കൊച്ചി നഗരത്തില്‍ ഡെങ്കിപ്പനി പടര്‍ന്നു പിടിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ആഴ്ചയില്‍ കൊച്ചിന് കോര്പറേഷന് പരിധിയില്‍ മാത്രം 222 ഡെങ്കിപ്പനി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതു. പനി, ജലദോഷം, ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ എന്നിവ ജില്ലയില്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ ഇത്തരം രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ജാഗ്രത പുലര്‍ത്തേണ്ടതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.
ഈഡിസ് കൊതുകുകള്‍ വഴിയാണ് ഡെങ്കിപ്പനി മനുഷ്യരിലേക്ക് പകരുന്നത്. കടുത്ത പനി, കടുത്ത തലവേദന, സന്ധികളിലും പേശികളിലും വേദന, ക്ഷീണം എന്നിവ ഡെങ്കിപ്പനിയുടെ പ്രധാനപ്പെട്ട ലക്ഷണങ്ങളാണ്. ആദ്യം തന്നെ ചികിത്സ തേടിയില്ലെങ്കില്‍ ഡെങ്കിപ്പനി ഗുരുതരമാകുകയും ജീവന്‍വരെ നഷ്ടമാകുകയും ചെയ്യാം.
ഡെങ്കിപ്പനി തടയാന്‍ കൃത്യമായ മാര്‍ഗമില്ലെങ്കിലും അനുയോജ്യമായ ജീവിതശൈലിയില്‍ മാറ്റം വരുത്തിയാല്‍ രോഗവാഹകരിലൂടെ പകരുന്ന രോഗങ്ങളുടെ സാധ്യത കുറയ്ക്കാനാകും. കൊതുക് കടി തടയുന്നത് മുതല്‍ ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതും പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതും വരെ, രോഗത്തെ അകറ്റാനുള്ള പ്രധാന നടപടികള്‍ വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു.
എങ്ങനെ പ്രതിരോധിക്കാം
കൊതുക് പെരുകുന്ന സ്ഥലങ്ങള്‍ (ടയര്‍, പ്ലാസ്റ്റിക് കവറുകള്‍, പൂച്ചട്ടികള്‍, വളര്‍ത്തുമൃഗങ്ങളുടെ വെള്ളം പാത്രങ്ങള്‍ മുതലായവയില്‍ കെട്ടിക്കിടക്കുന്ന വെള്ളം) വാതിലുകളും ജനലുകളും അടച്ച് സൂക്ഷിക്കുക വഴി കൊതുക് കടി ഒഴിവാക്കി ഡെങ്കിപ്പനി പിടിപെടുന്നത് തടയാന്‍ കഴിയും.
നിങ്ങളുടെ വീടിന് പരിസരത്ത് കൂടുതല്‍ കൊതുകുകള്‍ ഉണ്ടെങ്കില്‍ കൊതുകുനിവാരണ മരുന്ന് ഉപയോഗിക്കുക. അതേസമയം കുട്ടികളും മറ്റും ഇവ എടുക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടതാണ്. മറ്റൊന്ന്, കൊതുക് കടിയേല്‍ക്കാതിരിക്കാന്‍ ഫുള്‍സ്ലീവ് ഷര്‍ട്ടുകള്‍, പാന്റ്സ്, സോക്സ് തുടങ്ങിയവ ധരിക്കാവുന്നതാണ്.
കൃത്യമായ ശ്രദ്ധയുണ്ടെങ്കില്‍ ഡെങ്കിപ്പനി രോഗവ്യാപനം തടയാന്‍ സാധിക്കും. ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ചികിത്സ തേടണം. സ്വയം ചികിത്സ പാടില്ല. നിര്‍ജ്ജലീകരണം ഒഴിവാക്കാന്‍ ധാരാളം വെള്ളം കുടിക്കുക. ആരോ?ഗ്യകരമായ ഭക്ഷണങ്ങള്‍ ശീലമാക്കുക.