കോവിഡ്കാലത്ത് സ്കൂളുകള്‍ അടച്ചിട്ടതോടെ കുട്ടികളെല്ലാം വീട്ടിലുണ്ട്. ഓണ്‍ലൈന്‍ പഠനം കൂടി വന്നതോടെ സ്മാര്‍ട്ഫോണ്‍ നഴ്സറി കുട്ടികള്‍ക്ക് വരെ കൂടുതല്‍ പരിചിതമായി. ഹോംവര്‍ക്കുകളും മറ്റും ടീച്ചര്മാര് വാട്സാപ് ഗ്രൂപ്പികളിലൂടെ നല്‍കുന്നതും കുട്ടികളുടെ പ്രവര്‍ത്തനങ്ങള്‍ അത്തരത്തില്‍ പങ്കുവയ്ക്കപ്പെടുകയും ചെയ്യുന്നു. ഫലത്തില്‍ പഠനശേഷവും സ്മാര്‍ട്ഫോണ്‍ ഉപയോഗിക്കാനുള്ള സൗകര്യം കുട്ടികള്‍ക്ക് ലഭിക്കുന്നുണ്ട്. ടിവിയിലെ കാര്‍ട്ടൂണ്‍ പരിപാടികളില്‍ യുട്യൂബിലെ കാര്ട്ടൂണുകള് സ്വയം തെരഞ്ഞെടുക്കാനും ഭൂരിപക്ഷം കുരുന്നുകളും പഠിച്ചുകഴിഞ്ഞിരിക്കുന്നു. ഈ കോവിഡ്കാലത്ത് യുട്യൂബ് ഉപയോഗിക്കുന്ന കുട്ടികളുടെ എണ്ണം ഇരട്ടിയിലധികം വര്‍ദ്ധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.
അതുകൊണ്ടുതന്നെ ഇക്കാര്യം തിരിച്ചറിഞ്ഞ ഭക്ഷ്യ-പാനീയ കമ്പനികള്‍ പരസ്യം നല്‍കുന്നത് യുട്യൂബിലേക്ക് മാറ്റിയിട്ടുണ്ടെന്നാണ് വിവരം. തങ്ങളുടെ ഭക്ഷ്യ-പാനീയ ഉല്പന്നങ്ങള് കുട്ടികളില്‍ പരിചിതമാക്കുന്നതിന് പ്രതിവര്‍ഷം 1.8 ബില്യണ്‍ ഡോളറാണ് കമ്പനികള്‍ ചെലവഴിക്കുന്നത്. എന്നാലിത്തവണ യുട്യൂബ് പോലുള്ള സോഷ്യല്‍മീഡിയാ പ്ലാറ്റ്ഫോമുകളിലേക്ക് കൂടുതല്‍ പരസ്യം നല്‍കിത്തുടങ്ങിയിട്ടുണ്ട്.
കുട്ടികളിലെ സോഷ്യല്‍ മീഡിയാ ഉപഭോഗം തിരിച്ചറിഞ്ഞാണ് ഈ നീക്കം. എന്നാല്‍ മിക്ക കമ്പനികളുടെയും ഉല്പന്നങ്ങള് കുട്ടികള്‍ക്ക് അനാരോഗ്യകരമാണെന്നും ഇത്തരം ഉല്പന്നങ്ങളുടെ സ്ഥിരമായ ഉപയോഗം കുട്ടികള്‍ക്ക് ഹാനികരമാണെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു. അനാരോഗ്യകരമായ ഭക്ഷണപാനീയങ്ങള്‍ പതിവായി പ്രോത്സാഹിപ്പിക്കുന്ന വീഡിയോകള്‍ കുട്ടികളുടെ ശ്രദ്ധയില്‍ പെടുന്നൂവെന്നും രക്ഷിതാക്കളെക്കൊണ്ട് അവ വാങ്ങിപ്പിക്കുന്നവാന് കുട്ടികള്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായും പീഡിയാട്രിക്സ് ജേണലില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനത്തില്‍ വ്യക്തമാക്കുന്നു.
”ഉപഭോക്താക്കളുടെ സോഷ്യല്‍ മീഡിയാ ഉപഭോഗം കൂടിയതോടെ കമ്പനികള്‍ ഓണ്‍ലൈന്‍ പരസ്യത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നുണ്ട്. കുട്ടികള്‍ ഇതിനകം തന്നെ പ്രതിവര്‍ഷം ആയിരക്കണക്കിന് ഭക്ഷണ പരസ്യങ്ങള്‍ ടെലിവിഷനില്‍ കാണുന്നു. ഇപ്പോള്‍ യുട്യൂബിലൂടെയും മറ്റും ആ ശീലം തുടരുന്നു. അനാരോഗ്യകരമായ ഭക്ഷ്യ-പാനീയങ്ങളുടെ പരസ്യം കുട്ടികളുടെ ആരോഗ്യശീലങ്ങളില്‍ കൈകടത്തിത്തുടങ്ങിയെന്നും ഇത് രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ടതാണെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
ലോകത്ത് ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്ന രണ്ടാമത്തെ വെബ്സൈറ്റാണ് യുട്യൂബ്. കുട്ടികള്‍ ഉള്‍പ്പെടെ വിനോദവും അറിവും എല്ലാം ആഗ്രഹിക്കുന്നവര്‍ക്ക് യുട്യൂബ് സഹായിയാണ്. 12 വയസ്സിന് താഴെയുള്ള കുട്ടികളുള്ള 80 ശതമാനം രക്ഷിതാക്കളും തങ്ങളുടെ കുട്ടിയെ യുട്യൂബ് കാണാന്‍ അനുവദിക്കുന്നൂവെന്ന് പഠനം കണ്ടെത്തി. 35 ശതമാനം രക്ഷിതാക്കള്‍ക്കും തങ്ങളുടെ കുട്ടി പതിവായി യുട്യൂബ് കാണുന്നുവെന്ന് റിപ്പോര്‍ട്ട് ചെയ്തു. യുട്യൂബ് പോലുള്ള വീഡിയോ പ്ലാറ്റ്ഫോമുകളെ കോവിഡ് കാലത്ത് കുട്ടികളെ കൈകാര്യം ചെയ്യാനുള്ള എളുപ്പവഴിയായും രക്ഷിതാക്കള്‍ ഉപയോഗപ്പെടുത്തുന്നു.
ഈ പഴുതു തിരിച്ചറിഞ്ഞാണ് ഭക്ഷ്യ-പാനീയക്കമ്പനികള്‍ ഓണ്‍ലൈന്‍ പരസ്യം വിപുലമാക്കുന്നതും. ഇതു തടയിടാനാകില്ലെങ്കിലും കുട്ടികള്‍ക്കായി ഭക്ഷ്യ ഉല്പന്നങ്ങള് തെരഞ്ഞെടുക്കുമ്പോള്‍ രക്ഷിതാക്കള്‍ കൂടുതല്‍ ശ്രദ്ധചെലുത്തണമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പു നല്കുന്നു.