെയും ബാധിച്ചു. ഇതോടെ
ഭൂമിയുടെ നിലനില്പിന് ഭീഷണിയായ വാതകങ്ങളുടെയും ബഹിര്‍ഗമനത്തിനും കുറവുന്നു. 2020 ന്റെ ആദ്യപകുതിയില്‍ ഇത്തരത്തില്‍ കാര്‍ബണ്‍ഡൈ ഓക്സൈഡ്
പുറന്തള്ളപെടുന്നതില് വന്‍ കുറവു രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയാണ്.
കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറന്തള്ളപ്പെടുന്നതില്‍ 2019 ലെ ആദ്യ ആറുമാസത്തിനിടെയുള്ളതിനേക്കാള് 8.8 ശതമാനം കുറവാണ് 2020 ലെ ഇതേ കാലയളവില്‍ ഉണ്ടായതെന്ന് അന്താരാഷ്ട്ര ഗവേഷക സംഘം കണ്ടെത്തി. മൊത്തം 1551 ദശലക്ഷം ടണ്‍ കുറവാണിത്.
പകര്‍ച്ചവ്യാധിയെത്തുടര്‍ന്നുണ്ടായ സാഹചര്യത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിച്ചാല്‍ ആഗോള കാലാവസ്ഥയെ സുസ്ഥിരമാക്കാനുള്ള നടപടികള്‍ക്ക് ഈ കണ്ടെത്തലുകള്‍ സഹായകരമാകുമെന്ന് ബീജിംഗിലെ സിന്‍ഹുവ സര്‍വകലാശാലയിലെ എര്‍ത്ത് സിസ്റ്റം സയന്‍സ് ഡിപ്പാര്‍ട്ട്മെന്റിലെ ഗവേഷകന് ലു ല്യൂ വ്യക്തമാക്കി.
‘ഓരോ രാജ്യത്തെയും കോവിഡ് ഘട്ടങ്ങളില്‍ സ്വീകരിച്ച നടപടികളെയും പഠനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഈ നടപടികള്‍ എത്തരത്തിലാണ് ഭൂമിക്ക് പ്രയോജനകരമായ നിലയില്‍ പ്രവര്‍ത്തിച്ചതെന്നും ഗവേഷണസംഘം വിലയിരുത്തി. ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് ആഗോളതലത്തില്‍ കോവിഡ് പ്രതിസന്ധി രൂക്ഷമായത്. മിക്ക പ്രധാന രാജ്യങ്ങളും അവരുടെ പൊതുജീവിതവും സമ്പദ്വ്യവസ്ഥയുടെ ചില ഭാഗങ്ങളും അടച്ചുപൂട്ടി. ഈ ഘട്ടത്തില്‍ കാര്‍ബണ്‍ഡൈ ഓക്സൈഡ് പോലുള്ള വാതകങ്ങളുടെ ഉദ്വമനം 16.9% കുറവ് രേഖപ്പെടുത്തി.
പൊതു ഗതാഗതം സംവിധാനം നിയന്ത്രിക്കപ്പെട്ടതോടെ CO2 ഉദ്വമനം ലോകമെമ്പാടും 40% കുറഞ്ഞു. 31 രാജ്യങ്ങളിലെ വൈദ്യുതി ഉല്പാദനത്തിന്റെ കൃത്യമായ, ഡാറ്റാസെറ്റുകള്‍, ലോകമെമ്പാടുമുള്ള 400 ലധികം നഗരങ്ങളിലെ പ്രതിദിന വാഹന ഗതാഗതം, പ്രതിദിന ആഗോള യാത്രാ വിമാനങ്ങള്‍, 62 രാജ്യങ്ങളിലെ വ്യവസായത്തിനും 200 ലധികം രാജ്യങ്ങളില്‍ മലിനീകരണം ഉണ്ടാക്കുന്നതിനുള്ള ഇന്ധന ഉപഭോഗം എന്നിവയെല്ലാം പരിശോധിക്കപ്പെട്ടു.
നിയന്ത്രങ്ങളില്‍ ഇളവ് സംഭവിച്ചതോടെ ദോഷകരമായ വാതകങ്ങളുടെ ശക്തമായ തിരിച്ചുവരവ് ഫലങ്ങളും ഗവേഷകര്‍ കണ്ടെത്തി. ഗതാഗത മേഖലയില്‍ നിന്നുള്ള മലിനീകരണം തുടര്‍ച്ചയായി കുറയുന്നത് പ്രയോജനകരമാണെങ്കിലും വ്യവസായമേഖലകള്‍ ഭാഗികമായി പ്രവര്‍ത്തിക്കപ്പെട്ട ഉടനേ കാര്‍ബണ്‍ഡൈ ഓക്സൈഡ് ഉദ്വമനം പുനരാരംഭിച്ചു. 2020 ജൂലൈയില്‍ ആഗോളതലത്തില്‍ ഈ വ്യതിയാനം കണ്ടെത്തി.
അതുകൊണ്ടുതന്നെ കാലാവസ്ഥയെ സുസ്ഥിരമാക്കുന്നതിനുള്ള നടപടികള്‍ വ്യവസായരംഗത്തു നടത്തേണ്ട മാറ്റങ്ങളെ അടിസ്ഥാനപ്പെടുത്തിയാകുമെന്നും ഗവേഷകര്‍ പറയുന്നു. വ്യക്തിഗതമായി ഓരോ മനുഷ്യരുടെയും പെരുമാറ്റവും തിരിച്ചറിവും ഇതില്‍ പ്രധാനമാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.