കേരളത്തിനും ഗുജറാത്തിനും പിന്നാലെ കോവിഡ് രോഗത്തിനും കാരണമായ സാര്‍സ് കോവ് 2 വൈറസിന് ബംഗാളിലും ജനിതകമാറ്റം സംഭവിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. വൈറസിന്റെ സ്പൈക്ക് പ്രോട്ടീനിലെ എസ്2 ഡൊമെയ്നിലാണ് ജനിതകമാറ്റം സംഭവിച്ചിരിക്കുന്നത്. കേരളം, ഗുജറാത്ത് സംസ്ഥാനങ്ങളില്‍നിന്നും ചൈനയിലെ വുഹാനില്‍നിന്നും ശേഖരിച്ച സാംപിളുകളുമായി താരതമ്യം ചെയ്തപ്പോഴാണ് വ്യതിയാനം കണ്ടെത്തിയത്.
സ്പൈക്ക് പ്രോട്ടീനിന്റെ എസ്1 ഡൊമെയ്നിലും വ്യതിയാനം കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇതിന് ഗുജറാത്തില്‍ കണ്ടവയുമായി സാമ്യമുണ്ട്. വൈറസ് ഒരാളില്‍ പ്രവേശിക്കുമ്പോള്‍ അയാളുടെ കോശങ്ങളിലാണ് എസ് 1 പറ്റിപ്പിടിക്കുന്നത്. എന്നാല്‍ എസ് 2 ശ്രേണിയില്‍പ്പെട്ടവ വൈറസും കോശവും തമ്മിലുള്ള സംയോജനത്തിന് മധ്യസ്ഥത വഹിക്കുകയാണ് ചെയ്യുന്നത്, ആഗോളതലത്തില്‍ പ്രോട്ടീന്‍ സ്വീക്വന്‍സിന്റെ തുറന്ന ഡേറ്റാബേസ് ആയ യൂണിപ്രോട്ട് കണ്‍സോര്‍ഷ്യം അറിയിച്ചു. എന്നാല്‍ ഈ ജനിതകവ്യതിയാനം നമ്മളെ എങ്ങനെ ബാധിക്കുമെന്നത് ഇപ്പോള്‍ പറയാനാകില്ലെന്നും സ്വതന്ത്രനിരീക്ഷകര്‍ വ്യക്തമാക്കുന്നു.
കൊല്‍ക്കത്തയിലെ സിഎസ്ഐആര്‍ ഇസ്റ്റിറ്റിയൂട്ട് ഓഫ് കെമിക്കല്‍ ബയോളജിയും ഗാസിയാബാദിലെ അക്കാദമി ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്നവേറ്റീവ് റിസര്‍ച്ച് (എസിഎസ്ഐആര്‍) സംയുക്തമായി ജനിതക വ്യതിയാനം സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്. ബംഗാളില്‍നിന്നുള്ള അഞ്ച് സീക്വന്‍സുകളാണ് ഗ്ലോബല്‍ ഇനീഷിയേറ്റീവ് ഓണ്‍ ഷെയറിങ് ഓള് ഇന്‍ഫ്ലുവന്‍സ ഡേറ്റയില്‍ (ജിഐഎസ്എഐഡി) ഏപ്രില്‍ 27ന് നിക്ഷേപിച്ചത്. ഇവ വുഹാനില്‍നിന്ന് ഐസലേറ്റ് ചെയ്ത വൈറസുമായി താരത്യമം ചെയ്യുകയായിരുന്നു
പുതിയ പരിസ്ഥിതിയില്‍ എത്തുമ്പോള്‍ വൈറസിന് അതുമായി ചേരുന്ന തരത്തില്‍ വ്യതിയാനം സംഭവിക്കും. എങ്കിലേ ആതിഥേയ ശരീരത്തില്‍ വൈറസിന് അതിജീവനം സാധ്യമാകൂ. ഇങ്ങനെ പലതരത്തില്‍ വ്യതിചലിക്കാന്‍ ശേഷിയുള്ളതിനാല്‍ വിവിധ മേഖലകളില്നിന്നുള്ളവയുടെ സ്വഭാവം പഠിക്കുകയും വിശാലമായ ജീനോം സീക്വന്‍സിങ് നടത്തുകയും ചെയ്യേണ്ടത് ആന്റിവൈറല്‍ തെറപ്പിക്കും വാക്സിന് കണ്ടെത്തേണ്ടതിനും അത്യാവശ്യമാണ്.
ബംഗാളില്‍ വൈറസിന് ജനിതക വ്യതിയാനം സംഭവിച്ചിരിക്കാമെന്നാണ് വ്യക്തമാകുന്നത്. ചില വ്യതിയാനങ്ങള്‍ പ്രധാനമാണ്. ചിലത് അപ്രധാനവും. ഇപ്പോള്‍ ഈ വ്യതിയാനം എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ചു പറയാനാകില്ല. ജനിതക വ്യതിയാനത്തിന്റെ ഹോട്സ്പോട്ടാണ് സ്പൈക്ക് പ്രോട്ടീന്‍. കൂടുതല്‍ പഠനങ്ങള്‍ നടത്തേണ്ടിയിരിക്കുന്നു. വൈറസ് ശരീരത്തില്‍ പ്രവേശിക്കുന്ന മാര്‍ഗം തന്നെ ചിലപ്പോള്‍ ചില ജനിതക വ്യതിയാനങ്ങള്‍ മാറ്റം വരുത്തിയേക്കാം.’ – എഐഐഎംഎസ് വൈറോളജി വിഭാഗം മുന്‍ മേധാവി ഡോ.ശോഭ ഭ്രൂര് പഠനത്തെക്കുറിച്ചു പറഞ്ഞു.
വുഹാനിലെ വൈറസിനോടു സാമ്യമുള്ളതാണ് കേരളത്തില്‍ കണ്ടെത്തിയ സീക്വന്‍സ്. ബാക്കിയുള്ളവ ഇറ്റലിയില്‍ കണ്ടവയോടു സാമ്യവും. എവിടെയാണ് സംഭവിക്കുന്നത് എന്നതിനെ ആശ്രയിച്ച്, ജനിതകവ്യതിയാനങ്ങള്‍ നിര്‍ണായകമാണ്. ആര്‍എന്‍എയുടെ റിസപ്റ്റര്‍ ബൈന്‍ഡിങ് മേഖലയിലാണ് വ്യതിയാനം സംഭവിക്കുന്നതെങ്ങില് അതു വളരെ പ്രധാനപ്പെട്ടതാണ്. വ്യാപകമായ പഠനങ്ങള്‍ നടത്തിയാലേ ഇതേക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാകൂ. എന്നാല്‍ സാര്‍സ് കോവ് 2 വൈറസിന് അത്ര വലിയ തോതിലല്ല ജനിതക വ്യതിയാനം സംഭവിക്കുന്നത്’ – അവര്‍ കൂട്ടിച്ചേര്‍ത്തു.
ഒരു വാക്സിന് കണ്ടെത്തിയാല്‍ ആഗോള തലത്തില്‍ എല്ലാ സാര്‍സ് കോവ് 2 വൈറസുകള്‍ക്കെതിരെ ഉപയോഗപ്രദമാകാനും ആകാതിരിക്കാനും സാധ്യതയുണ്ട്. വിശദമായ പഠനങ്ങള്‍ നടത്തേണ്ടിയിരിക്കുന്നു. മീസില്‍സ്, പോളിയോ, ജാപ്പനീസ് എന്‍സെഫാലിറ്റിസ് തുടങ്ങിയവയുടെ വ്യതിയാനം സംഭവിച്ച വൈറസുകളെ നേരിടാന്‍ ഒരേയൊരു വാക്സിന് കൊണ്ട് സാധിച്ചിരുന്നു. എന്നാല്‍ എച്ച്ഐവിക്ക് ഇതു നടന്നില്ല. ഇന്‍ഫ്ലുവന്‍സയ്ക്കും ഒരേയൊരു വാക്സിന് എന്നത് ഫലപ്രദമായില്ല. സാര്‍സ് കോവ് 2 വൈറസിന്റെ മ്യൂട്ടേഷനുകള്‍ സ്പൈക് ഗ്ലൈക്കോപ്രോട്ടീനിന്റെ നിര്‍ണായക ഭാഗത്തെ ബാധിക്കാന്‍ സാധ്യതയില്ല. അതുകൊണ്ട് ഇപ്പോഴത്തെ നിലയില്‍ ഒരു വാക്സിന് കൊണ്ട് എല്ലാവരെയും സംരക്ഷിക്കാന്‍ സാധിച്ചേക്കും’ – വെല്ലൂര്‍ സിഎംസിയിലെ വൈറോളി വിഭാഗം മുന്‍ മേധാവിയും പ്രഫസര്‍ എമിററ്റസുമായ ഡോ.ടി. ജേക്കബ് ജോണ്‍ പറഞ്ഞു.
in HEALTH, kovid-19 news