വിദ്യാഭ്യാസരംഗം പ്രതിസന്ധിയില്‍
കോവിഡ് 19 വൈറസ് വ്യാപനം മനുഷ്യര്‍ തീര്‍ത്തുവച്ച ജീവിതക്രമങ്ങളെ ആകെ അട്ടിമറിച്ചുകൊണ്ടിരിക്കുകയാണ്. ഈ പ്രതിസന്ധി ഏറ്റവും കൂടുതല്‍ പ്രത്യാഘാതം സൃഷ്ടിക്കുന്നത് വിദ്യാഭ്യാസ രംഗത്തായിരിക്കുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. നഴ്സറി മുതല്‍ പ്രൈമറി ഘട്ടത്തില്‍ വികസിച്ചു തുടങ്ങുന്ന വിദ്യാഭ്യാസ പരിശീലനമാണ് കുട്ടികളില്‍ പഠനത്തിനുള്ള അടിസ്ഥാനശില ഒരുക്കുന്നത്. എന്നാല്‍ സ്കൂള്‍ കാലത്തെ ചിട്ടവട്ടങ്ങളൊക്കെയും കാറ്റില്പറത്തിയിരിക്കയാണ് ലോക്ഡൗണ്‍ കാലം.
സ്കൂളിലെത്തി കൃത്യമായ ചിട്ടകള്‍ക്കൊത്ത് രൂപപ്പെട്ടു തുടങ്ങുന്ന വിദ്യാഭ്യാസ ശീലങ്ങള്‍ കുഞ്ഞുകുട്ടികളില്‍ നിന്നും മാറ്റപ്പെട്ടുപോകുകയാണ്. കൃത്യമായി ഉണര്‍ന്നെണീക്കുന്ന ശീലംപോലും കുട്ടികളില്‍ നിന്നും അകന്നുപോയതായി രക്ഷിതാക്കള്‍ സാക്ഷ്യപ്പെടുത്തുന്നു. ഈ കൊറോണാക്കാലം അവരുടെ ഇനിയുള്ള തുടര്‍ പഠനശീലങ്ങളില് വലിയ സ്വാധീനം ചെലുത്തുമെന്നുറപ്പാണ്.
എന്നാല്‍ ഇത്രയും കാലം ചിട്ടവട്ടങ്ങള്‍ക്കൊത്ത് പഠനം നടത്തി വന്ന ലക്ഷക്കണക്കിന് ഹൈസ്കൂള്‍ -കോളജ് തല വിദ്യാര്‍ത്ഥികളെല്ലാം തന്നെ കടുത്ത മാനസികപ്രയാസത്തിലാണ്. തങ്ങളുടെ ഉപരിപഠനം, പരീക്ഷകള്‍, ഭാവി തുടങ്ങിയവയെക്കുറിച്ചെല്ലാം ഈ വിദ്യാര്‍ത്ഥികള്‍ ആശങ്കാകുലരാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ലഖ്നൗവിലെ കെജിഎംയു സെക്യാട്രി ഡിപ്പാര്‍ട്ടുമെന്റും കിംഗ് ജോര്‍ജ്ജ് മെഡിക്കല്‍ യൂണിവേഴ്സിറ്റി എന്നിവ നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ തെളിഞ്ഞത്.
സ്കൂളുകളും കോളേജുകളുമെല്ലാം പൂട്ടിയിടപ്പെട്ടതോടെ ലോകത്തെ വിദ്യാര്‍ത്ഥി ജനസംഖ്യയുടെ 91% ത്തിലധികം പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. സ്കൂളിന്റെ ഘടനാപരമായ ക്രമീകരണത്തിന്റെ അഭാവം, പതിവു പഠനരീതികളില്‍ നിന്നുള്ള മാറ്റം, വിരസത എന്നിവ ഭൂരിപക്ഷം കുട്ടികളെയും ബാധിച്ചിട്ടുണ്ട്. സുഹൃത്തുക്കളെ കാണാത്തതും സ്കൂള്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്പ്പെടാനാകാത്തതും കുട്ടികളുടെ മാനസികസംഘര്‍ഷം വര്‍ദ്ധിപ്പിച്ചതായും പഠനത്തില്‍ തെളിഞ്ഞു.
പരീക്ഷകള്‍ റദ്ദാക്കല്‍, എക്സ്ചേഞ്ച് പ്രോഗ്രാമുകള്‍, അക്കാദമിക് ഇവന്റുകള്‍ എന്നിവയെക്കുറിച്ച് കൗമാരക്കാരും യുവതീ-യുവാക്കളും ഉത്കണ്ഠാകുലരാണെന്ന് മറ്റൊരു പഠനം കണ്ടെത്തി.
നിലവിലെ സാഹചര്യങ്ങളില്‍, സ്കൂളും കോളേജുകളും പൂര്‍ണ്ണമായി അടച്ചുപൂട്ടുന്നത് ദീര്‍ഘകാലത്തേക്ക് ആവശ്യമാണോയെന്നതില്‍ ഒരു രാജ്യത്തിനും നിര്‍ണ്ണായക തീരുമാനമെടുക്കാനായിട്ടില്ലെന്നതും വിദ്യാഭ്യാസ രംഗത്തെ പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു.