5 ദിവസത്തിനിടെ 7203 കോവിഡ് പരിശോധനകള്‍ നടത്തി കേരളം ‘ഫാസ്റ്റ്ട്രാക്കില്‍’. പ്രതിദിന ശരാശരി 1440 ആയി. പഴയതിന്റെ മൂന്നിരട്ടിയിലേറെ. പരിശോധനകളില്‍ ആദ്യം മുന്നിലായിരുന്ന കേരളം പിന്നീട് എണ്ണം കുറച്ചത് വിമര്‍ശിക്കപ്പെട്ടിരുന്നു. പ്രതിദിനം ശരാശരി 420 പരിശോധന മാത്രമാണു നടന്നിരുന്നത്
തുടര്‍ന്ന് മുഖ്യമന്ത്രി ഇടപെട്ട് എണ്ണം വര്‍ധിപ്പിക്കാന്‍ നിര്‍ദേശം നല്കി. പരിശോധനാ കിറ്റുകളുടെ കുറവാണ് ടെസ്റ്റുകള്‍ കുറയ്ക്കാന്‍ കാരണമായത്. എന്നാല്‍, രോഗവ്യാപനം തിരിച്ചറിയാന്‍ കൂടുതല്‍ ടെസ്റ്റുകള്‍ നടത്തണമെന്ന് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതി ഉള്‍പ്പെടെ നിര്‍ദേശം നല്കി.
വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും 5 ലക്ഷത്തോളം പേര് മടങ്ങിവരുന്ന സാഹചര്യംകൂടി പരിഗണിച്ച് കൂടുതല്‍ കിറ്റുകള്‍ ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ തുടങ്ങിയിട്ടുണ്ട്. 3 ലക്ഷം ആര്‍ടി പിസിആര്‍ കിറ്റുകളും 2 ലക്ഷം ആന്റിബോഡി ടെസ്റ്റ് കിറ്റുകളും വാങ്ങാനാണ് ശ്രമം. ആരോഗ്യപ്രവര്‍ത്തകര്‍ക്കു സുരക്ഷ ശക്തമാക്കാന്‍ 8 ലക്ഷം പിപിഇ സുരക്ഷാകിറ്റുകളും വാങ്ങും. നിലവില്‍ 45,000 കിറ്റുകളേ ബാക്കിയുള്ളൂ.
സംസ്ഥാനത്ത് കോവിഡ് പരിശോധനകളുടെ എണ്ണത്തെച്ചൊല്ലിയുള്ള ആശങ്കകള്‍ അസ്ഥാനത്താണെന്ന് ഐസിഎംആര്‍ വക്താവും കര്‍ച്ചവ്യാധി-സമ്പര്‍ക്കരോഗവിഭാഗം മേധാവിയുമായ ഡോ. രമണ്‍ ഗംഗാഖേഡ്കര്‍. കോവിഡ് പരിശോധനയിലും പ്രതിരോധത്തിലും ചികിത്സയിലും കേരളം രാജ്യത്തിനു മാതൃകയാണെന്നും പറഞ്ഞു.