in

നിശബ്ദതയില്‍ നീറണ്ട – അറിയാം സ്ത്രീജന്യമാനസിക രോഗങ്ങള്‍

Share this story

പൊതുവായ മാനസിക രോഗങ്ങളുടെ കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ വിഷാദരോഗം (Depressive disorder) ഉത്കണ്ഠ (Anxiety disorder) എന്നിവ പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് ധാരാളമായി കണ്ടു വരുന്നത്. ഒരു സ്ത്രീ അവളുടെ ജീവിതത്തില്‍ ജൈവപരമായ പല പ്രധാന നാഴിക കല്ലുകളിലൂടെ കടന്നുപോകുന്നുണ്ട്; ആര്‍ത്തവം, ഗര്‍ഭധാരണം, പ്രസവം, ആര്‍ത്തവ വിരാമം മുതലായ കാലഘട്ടങ്ങള്‍ സ്ത്രീ ശരീരത്തില്‍ ധാരാളം ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ ഉണ്ടാകുന്നു. ഇത്തരം കാലഘട്ടങ്ങളില്‍ അനുഭവപ്പെടുന്ന മാനസിക പിരിമുറുക്കങ്ങള്‍, ഉറക്കക്കുറവ് എന്നിവയോടൊപ്പം ഇത്തരം ഹോര്‍മോണ്‍ വ്യതിയാനങ്ങളും മാനസികരോഗ ലക്ഷണങ്ങള്‍ പ്രകടമാകാന്‍ സാധ്യതയുള്ള പല കാരണങ്ങളില്‍ ഒന്നായി മാറുന്നു. ജനിതകപരമായി മാനസികരോഗ സാധ്യതയുള്ള സ്ത്രീകളില്‍ ഈ അവസരങ്ങളിലൊക്കെയും മൂഡ് ഡിസോഡറോ സൈക്കോട്ടിക് ഡിസോഡറോ പോലുള്ള രോഗ ലക്ഷണങ്ങള്‍ കണ്ടു വരാറുണ്ട്.

ആര്‍ത്തവത്തിന് മുന്നോടിയായി സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും കണ്ടുവരാറുള്ള അമിതമായ വൈകാരിക വ്യതിയാനങ്ങള്‍, പെട്ടെന്ന് സങ്കടം, ദേഷ്യം, കരച്ചില്‍ ഒക്കെ മാറി മാറി വരിക, എപ്പോഴും ക്ഷീണം, വിഷാദം, ഉത്കണ്ഠ എന്നീ മാനസിക ലക്ഷണങ്ങള്‍ക്ക് പുറമേ തലവേദന, പേശി വേദന, സ്തനങ്ങളിലെ വേദന എന്നീ ശാരീരിക ലക്ഷണങ്ങളും കണ്ടുവരുന്നു. ഇത്തരം ബുദ്ധിമുട്ടുകള്‍ കാരണം ആര്‍ത്തവത്തോടനുബന്ധിച്ചുള്ള ആഴ്ചകളില്‍ സ്‌കൂളില്‍ പോകാന്‍ കഴിയാതിരിക്കുക, ജോലികള്‍ ചെയ്യാന്‍ പറ്റാത്ത അവസ്ഥ എന്നിങ്ങനെ ഉണ്ടെങ്കില്‍ യഥാസമയം ചികിത്സ തേടേണ്ടതാണ്.

500 മുതല്‍ 1000 ഡെലിവറികളില്‍ ഒരു അമ്മയ്ക്ക് എന്ന കണക്കില്‍ Postpartum mood എപ്പിസോഡുകള്‍ കണ്ടുവരുന്നു. പ്രസവശേഷം 6 ആഴ്ചകള്‍ക്കുള്ളില്‍ ലക്ഷണങ്ങള്‍ പ്രകടമാകുമെങ്കിലും ഗര്‍ഭിണിയായിരിക്കുന്ന അവസരത്തിലേ പല അമ്മമാര്‍ക്കും Mood symptoms ആരംഭിച്ചിട്ടുണ്ടാകാം.പ്രസവശേഷം കാണപ്പെടുന്ന ലഘുവായ മൂഡ് വ്യതിയാനങ്ങള്‍, അകാരണമായ ദുഃഖം, ഉറക്കക്കുറവ്, കുഞ്ഞ് ജനിച്ച സന്തോഷം അനുഭവിക്കാന്‍ കഴിയാത്ത അവസ്ഥ, കരച്ചില്‍ എന്നിങ്ങനെ ആരംഭിക്കുന്ന രോഗലക്ഷണങ്ങള്‍ കാലക്രമേണ തനിയെ മാറുന്നതാണ്,എങ്കിലും ഇത്തരം ലക്ഷണങ്ങള്‍ രണ്ടാഴ്ചയില്‍ അധികമായി കാണപ്പെടുന്നു എങ്കില്‍ Postpartum depression ആകാമെന്നും എത്രയും വേഗം സൈക്യാട്രിസ്റ്റിന്റെ സേവനം അനിവാര്യമാണെന്നും മനസ്സിലാക്കേണ്ടതാണ്.

മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ യഥാസമയം ചികിത്സിക്കാത്ത പക്ഷം കുഞ്ഞിന്റെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിലും മുലയൂട്ടുന്നതിലുമൊന്നും അമ്മയ്ക്ക് താല്പര്യം ഇല്ലാതാകുകയും, സ്വന്തം കാര്യങ്ങളില്‍ പോലും ശ്രദ്ധിക്കാന്‍ കഴിയാതെ വരികയും പതിയെ ആത്മഹത്യ ചിന്തകള്‍ ഉടലെടുക്കാനും സാധ്യതയുള്ളതാണ്. അതിനാല്‍ ചികില്‍സ വൈകാന്‍ പാടുള്ളതല്ല.മുന്‍കാലങ്ങളില്‍ Bipolar disorder, Psychotic disorder എന്നിവ വന്നിട്ടുള്ള സ്ത്രീകളില്‍ പ്രസവാനന്തര Mood episodes ന് ഉള്ള സാധ്യത വളരെ കൂടുതലാണ്. അതുപോലെ തന്നെ ഗര്‍ഭാവസ്ഥയിലും പ്രസവാനന്തരവും Mood disorder, Psychotic disorder എന്നിവ വന്നിട്ടുണ്ടെങ്കില്‍ ഭാവിയില്‍ Bipolar disorder വരാനുള്ള സാധ്യത ഉള്ളതായി മനസ്സിലാക്കേണ്ടതാണ്.

Postpartum Mood episodes വന്നിട്ടുള്ള സ്ത്രീകളില്‍ പിന്നീടുള്ള ഗര്‍ഭധാരണകളിലും രോഗ സാധ്യത 30 – 50% ആണെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.ഗര്‍ഭാവസ്ഥയിലും പ്രസവാനന്തരം 6 ആഴ്ചയ്ക്കുള്ളിലും ലക്ഷണങ്ങള്‍ പ്രകടമാകാം ഉറക്കമില്ലായ്മ, അകാരണമായ ഭയം, സംശയം, കുഞ്ഞു തന്റെതല്ലെന്ന തെറ്റായ ഉറച്ച വിശ്വാസം (Delusions), മിഥ്യാഭ്രമങ്ങള്‍ (Hallucinations) എന്നിവ. കുഞ്ഞിന്റെ കാര്യങ്ങള്‍ നോക്കുന്നതില്‍ നിന്നും മുലയൂട്ടുന്നതില്‍ നിന്നുമൊക്കെ അമ്മയെ പിന്തിരിപ്പിക്കുന്ന ഇത്തരം ബുദ്ധിമുട്ടുകള്‍ ചികിത്സ തേടാത്ത പക്ഷം കുഞ്ഞിനെ കൊലപ്പെടുത്തി, അമ്മ ആത്മഹത്യ ചെയ്യുന്ന തരത്തിലുള്ള വലിയ വിപത്തിലേക്ക് നയിക്കാം. ആയതിനാല്‍ യഥാസമയം ലക്ഷണങ്ങള്‍ മനസ്സിലാക്കി ചികിത്സ നേടേണ്ടതാണ്.മുന്‍കാലങ്ങളില്‍ മേല്‍പ്പറഞ്ഞ പോലുള്ള മാനസികരോഗങ്ങള്‍ അനുഭവിച്ചിട്ടുള്ള സ്ത്രീകള്‍ ഗര്‍ഭകാലത്ത് മാനസികാരോഗ്യം വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ഉറക്കക്കുറവോ, ഉത്കണ്ഠയോ, അകാരണമായ ഭയമോ ഉണ്ടെങ്കില്‍ മനോരോഗ വിദഗ്ധന്റെ സേവനം തേടേണ്ടതാണ്.

Dr. Sreelakshmi S.
Junior Consultant Psychiatry
SUT Hospital, Pattom

നമ്മുടെ പ്രായമല്ല നമ്മുടെ പല അവയവങ്ങള്‍ക്കും; ഈ സംഭവം അറിയാമോ

യൂറിനറി ഇന്‍ഫെക്ഷന്‍ സ്ഥിരമായി വരുന്നുണ്ടോ? എങ്കില്‍ ശ്രദ്ധിക്കണം