ദക്ഷിണേന്ത്യയിലെ മയക്കുമരുന്നു വിതരണഹബ്ബായി കേന്ദ്രമായി കേരളം മാറുന്നതായി റിപ്പോര്‍ട്ട്. യുവാക്കളുടെ ഇടയിലും സിനിമാ മേഖലയിലും ലഹരി ഉപയോഗം കൂടുന്നതായാണ് ഈ അടുത്തിടെയുണ്ടായ വാര്‍ത്തകളില്‍ നിന്ന് മനസിലാകുന്നത്. ലഹരി മരുന്നുകളുടെ ഉപയോഗം തടയാന്‍ ഋഷിരാജ് സിങ്ങ് എക്സൈസ് കമ്മിഷണര്‍ ആയിരിക്കേ നിരവധി നടപടികള്‍ സ്വീകരിച്ചെങ്കിലും തുടര്‍ന്ന അദ്ദേഹത്തെ മാറ്റി അത് അട്ടിമറിക്കുകയായിരുന്നു. എക്സൈസില്‍ മിനിസ്റ്റീരിയല്‍ വിഭാഗം രൂപീകരിക്കുന്നതുള്‍പ്പെടെ വിശദമായ പരിഷ്കാരങ്ങള്‍ നിര്‍ദേശിച്ചതാണെങ്കിലും റിപ്പോര്‍ട്ട് രണ്ടുവര്‍ഷമായി പൊടിപിടിച്ചുകിടക്കുകയാണ്. സംസ്ഥാനത്തു ലഹരിവ്യാപാരം നിര്‍ബാധം തുടരുമ്പോള്‍ ഇവ പിടികൂടുന്നതില്‍ പരിശീലനം ലഭിച്ച എക്സൈസ് ഉദ്യോഗസ്ഥര്‍ മറ്റ് ഓഫീസ് ജോലികളില്‍ തളച്ചിടുന്നുവെന്നാണ് ആരോപണം ഉയരുന്നത്.
കഴിഞ്ഞ് ഏതാനും മാസങ്ങളായി സംസ്ഥാനത്ത് വന്‍തോതിലാണ് മയക്കുമരുന്നു വേട്ട നടന്നത്. തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള ജില്ലകളില്‍നിന്നു കിലോക്കണക്കിന് കഞ്ചാവ് പിടികൂടി. ഇത് സംസ്ഥാനത്തുനടക്കുന്ന മയക്കുമരുന്ന് വിപണനത്തിന്റെ ഒരു ചെറിയശതമാനം മാത്രമാണ്.
മയക്കുമരുന്ന്, വ്യാജമദ്യവേട്ടയില്‍ പ്രത്യേകപരിശീലനം ലഭിച്ച എക്സൈസ് ഉദ്യോഗസ്ഥര്‍ എല്‍.ഡി. ക്ലാര്‍ക്കുമാരുടെ ജോലിയാണ് ചെയ്യുന്നത്. 26 സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍, 44 എക്സൈസ് ഇന്‍സ്പെക്ടര്‍മാര്‍, 156 പ്രിവന്റീവ് ഓഫീസര്‍മാര്‍, 22 സി.ഇ.ഒമാര്‍ ഉള്‍പ്പെടെ 248 പേര് മിനിസ്റ്റീരിയല്‍ ജോലിയിലാണിപ്പോള്‍.
പോലീസ് വകുപ്പിലുള്‍പ്പെടെ മിനിസ്റ്റീരിയല്‍ ജോലിക്ക് പ്രത്യേകവിഭാഗം ഉള്ളപ്പോഴാണ് എക്സൈസ് വകുപ്പിനോട് ഈ അവഗണന. ഇതുമറികടക്കുന്നതിനാണ് വകുപ്പിലെ ജീവനക്കാരുടെ ഘടന പരിഷ്കരിക്കാന്‍ ഋഷിരാജ്സിംഗ് 2018 ഏപ്രില്‍ 17ന് വിശദ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചത്.
മിനിസ്റ്റീരിയല്‍ ജോലിയാണ് ചെയ്യുന്നതെങ്കിലും ഫീല്‍ഡ് ഉദ്യോഗസ്ഥരുടെ ശമ്പളമാണ് ഇവര്‍ക്കുനല്‍കുന്നത്. പ്രതിമാസം 79,25,052 രൂപയാണ് ശമ്പള ഇനത്തില്‍ നല്‍കേണ്ടിവരുന്നത്. മിനിസ്റ്റീരിയല്‍ വിഭാഗം ഉണ്ടാക്കിയാല്‍ അടിസ്ഥാനശമ്പളത്തിലും ഡി.എയിലും ഉണ്ടാകുന്ന കുറവുമൂലം പ്രതിമാസം 64,36,896 രൂപയേ പ്രതിമാസം ശമ്പളം നല്‍കേണ്ടിവരു. ഈ ഇനത്തില്‍ പ്രതിമാസം 14,88,156 രൂപയും പ്രതിവര്‍ഷം 1,78,57,872 രൂപയും ലാഭിക്കാന്‍ കഴിയും. വകുപ്പിന് വേണ്ടത്ര അംഗബലമില്ലാത്തത് പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്.
in Editor's Picks, FEATURES, LIFE