പലരും ഭയത്തോടെ കാണുന്ന ഒന്നാണ് കാര്യമായ ലക്ഷണങ്ങള്‍ ഒന്നുംതന്നെ പ്രകടിപ്പിക്കാതെ നിശ്ശബ്ദമായെത്തി ജീവനെടുക്കുന്ന ‘സൈലന്റ് ഹാര്‍ട്ട് അറ്റാക്ക്’. പലപ്പോഴും ഉറക്കത്തിലെ മരണത്തിന് പ്രധാന കാരണമായി സൈലന്റ് ഹാര്‍ട്ട് അറ്റാക്കിനെ പറയാറുണ്ട്. ഏറ്റവും ശക്തിയേറിയതും ഹാനികരവുമായ അറ്റാക്ക് ആണിത്. നെഞ്ചുവേദന അനുഭവപ്പെടാനുള്ള സമയമോ തങ്ങള്‍ അനുഭവിക്കുന്ന പ്രയാസം മറ്റൊരാളെ അറിയിക്കാനുമുള്ള സമയം പോലും സൈലന്റ് ഹാര്‍ട്ട് അറ്റാക്കില്‍ ലഭിക്കില്ല എന്നതും ഏറെ ഭയപ്പെടുത്തുന്ന ഒരു കാര്യം തന്നെയാണ്. നിശ്ശബ്ദമായി അപകടത്തിലാക്കുമെന്നതിനാല്‍ ‘നിശബ്ദഘാതകന്‍’ എന്നും ഇതിനെ വിശേഷിപ്പിക്കാറുണ്ട്. ‘സൈലന്റ് മയോകാര്‍ഡിയല്‍ ഇന്‍ഫാര്‍ക്ഷന്‍’ (എസ്എംഐ) എന്നും ഇതറിയപ്പെടുന്നു.
ലക്ഷണങ്ങള്‍ ഒന്നും തന്നെ പ്രകടമാകാതിരിക്കുക, ലക്ഷണങ്ങള്‍ ശ്രദ്ധിക്കും വിധം പ്രകടമാകാതിരിക്കുക, ലക്ഷണങ്ങള്‍ മറ്റ് ആരോഗ്യപ്രശ്നങ്ങളുടേതിന് സമാനമായി തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ പ്രകടിപ്പിക്കുക എന്നിവയെല്ലാം സൈലന്റ് ഹാര്‍ട്ട് അറ്റാക്കിന്റെ പ്രത്യേകതകളാണ്. നെഞ്ചുവേദന, കയ്യിലേക്ക് പടരുന്ന വേദന തുടങ്ങിയ ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങള്‍ കാണിക്കാതിരിക്കുക എന്നതാണ് സൈലന്റ് ഹാര്‍ട്ട് അറ്റാക്കിനെ കൂടുതല്‍ അപകടകരമാക്കുന്നത്. ലക്ഷണങ്ങള്‍ ഒന്നും കാണിക്കാതെ വരുമ്പോള്‍ അറ്റാക്ക് വരുന്നയാള്‍ക്ക് താന്‍ ആരോഗ്യകരമായി ബുദ്ധിമുട്ടിലാണെന്ന് തിരിച്ചറിയാതിരിക്കുകയും ഇത് ചികിത്സ ലഭ്യമാകുന്നത് വൈകുവാനും കാരണമാകുന്നു. ഇത് പിന്നീട് മരണത്തിലേക്കും എത്തിക്കുന്നു.
പ്രമേഹം, ബിപി , അമിതവണ്ണം, കൊളസ്ട്രോള്‍, പുകവലി തുടങ്ങിയ പ്രശ്നങ്ങളാണ് ഹൃദയാഘാതത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നത്. വാര്‍ധക്യവും ഹൃദയാഘാതമുണ്ടാകാന്‍ ഒരു കാരണം ആണ്. സൈലന്റ് ഹാര്‍ട്ട് അറ്റാക്കിന്റെ കാര്യത്തിലും ഇവയെല്ലാമാണ് കാരണങ്ങള്‍. എന്നാല്‍ പ്രമേഹരോഗികളില്‍ ഇതിന് സാധ്യത കൂടുതലാണ് എന്നാണ് പറയപ്പെടുന്നത്. വ്യായാമമില്ലായ്മ, മാനസിക സംഘര്‍ഷം, രക്തസമ്മര്‍ദം (ഹൈപ്പര്‍ ടെന്‍ഷന്‍), ജനിതക കാരണങ്ങള്‍ എന്നിവയും ഇവയ്ക്ക് കാരണമാകാറുണ്ട്.
മുന്‍കൂട്ടിയുള്ള തയ്യാറെടുപ്പുകളാണ് നിശ്ശബ്ദനായെത്തുന്ന ഹൃദയാഘാതത്തില്‍ നിന്ന് രക്ഷപ്പെടാന്‍ സഹായിക്കുക. ഹൃദയാഘാതം വരാന്‍ സാധ്യത കൂടുതലുള്ള വിഭാഗത്തില്‍ പെടുന്നവരെല്ലാം കൃത്യമായ ഇടവേളകളില്‍ ഹൃദയാരോഗ്യം പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതാണ്. പ്രമേഹം, ബിപി, കൊളസ്ട്രോള്‍ തുടങ്ങിയ പ്രശ്നങ്ങള്‍ ഉള്ളവര്‍ ആണെങ്കില്‍ ഇവയെല്ലാം തുടക്കത്തിലേ നിയന്ത്രിച്ച് മുന്നോട്ട് പോകണം. അമിതവണ്ണ ഉള്ളവര്‍ വണ്ണം കുറയ്ക്കാനും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. മാത്രവുമല്ല, ആരോഗ്യകാര്യങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങള്‍ കാണുന്നുവെങ്കില്‍ അതിനെ നിസാരമായി എടുക്കാതെ ഡോക്ടറുടെ സഹായത്തോടെ കാരണം കണ്ടത്തേണ്ടതുമാണ്.
അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്റെ ജേണലില്‍ പ്രസിദ്ധീകരിച്ചതും ഹാര്‍വാര്‍ഡ് ഹെല്‍ത്ത് ഉദ്ധരിച്ചതുമായ 2015ലെ ഒരു പഠനമനുസരിച്ച്, 45 നും 84 നും ഇടയില്‍ പ്രായമുള്ള 2,000-ത്തോളം ആളുകളില്‍ നടത്തിയ ഒരു തുടര്‍ പഠനത്തില്‍ ഇവര്‍ക്ക് ഹൃദയ സംബന്ധമായ അസുഖങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ അവര്‍ക്ക് 10 വര്‍ഷത്തിനുള്ളില്‍ ഹൃദയാഘാതം ഉണ്ടായതായി കണ്ടെത്തി. ഏറ്റവും ആശ്ചര്യപ്പെടുത്തുന്ന ഒരു കാര്യം ഇവരില്‍ 80% ആളുകള്‍ക്കും അവരുടെ അവസ്ഥയെക്കുറിച്ച് അറിയില്ലായിരുന്നു. മാത്രമല്ല, സ്ത്രീകളേക്കാള്‍ പുരുഷന്മാരില് ഹൃദയാഘാതം വരാന്‍ അഞ്ചിരട്ടി കൂടുതലാണ് എന്നും പഠനം കണ്ടെത്തി.
ഹൃദയാഘാതങ്ങളില്‍ ഭൂരിഭാഗവും അനാരോഗ്യകരമായ ജീവിതശൈലി മൂലമാണ് സംഭവിക്കുന്നത്. കുറഞ്ഞ ശാരീരികാധ്വാനം, ക്രമരഹിതമായ ഉറക്കസമയം, പുകവലി, അമിതമായ മദ്യപാനം, പോഷകസമൃദ്ധമായ ഭക്ഷണസാധനങ്ങള്‍ ശരീരത്തില്‍ എത്താത്തത്, അനാരോഗ്യകരമായ എണ്ണകള്‍ ഉപയോഗിച്ചുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത്, ആരോഗ്യം സ്ഥിരമായി പരിശോധിക്കാതിരിക്കുക തുടങ്ങിയ ജീവിതശൈലി ശീലങ്ങള്‍ ജീവന് അപകടപ്പെടുത്തുന്ന രോഗങ്ങള്‍ വരാനുള്ള സാധ്യത വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നത്.
ഹൃദയാഘാതം വരാൻ സാധ്യതയുള്ള വ്യക്തികൾ അസിഡിറ്റി അല്ലെങ്കിൽ നെഞ്ചെരിച്ചിൽ പോലെ തോന്നുന്ന ലക്ഷണങ്ങളെ അവഗണിക്കാതിരിക്കുകയും കൃത്യമായ പരിശോധന നടത്തേണ്ടതുമാണ്. കാരണം, അവയിൽ ചിലത് ഹൃദയാഘാതമായി മാറിയേക്കാം എന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ക്ഷീണം, ഓക്കാനം, തണുപ്പോടെയുള്ള വിയർപ്പ്, നെഞ്ചിലെ അസ്വസ്ഥത, തലകറക്കം എന്നിവയാണ് അവഗണിക്കാൻ പാടില്ലാത്ത പ്രധാന ലക്ഷണങ്ങൾ. ശ്വാസതടസ്സം, ക്രമരഹിതമായ ഹൃദയമിടിപ്പ്, ഛർദ്ദി, ദഹനക്കേട്, കാല് വേദന അല്ലെങ്കിൽ കൈ വേദന, കണങ്കാൽ വീക്കം, കടുത്ത ക്ഷീണം എന്നിവയും മറ്റ് ലക്ഷണങ്ങളിൽ ഉൾപ്പെട്ടേക്കാം.