കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് തല /വാര്‍ഡ് തല കമ്മറ്റികളുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പഞ്ചായത്ത് വകുപ്പ് പുറത്തിറക്കി. കമ്മറ്റികള്‍ പുന:സംഘടിപ്പിച്ചിട്ടില്ലാത്ത ഗ്രാമ പഞ്ചായത്തത്തുകള്‍ അടിയന്തിരമായി വാര്‍ഡ് തല കമ്മറ്റികള്‍ രൂപീകരിക്കണം. തദ്ദേശ സ്ഥാപനപരിധിയില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതില്‍ ജനങ്ങളുടെ ഭാഗത്ത് വിമുഖതോയോ അലംഭാവമോ ഉണ്ടായാല്‍ നടപടികള്‍ സ്വീകരിക്കണം. പോലീസ് സഹായം ആവശ്യമായി വന്നാല്‍ രേഖാമൂലം സ്റ്റേഷന് ഹൗസ് ഓഫീസറെ അറിയിക്കണം.
സ്കൂളുകള്‍, സിനിമ തീയറ്ററുകള്‍, മാളുകള്‍, ഓഡിറ്റോറിയങ്ങള്‍, മാര്‍ക്കറ്റുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. വിവാഹം, മരണാനന്തര ചടങ്ങുകള്‍, പൊതുചടങ്ങുകള്‍, മറ്റ് ഒത്തുചേരല്‍, പൊതു സ്വകാര്യ വാഹനയാത്രകള് എന്നിവയില്‍ അനുവദനീയമായ എണ്ണം ആളുകള്‍ മാത്രമെ പങ്കെടുക്കുന്നുള്ളു എന്ന് ഉറപ്പാക്കണം. പ്രോട്ടോക്കോള്‍ ലംഘിക്കുന്ന സാഹചര്യം ശ്രദ്ധയില്‍പ്പെട്ടാല്‍ സെക്ടറല്‍ മജിസ്ട്രേറ്റിനെയും പോലീസിനെയും അറിയിക്കുന്നതിലുള്ള നടപടികളും കമ്മിറ്റികള്‍ സ്വീകരിക്കണം.
പ്രത്യേക പ്രദേശത്ത് കോവിഡ് രോഗികളുടെ എണ്ണം കൂടിയാല്‍ സമീപ പ്രദേശങ്ങളിലേക്ക് രോഗ വ്യാപനം ഉണ്ടാകാതിരിക്കാന്‍ കണ്ടെയ്ന്മെന്റ്, മൈക്രോകണ്ടയ്ന്മെന്റ് നടപടിക്രമങ്ങള്‍ പോലീസിന്റെ സാഹായത്തോടെ നടപ്പാക്കണം. അതിഥി തൊഴിലാളികള്‍ തിങ്ങി പാര്‍ക്കുന്ന പ്രദേശങ്ങളില്‍ രോഗം വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ രോഗലക്ഷണമുള്ളവരെ ആര് റ്റി പിസിആര്‍ ടെസ്റ്റിന് വിധേയരാക്കുന്നതിന് നടപടിയെടുക്കണം. ലേബര്‍ ക്യാമ്പുകളില്‍ രോഗം സ്ഥിരീകരിക്കുകയാണെങ്കില്‍ പ്രദേശം ക്ലസ്റ്ററുകളായി തിരിച്ച് കര്‍ശന നിരീക്ഷണവും ബോധവത്കരണ പ്രവര്‍ത്തനങ്ങളും നടത്തണം. രോഗം പകരാന്‍ സാധ്യതയുള്ള പ്രത്യേക വിഭാഗങ്ങളുടെ സംരക്ഷണവും സുരക്ഷയും ഉറപ്പ് വരുത്തുന്നതിന് മുന്‍ഗണന നല്‍കണം. കോവിഡ് പ്രോട്ടോകോള്‍ നടപ്പാക്കുന്നതിന് സെക്ടറല്‍ മജിസ്ട്രേറ്റുമാരുടെയും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെയും ആശാവര്‍ക്കര്‍മാരുടെയും പോലീസിന്റെയും സഹായത്തോടെ ബോധവത്കരണം നടത്തണം.
ഗ്രമപഞ്ചായത്തുകള്‍ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് പി.എച്ച്.സി/ സി.എച്ച്.സി കളില്‍ നിന്ന് ശേഖരിച്ച് ജാഗ്രത പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്യണം. ഇതിന്റെ ആധികാരികത സെക്രട്ടറിമാര്‍ ഉറപ്പ് വരുത്തണം. രോഗ വ്യാപനം കൂടുന്ന പ്രദേശങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സഹായത്തോടെ ജിയോമാപ്പിംഗ് നടത്തി രോഗ പ്രതിരോധത്തിന് കമ്മറ്റികള്‍ പ്രത്യേക ക്രമീകരണം ഒരുക്കണം. ജനസാന്ദ്രത കൂടുതലുള്ള മേഖലകളില്‍ രോഗം സ്ഥിരീകരിക്കുന്നവരെ സി.എഫ്.എല്‍.ടി.സി കളിലേക്കോ കോവിഡ് ആശുപത്രികളിലേക്കോ മാറ്റുന്നതിന് നടപടി സ്വീകരിക്കണം. പ്രദേശവാസികളെ ഉള്‍പ്പെടുത്തി വാര്‍ഡുതല കമ്മറ്റികള്‍ സാമൂഹ്യ മാധ്യമ കൂട്ടായ്മക്ക് രൂപം നല്കി മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങളും അറിയിപ്പുകളും നല്‍കണം.