ആരാലും തളയ്ക്കപ്പെടാത്ത അജയ്യരായ ജീവിവര്ഗ്ഗമായി മനുഷ്യര്‍ പ്രകൃതിക്കുമേല്‍ ആധിപത്യം സ്ഥാപിച്ചൂവെന്നത് തര്‍ക്കമില്ലാത്ത വസ്തുതയാണ്. മറ്റെല്ലാ ജീവജാലങ്ങളും അവരുടെ അതിജീവനത്തിനുള്ളതുമാത്രം നേടാന്‍ ശ്രമിച്ച് പ്രകൃതിക്കും ഭൂമിയ്ക്കും പരുക്കേല്പ്പിക്കാതെ മുന്നോട്ടു പോകുമ്പോള്‍ മനുഷ്യരുടെ മുന്നേറ്റം നേരെ വിപരീതമാണ്. പ്രകൃതിയെ ചൂഷണം ചെയ്യുന്നതിലും സ്വന്തം നിലനില്പുപോലും അപകടത്തിലാക്കിക്കൊണ്ട് മുന്നോട്ടുപോകുന്നതിലും മനുഷ്യര്‍ മടികാട്ടാറില്ല.
കോവിഡ് 19 എന്ന വൈറസിനു പിന്നില്‍ ചൈനീസ് ‘കുബുദ്ധി’ എന്ന ആരോപണം തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും മറിച്ച് പ്രകൃതിദത്തമായി രൂപപ്പെട്ട വൈറസാണ് എന്ന് ഉറപ്പിക്കാന്‍ ചൈനയ്ക്കും കഴിഞ്ഞിട്ടില്ല. ഇത് തെളിഞ്ഞാലും ഇല്ലെങ്കിലും സ്വന്തം നിലനില്‍പ്പ് അപകടത്തിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ രഹസ്യമായി പലരാജ്യങ്ങളിലും പരീക്ഷണ-നിരീക്ഷണങ്ങളായി നടക്കപ്പെടുന്നുണ്ടെന്നതാണ് വസ്തുത. ആണവപ്രഹരശേഷിയുടെ കാഠിന്യം എത്രത്തോളം കൂട്ടാനാകുമെന്ന നിലയ്ക്ക് പരസ്പര യുദ്ധം മുന്നില്‍ക്കണ്ട് ആയുധപ്പുരയൊരുക്കുന്നതു തന്നെ ഉദാഹരണം.
എന്തുതന്നെയായാലും ചരിത്രത്തിലിന്നോളം കേട്ടിട്ടില്ലാത്തവിധം മനുഷ്യരെ തടവിലാക്കാന്‍ ഒരു പരിധിവരെ കോവിഡ് 19 എന്ന കൊറോണ വൈറസിനായി. മനുഷ്യര്‍ ലോക്ഡൗണിലായതോടെ പ്രകൃതി അതിന്റെ സ്വഭാവികതയിലേക്ക് സ്വയംമടങ്ങിയെന്നാണ് പരിസ്ഥിതി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ലോകമെങ്ങും കാര്‍ബണ്‍ഡയോക്സൈഡിന്റെ പുറന്തള്ളലും പ്രകൃതി മലിനീകരണങ്ങളും താല്‍ക്കാലികമായി കുറഞ്ഞതാണ് കാരണം. എന്നാല്‍ ആഗോളതാപനമെന്ന വന്‍വിപത്തിനെ നേരിടുന്നതില്‍ ഇത് സഹായകമല്ലെന്നാണ് യോര്‍ക്ക് സര്‍വ്വകലാശാലയിലെ പുതിയ പഠനം വെളിപ്പെടുത്തുന്നത്. മനുഷ്യര്‍ വീണ്ടും പതിന്മടങ്ങുവേഗത്തില്‍ തിരിച്ചെത്തുകയും പ്രകൃതിയെ വീണ്ടും ‘കൈകാര്യം’ ചെയ്യുന്നതില്‍ മടികാട്ടാതെ മുന്നോട്ടുപോകുമെന്നതു തന്നെ കാരണം.
കോവിഡ് പ്രതിസന്ധി ഒഴിഞ്ഞാലുടന്‍ സാമ്പത്തികനില വീണ്ടെടുക്കലിലാകും എല്ലാ രാജ്യങ്ങളുടെയും ശ്രദ്ധ. എന്നാല്‍ പ്രകൃതിക്ക് ഹാനികരമല്ലാത്ത ഹരിത ഉത്തേജനമുള്ള സാമ്പത്തിക വീണ്ടെടുക്കല്‍ പദ്ധതി നടപ്പാക്കിയാലേ 2050 ഓടെ പ്രതീക്ഷിക്കുന്ന ആഗോള താപനത്തിന്റെ പകുതിയിലധികം തടയാന്‍ കഴിയുകയുള്ളൂവെന്നും ഈ അന്താരാഷ്ട്ര പഠനം കണക്കാക്കുന്നു.
ലോക്ഡൗണിത്തുടര്ന്ന് ആഗോളതലത്തില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് (CO2), നൈട്രജന്‍ ഓക്സൈഡുകള്‍ (NOx), മറ്റ് ഹാനികരമായ വാതകങ്ങളുടെ പുറന്തള്ളല്‍ വമനം എന്നിവ 10-30% വരെ കുറഞ്ഞിട്ടുണ്ട്. എന്നാലിത് താല്ക്കാലികമാണ്. അപകടകരമായ കാലാവസ്ഥാ വ്യതിയാനം മുന്നില്‍ കണ്ടുള്ള പദ്ധതികള്‍ ലോകരാജ്യങ്ങള്‍ ഒരുമിച്ച് നടപ്പാക്കുന്നതിന് ഈ കോവിഡ്കാല അനുഭവങ്ങള്‍ പാഠമാക്കേണ്ടതുണ്ട്.
കുറഞ്ഞ മലിനീകരണമുള്ള വാഹനങ്ങള്‍, പൊതുഗതാഗതം സംവിധാനം എന്നിവയിലേക്കു ലോകം മാറണം. മെച്ചപ്പെട്ട വായുവിന്റെ ഗുണനിലവാരം നിലനിര്‍ത്താന്‍ സൈക്കിള്‍ പാതകള്‍ പ്രോത്സാഹിപ്പിക്കുന്നതുപോലെയുള്ള നടപടികള്‍ ഉണ്ടാകണം. സര്‍വ്വോപരി ഈ കൊറോണാക്കാലം പ്രതിസന്ധിയിലാക്കിയത് മനുഷ്യരെ മാത്രമാണെന്നും പ്രകൃതിക്ക് ‘നല്ല കാലം’ വീണ്ടെടുക്കലായിരുന്നെന്നും ലോകമെമ്പാടുമുള്ള ജനങ്ങള്‍ മനസിലാക്കിയെടുക്കുക എന്നതാണ് പ്രധാനം. ഇത്തരം പാഠം ഉള്‍ക്കൊണ്ട് മനുഷ്യരാശിക്ക് പ്രവര്‍ത്തിക്കാനായാല്‍ വളരെ ഗുണകരമായ ഫലങ്ങള്‍ ഉണ്ടാകാനിടയുണ്ട്.