പ്രസവശസ്ത്രക്രിയകളില്‍ നല്കുന്ന ജനറല്‍ അനസ്തീഷ്യ പ്രസാവനന്തരവിഷാദം വര്ധിക്കുന്നതിനുകാരണമാകുന്നതായി പഠനം.
ജനറല്‍ അനസ്തീഷ്യ പ്രസവാനന്തരമുണ്ടാകുന്ന വിഷാദം 54 ശതമാനം വര്‍ധിപ്പിക്കുന്നുവെന്നും ഇത്തരക്കാരില്‍ ആത്മഹത്യാപ്രവണത, സ്വയം പരിക്കേല്പ്പിക്കുന്ന അവസ്ഥ എന്നിവയ്ക്കിടയാക്കുന്നുവെന്നും പഠനം പറയുന്നു.
കൊളംബിയയിലെ മെയ്ല്‍മാന്‍ സ്ക്കൂള് ഓഫ് പബ്ലിക് ഹെല്‍ത്തും ഇര്വിന് മെഡിക്കല്‍ സെന്ററും ചേര്‍ന്നാണ് പഠനം നടത്തിയത്. പ്രസവശസ്ത്രക്രിയകളില്‍ ലോക്കല്‍ അനസ്തീഷ്യയും ജനറല്‍ അനസ്തീഷ്യയും നല്‍കിയവരുടെ മാനസികരോഗ്യം താരതമ്യപ്പെടുത്തിയായിരുന്നു പഠനം.
യു.എസില്‍ പ്രവസവാനന്തരവിഷാദം 15 വര്‍ഷത്തിനിടെ ഏഴിരട്ടിയാണെന്നും 5.5 ലക്ഷം കേസുകള്‍ ഓരോവര്‍ഷവും പുതുതായി റിപ്പോര്‍ട്ട് ചെയ്യുന്നുവെന്നും പഠനം പറയുന്നു. ഏഴുസ്ത്രീകളില് ഒരാളെ അത് ബാധിക്കുന്നുമുണ്ട്. അമ്മയും കുഞ്ഞും തമ്മിലുള്ള സ്പര്ശനബന്ധവും മുലയൂട്ടലും വൈകുന്നതിനും ശക്തമായ പ്രസവാനന്തരവേദനയ്ക്കും ജനറല്‍ അനസ്തീഷ്യ വഴിവെക്കുന്നതായി പഠനങ്ങള്‍ക്ക് നേതൃത്വം നല്കിയ കൊളംബിയന്‍ മെയ്ല്‍മാന്‍ സ്കൂളിലെ അനസ്തീഷ്യ സാംക്രമിക രോഗവിഭാഗത്തിന്റെ തലവന്‍ ജീന്‍ ഗുയിയെല്മിനോട്ടി പറഞ്ഞു.
സിസേറിയന് പ്രസവങ്ങളില്‍ ജനറല്‍ അനസ്തീഷ്യയുടെ ഉപയോഗം അടിയന്തരസാഹചര്യത്തില്‍ മാത്രമാക്കണമെന്നും ഇത്തക്കാരില്‍ മാനസികാരോഗ്യ പരിശോധനകള്‍ നടത്താനും കൗണ്‍സിലിംഗ് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ഉറപ്പുവരുത്താനും പഠനം നിര്‍ദ്ദേശിക്കുന്നു. അനസ്തീഷ്യ ആന്‍ഡ് അനല്‍ജേഷ്യ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.