ജനതാ കര്‍ഫ്യൂവിനു പിന്നാലെ നിയന്ത്രണം കടുപ്പിച്ച് കേരളം. രാത്രി ഒന്‍പതു മണിക്കു ശേഷവും പുറത്തിറങ്ങരുതെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. എന്നാല്‍ സംസ്ഥാനത്ത് കോവിഡ് 19 സ്ഥിരീകരിച്ച 7 ജില്ലകള്‍ പൂര്‍ണമായി അടച്ചിടാന്‍ തീരുമാനിച്ചുവെന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് സമൂഹമാധ്യമത്തില്‍ കുറിച്ചു. കേരളത്തിലെ 7 ജില്ലകളിലും പുതുതായി ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല. എന്നാല്‍ നേരത്തേ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുമുണ്ട്. കാസര്‍കോഡ് ജില്ലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ആ ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.
പത്തനംതിട്ട, കാസര്‍കോട്, എറണാകുളം, കോട്ടയം, തിരുവനന്തപുരം, മലപ്പുറം, കണ്ണൂര്‍, ഇടുക്കി, പാലക്കാട് ജില്ലകള്‍ കേരളത്തില്‍ അടയ്ക്കുമെന്നു നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചീഫ് സെക്രട്ടറി ടോം ജോസ് ഇക്കാര്യം മാധ്യമങ്ങളോട് സ്ഥിരീകരിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണു മുഖ്യമന്ത്രി വിശദീകരണക്കുറിപ്പിറക്കിയത്. ഇന്ത്യയില്‍ കോവിഡ് സ്ഥിരീകരിച്ച 75 ജില്ലകള്‍ അടച്ചിടണമെന്ന് കേന്ദ്ര ഉന്നതസമിതിയോഗം നിര്‍ദേശിച്ചിരുന്നു. കേരളത്തില്‍ 7 ജില്ലകളാണ് ആ പട്ടികയിലുണ്ടായിരുന്നത്.
ഭക്ഷ്യസാധനങ്ങള്‍ വില്ക്കുന്നതിനു തടസ്സമില്ലെന്നു റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന് പറഞ്ഞു. സംസ്ഥാനത്തെ എല്ലാ ട്രെയിന്‍ സര്‍വീസുകളും ഇന്ന് രാത്രി മുതല്‍ നിര്‍ത്തലാക്കി. ദൂരയാത്രകള് ഒഴിവാക്കണമെന്നു നിര്‍ദേശമുണ്ട്. എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരും കാബിനറ്റ് സെക്രട്ടറിയും പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ജില്ലകള്‍ അടച്ചിടാനുള്ള തീരുമാനം. അവശ്യസര്‍വീസുകളല്ലാത്ത അന്തര്‍ സംസ്ഥാന യാത്രാ ബസുകളെല്ലാം മാര്‍ച്ച് 31 വരെ നിര്‍ത്തിവയ്ക്കും. 75 ജില്ലകളിലും അവശ്യ സര്‍വീസുകള്‍ മാത്രം മതിയെന്ന നിര്‍ദേശം ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരുകള്‍ക്കു നല്കുമെന്നു യോഗം അറിയിച്ചു.