ഡോക്ടര്‍ നല്കുന്ന കുറിപ്പടിയില്ലാതെ മരുന്നുകള്‍ നല്കിയാല് മെഡിക്കല്‍ സ്റ്റോറുകള്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്കി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. കോവിഡ് 19 രോഗത്തിന്റെ പശ്ചാത്തലത്തില്‍ ഏതാനും മെഡിക്കല്‍ സ്റ്റോറുകള്‍ ഡോക്ടറുടെ കുറിപ്പില്ലാതെ ജലദോഷം, തൊണ്ടവേദന,പനി, ചുമ എന്നീ അസുഖങ്ങള്‍ക്ക് മരുന്നുകള്‍ മരുന്നുകള്‍ വിതരണം ചെയ്യുന്നുണ്ടെന്ന പരാതിയെ തുടര്‍ന്നാണ് ആരോഗ്യമന്ത്രിയുടെ മുന്നറിയിപ്പ്.
ഡോക്ടര്‍മാര്‍ നല്കുന്ന നിര്‍ദേശങ്ങള്‍ അനുസരിച്ചല്ലാതെ മരുന്നുകള്‍ കഴിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കും.ഇങ്ങനെ ചെയ്യുന്ന മരുന്ന് വ്യാപാരികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതിനായി ഡ്രഗ്സ് കണ്‍ട്രോളര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മന്ത്രി ഷൈലജ വ്യക്തമാക്കി. ഓണ്‍ലൈനിലൂടെ മരുന്നുകള്‍ വില്‍പ്പന ചെയ്യുന്നത് നിയന്ത്രിക്കണമെന്ന് ആരോഗ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഇക്കാര്യത്തില്‍ കേന്ദ്രത്തിന്റെ ഇടപെടല്‍ ഉണ്ടാകേണ്ടത് ആവശ്യമാണെന്നും ഇതില്‍ സംസ്ഥാന സര്‍ക്കാരിന് മാത്രമായി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഡോക്ടറുടെ നിര്‍ദ്ദേശമില്ലാതെ ഓണ്‍ലൈന്‍ വഴി നിയാവിരുദ്ധമായി മരുന്നുകള്‍ വിറ്റഴിക്കുന്നത് അടുത്തിടെ വാര്‍ത്തയായിരുന്നു. ഇതിനു പിറകെയാണ് ആരോഗ്യമന്ത്രി ഇത്തരത്തില്‍ ഒരു മുന്നറിയിപ്പ് നല്‍കിയത്.