ജില്ലാ ജയിലില്‍ കൂടത്തായി കൊലക്കേസ് പ്രതി ജോളി ജോസഫിനെ നിരീക്ഷിക്കാന്‍ മാത്രം രണ്ടു ജീവനക്കാരെ ചുമതലപ്പെടുത്തിയിരുന്നു. രണ്ടു സെല്ലുകളിലെ രാത്രികാവലിനായി ഒരു ജീവനക്കാരിയെയാണ് നിയോഗിക്കുക. എന്നാല്‍ സെല്ലില്‍ ജോളിയുള്ളതിനാല് രാത്രി കാവലിനു മൂന്നു പേരുണ്ടായിരുന്നു. രാത്രി രണ്ടുമണിക്കൂര്‍ ഇടവിട്ടു ഇവര്‍ സെല്ലിനു കാവലിരുന്നു. ജോളിയുടെ കിടപ്പിലെ അസ്വാഭാവികത ജയില്‍ ജീവനക്കാരിയുടെ ശ്രദ്ധയില്‍ പെട്ടതാണ് ആത്മഹത്യാശ്രമം തിരിച്ചറിയാനും ജോളിയെ ഉടന്‍ ആശുപത്രിയിലെത്തിക്കാനും സഹായിച്ചത്. പുലര്‍ച്ചെ ജോളിയുടെ കിടപ്പില്‍ അസ്വാഭാവികത തോന്നിയ ജയില്‍ വാര്ഡന് പരിശോധിച്ചപ്പോഴാണ് മുറിവ് ശ്രദ്ധയില്‍ പെട്ടത്. കൈ പുതപ്പില്‍ പൊതിഞ്ഞുവച്ചിരുന്നു. ജോളി കഴിഞ്ഞിരുന്ന സെല്ലില്‍ നിന്നു മൂര്‍ച്ചയുള്ള വസ്തുക്കള്‍ ഒന്നും കണ്ടെത്താനായില്ലെന്നു ജയില്‍ അധികൃതര്‍ പറയുന്നു. ശുചിമുറിയിലെ ഭിത്തിയിലെ ടൈലിന്റെ കൂര്‍ത്ത അഗ്രങ്ങളില്‍ ഉരച്ച് മുറിവുണ്ടാക്കാനുള്ള സാധ്യതയാണ് ജയില്‍ അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നത്. ഭിത്തിയിലെ ടൈലിന്റെ വക്കില്‍ ഉരച്ചും കടിച്ചുമാണു ഞരമ്പില്‍ മുറിവുണ്ടാക്കിയതെന്നാണ് ജോളി ഡോക്ടര്‍ക്കു നല്കിയ മൊഴി.
ഒരിഞ്ച് നീളത്തിലും കാല് ഇഞ്ച് ആഴത്തിലുമുള്ള മുറിവ് ഗുരുതരമല്ലെന്നും ജോളി അപകടനില തരണം ചെയ്തതായും ആശുപത്രി അധികൃതര്‍ അറിയിച്ചു. പ്ലാസ്റ്റിക് സര്‍ജറിക്കുശേഷം ജോളിയെ വാര്‍ഡിലേക്കു മാറ്റി. സംഭവത്തില്‍ ഉത്തരമേഖലാ ജയില്‍ ഡിഐജി അന്വേഷണം നടത്തി റിപ്പോര്‍ട്ട് ജയില്‍ ഡിജിപിക്കു സമര്‍പ്പിച്ചു. ജയില്‍ ഡിജിപി ഋഷിരാജ് സിങ് ഉത്തരവിട്ടതനുസരിച്ചാണു ഡിഐജി ഇന്നലെ ജില്ലാ ജയിലിലെത്തി അന്വേഷണം നടത്തിയത്. ജയിലില്‍ ജോളിയുടെ സുരക്ഷ വര്‍ധിപ്പിക്കാനുള്ള നിര്‍ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ട്. സെല്ലില്‍ സിസിടിവി ക്യാമറ സ്ഥാപിച്ച് വനിതാ ഉദ്യോഗസ്ഥയ്ക്ക് ദൃശ്യങ്ങള്‍ പരിശോധിക്കാനുള്ള ചുമതല നല്‍കണമെന്ന നിര്‍ദേശവും റിപ്പോര്‍ട്ടിലുണ്ട്.
കൂടത്തായി റോയ് തോമസ് വധക്കേസില്‍ ജോളി ജോസഫിന്റെ ജാമ്യഹര്‍ജിയില്‍ സെഷന്‍സ് കോടതിയില്‍ വാദം നടക്കുമ്പോള്‍ ജോളി ജയിലിനു പുറത്തിറങ്ങുന്നത് അവരുടെ ജീവനു ഭീഷണിയാണെന്നും പുറത്തിറങ്ങിയാല്‍ ജോളി ആത്മഹത്യ െചയ്യാനുള്ള സാധ്യതയുണ്ടെന്നും സ്പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. എന്‍.കെ.ഉണ്ണിക്കൃഷ്ണന് ചൂണ്ടിക്കാട്ടിയിരുന്നു. പ്രോസിക്യൂഷന്റ വാദം ശരിവയ്ക്കുന്ന സംഭവമാണു കഴിഞ്ഞ ദിവസം ജയിലിലുണ്ടായത്. ജയിലില്‍ ജോളിയുടെ സുരക്ഷ വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ആത്മഹത്യാശ്രമം വിരല്‍ചൂണ്ടുന്നത്.
അതേ സമയം മറ്റുകേസുകളിലും ജോളിയുടെ ജാമ്യാപേക്ഷ എതിര്‍ക്കാനുള്ള പ്രധാന കാരണമായി ഈ ആത്മഹത്യാശ്രമം മാറും. ജോളിയെ സമ്മര്‍ദത്തിലാക്കി ആത്മഹത്യ ചെയ്യിപ്പിക്കാന്‍ ശ്രമമുണ്ടെന്നു പ്രതിഭാഗം അഭിഭാഷകന് അഡ്വ.ബി.എ.ആളൂരും ആരോപിച്ചിരുന്നു. തന്റെ വക്കാലത്ത് ഒഴിവാക്കാന്‍ പലരും ജയിലിലെത്തി ജോളിയോട് ആവശ്യപ്പെടുന്നുണ്ടെന്നും ആളൂര്‍ ആരോപിച്ചിരുന്നു