in

മഞ്ഞുകാലത്തെ ആരോഗ്യ സംരക്ഷണം

Share this story

മഞ്ഞുകാലം രോഗങ്ങളുമായി എത്തുന്നു എന്ന് പൊതുവേ വിശ്വാസമുണ്ട്. പെട്ടെന്നുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനം ശരീരത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് രോഗങ്ങളുടെ കാഠിന്യം ഏറിയും കുറഞ്ഞും എത്തുന്നത് നമ്മെ ഒട്ടേറെ ബുദ്ധിമുട്ടിക്കുന്നു.

കേരളത്തില്‍ മഞ്ഞ് കാലം ഏറെ രൂക്ഷമല്ലെങ്കിലും കാലാവസ്ഥയിലുണ്ടാകുന്ന മാറ്റവും ഏറ്റക്കുറച്ചിലും രോഗങ്ങളെ ക്ഷണിച്ച് വരുത്തും. ആഘോഷങ്ങളുടെ കാലഘട്ടമായതിനാലും ക്രമം തെറ്റുന്ന ഉറക്കവും ഭക്ഷണശീലങ്ങളും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാം. ചെറിയ കരുതലോടെയുള്ള ആരോഗ്യ പരിരക്ഷ നല്‍കി പ്രതിരോധ ശേഷി കൂട്ടുക എന്നതാണ് മഞ്ഞുകാല രോഗങ്ങളില്‍ നിന്ന് രക്ഷ നേടാനുള്ള ഒരു എളുപ്പ വഴി. ഭക്ഷണ ശീലത്തിലെ ചെറിയ മാറ്റങ്ങളും കൂട്ടിച്ചേര്‍ക്കലുകളും നമ്മെ ഇക്കാര്യത്തില്‍ സഹായിക്കു. നിങ്ങളുടെ രോഗപ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കുന്ന അഞ്ച് സാധനങ്ങളെ പരിചയപ്പെടാം. നിത്യജീവിതത്തില്‍ നാം ദിവസവും കണ്ടുമുട്ടുന്ന എന്നാല്‍ അത്ര പ്രാധാന്യം നല്‍കാത്ത ഇവ നമുക്ക് എങ്ങനെ ഉപയോഗപ്പെടുന്നു എന്ന് നോക്കാം.

ഇഞ്ചി

ഒരു ശക്തിയേറിയ ആന്‍റി ബാക്ടീരിയല്‍ വസ്തുവായ ഇഞ്ചി വയറ്റിലെ അനാവശ്യ ബാക്ടീരിയകളെ നശിപ്പിച്ച് ഛര്‍ദ്ദി, വയറു സ്തംഭനം തുടങ്ങിയ അസുഖങ്ങള്‍ക്ക് നല്ലൊരു ഔഷധിയാണ്. ഇഞ്ചി ചേര്‍ത്ത ഒരു കപ്പ് ചായ മതിയാകും മഞ്ഞിന്‍റെ തണുപ്പകറ്റുവാന്‍. രക്തത്തിലെ അനാവശ്യ വസ്തുക്കളെ അലിയിച്ച് രക്തയോട്ടം സുഗമമാക്കാനും, കൊളസ്‌ട്രോള്‍ കുറക്കാനും ഇഞ്ചി ഏറെ സഹായകരമാണ്.

വെളുത്തുള്ളി

ഇഞ്ചിയോടൊപ്പമോ അല്ലാതെയോ ശക്തമാണ് വെളുത്തുള്ളിയും. ബാക്ടീരിയ, വൈറസ്, ഫംഗസ് ബാധമൂലമുള്ള അസുഖങ്ങളെ തുരത്താന്‍ ഉത്തമ ഔഷധമാണ് വെളുത്തുള്ളി. അണുബാധ, വിരശല്യം തുടങ്ങിയവയ്ക്കൊക്കെ മരുന്നായി ഇത് ഉപയോഗിക്കാവുന്നതാണ്. അരിയുകയോ ചതയ്ക്കുകയോ ചെയ്യുമ്പോഴാണ് വെളുത്തുള്ളിയില്‍ അടങ്ങിയിട്ടുള്ള അല്ലിസിന്‍ എന്ന രോഗശമനശേഷിയുള്ള ഘടകം പുറത്ത് വരിക. അതിനാല്‍ മെച്ചപ്പെട്ട ഫലത്തിനായി വെളുത്തുള്ളി കഴിക്കുന്നതിന് മുമ്പ് ചതയ്ക്കാന്‍ ശ്രദ്ധിക്കുക.

തൈര്

തൈരില്‍ അടങ്ങിയിരിക്കുന്ന പ്രോ-ബയോടിക് ബാക്ടീരിയകള്‍ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. കുടലിലെ നല്ല ബാക്ടീരിയകളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തി കുടലിന്‍റെ ആരോഗ്യം കൂട്ടാന്‍ ഇത് സഹായകമാണ്. ഒന്നോ രണ്ടോ കപ്പ് തൈരോ മോരോ ഊണിനൊപ്പം കഴിക്കുന്നത് ദഹന പ്രക്രിയയെ സഹായിക്കുകയും ഭക്ഷണത്തിന് രുചി വര്‍ധിപ്പിക്കുകയും ചെയ്യും.

പഴങ്ങള്‍

പുളിയുള്ള പഴവര്‍ഗ്ഗങ്ങളായ ഓറഞ്ച്, സ്‌ട്രോബറി, മാമ്പഴം തുടങ്ങിയവ വിറ്റാമിന്‍ സിയുടെ കലവറയാണ്. മഞ്ഞയും ഓറഞ്ചും നിറത്തിലുള്ള ഫലവര്‍ഗ്ഗങ്ങളില്‍ വിറ്റാമിന്‍ എ, കരാട്ടിന്‍ എന്നിവയും സമ്പന്നമായി ലഭ്യമാണ്. ഈ പോഷകഘടകങ്ങള്‍ ആന്‍റി ഓക്‌സിഡന്‍റുകളായി പ്രവര്‍ത്തിച്ച് കോശങ്ങളുടെ ആരോഗ്യത്തെ വര്‍ധിപ്പിക്കുകയും, അണുബാധയെ തടയുകയും ചെയ്യും. കോശങ്ങള്‍ക്ക് കേട് സംഭവിക്കുന്നത് തടയുന്നതിനാല്‍ പ്രായമേറുന്നതിന്‍റെ ബുദ്ധിമുട്ടുകളും ഇത് മൂലം ഇല്ലാതാകുന്നു.

ഗ്രീന്‍ ടീ

ആന്‍റി ഓക്‌സിഡന്‍റുകളാല്‍ സമ്പുഷ്ടമായ ഗ്രീന്‍ ടീ ദിവസേനെ ഒരു കപ്പ് കുടിക്കുന്നത് ദഹനക്രിയയെ സുഗമപ്പെടുത്തും. പ്രതിരോധ ശേഷിയും വര്‍ധിപ്പിക്കുന്ന ഗ്രീന്‍ ടീ ഭൂരിഭാഗം പേരും കുടിക്കുന്നത് കൊഴുപ്പ് കുറക്കാനാണ്.

ശരീര ഭാര൦ കുറയ്ക്കണോ? സോഷ്യല്‍ മീഡിയ ധാരാളം…

പല്ലിലെ പുളിപ്പ് നിങ്ങളേ ബുദ്ധിമുട്ടിക്കാറുണ്ടോ?