ജീവിതശൈലികളില്‍ വന്ന മാറ്റത്തിന്റെ ഭാഗമായി ഇന്ന് വ്യാപകമായി കണ്ടുവരുന്ന രണ്ട് പ്രശ്‌നങ്ങളാണ് മൂത്രാശയത്തിലും വൃക്കയിലും കണ്ടുവരുന്ന കല്ലുകളും പ്രോസ്റ്റേറ്റ് ഗ്രന്ഥിയുമായി ബന്ധപ്പെട്ട രോഗങ്ങളും. മൂത്രസഞ്ചിയിലും വൃക്കയിലും കണ്ടുവരുന്ന കല്ലുകള്‍ സ്ത്രീപുരുഷ ഭേദമന്യേ എല്ലാവരിലും കാണുമ്പോള്‍ മധ്യവയസിനോടടുത്ത പുരുഷന്മാരില്‍ മാത്രം കണ്ടുവരുന്നതാണ് പ്രോസ്റ്റേറ്റ് അഥവാ പുരുഷഗ്രന്ഥിയിലെ പ്രശ്‌നങ്ങള്‍.പുരുഷബീജങ്ങളെ ഉദ്പാദിപ്പിക്കുന്ന പ്രോസ്റ്റേറ്റിലുണ്ടാകുന്ന മുഴകള്‍, വീക്കം, അണുബാധ, മൂത്രസഞ്ചിലുണ്ടാവുന്ന മുഴകള്‍, മൂത്രസഞ്ചിയിലും വൃക്കയിലുമുണ്ടാവുന്ന കല്ല് എന്നി രോഗങ്ങള്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇന്ന് വളരെ കൂടുതലാണ്.
ഈ രോഗങ്ങള്‍ക്കള്‍ക്ക് മരുന്നുപയോഗിച്ചും ശസ്ത്രക്രിയനടത്തിയുമുള്ള ചികിത്സകള്‍ക്ക് പുറമെ ആധുനിക ശാസ്ത്ര സങ്കേതങ്ങള്‍ ഉപയോഗിച്ചുള്ള ചികിത്സയും ഇന്ന് ലഭ്യമാണ്. ഇതില്‍ പ്രധാനപ്പെട്ടതാണ് ലേസര്‍ ചികിത്സ. ശരീരഭാഗങ്ങള്‍ തുറക്കാതെതന്നെ ശസ്ത്രക്രിയ നടത്താമെന്നതാണ് ലേസര്‍ ചികിത്സയുടെ പ്രത്യേകത. ശസ്ത്രക്രിയ ഒഴിവാക്കിക്കൊണ്ടുതന്നെ മൂത്രാശത്തില്‍ രൂപപ്പെടുന്ന കല്ലുകള്‍ പൊടിച്ചുകളയാനും പ്രോസ്റ്റേറ്റിലെയും മൂത്രസഞ്ചിയിലേയും മുഴകള്‍ നീക്കം ചെയ്യാനും ഇന്ന് ലേസര്‍ ചികിത്സ ലോകമെമ്പാടും ഉപയോഗിക്കുന്നുണ്ട്.ലേസര്‍ ചികിത്സാരംഗത്ത് തന്നെയുണ്ടായ പുതിയ കണ്ടുപിടിത്തങ്ങളും ന്യൂതന സാങ്കേതികവിദ്യകളും ഈ രംഗത്തെ ചികിത്സയില്‍ കുതിച്ചുചാട്ടങ്ങള്‍ തന്നെ നടത്തിയിരിക്കുകയാണ്. ഈ രംഗത്ത് ഏറ്റവും പുതിയ കണ്ടുപിടുത്തമായ ഹോള്‍മിയം ലേസര്‍ ഉപയോഗിച്ചുകൊണ്ടുള്ള ചികിത്സ വളരെ എളുപ്പവും കൃത്യതയേറിയതും രോഗിക്ക് ബുദ്ധിമുട്ടുകള്‍ കുറഞ്ഞവയുമാണ്.
മുത്രാശക്കല്ലുകള്‍ നീക്കം ചെയ്യുന്നതിനായി ഒരു ദിവസത്തെ ആശുപത്രിവാസം മാത്രം മതിയാവുമ്പോള്‍ പ്രോസ്റ്റേറ്റിലെ മുഴകള്‍ നീക്കം ചെയ്യാന്‍ രണ്ടോ മൂന്നോ ദിവസത്തെ കിടത്തി ചികിത്സമാത്രം മതിയാവും. സങ്കീര്‍ണമായ ചികിത്സകള്‍ക്കുശേഷംപോലും കത്തീറ്ററുകളുടെ സഹായം രണ്ടുദിവസത്തില്‍ കൂടുതല്‍ ആവശ്യമായി വരില്ല എന്നതും ഈ ചികിത്സയുടെ നേട്ടമാണ്.
ശസ്ത്രക്രിയകള്‍ക്കും പഴയരീതിയിലുള്ള ലേസര്‍ചികിത്സക്കും ആവശ്യമായ ആശുപത്രിവാസത്തിന്റെ കാലയളവും, ആശുപത്രി മുറിവാടക, മരുന്ന്, കൂടെനില്‍ക്കുന്നവരുടെ ചെലവ് തുടങ്ങി മൊത്തം ചെലവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഹോള്‍മിയം ലേസറിന് വേണ്ടിവരുന്ന ചെലവ് അല്‍പം കൂടുതലാണെന്ന് തോന്നുമെങ്കിലും കുറഞ്ഞസമയത്തേക്കുള്ള ആശുപത്രിവാസം, ഏറ്റവും കുറഞ്ഞ രക്തനഷ്ടം, പാര്‍ശ്വഫലങ്ങളുടെ കുറവ് എന്നിവകൂടി പരിഗണിക്കുമ്പോള്‍ ഈ വര്‍ധന കാര്യമാക്കാവുന്നതല്ല. കൂടുതല്‍ പ്രചാരത്തിലാകുന്നതോടെ ഈ ചികിത്സയുടെ ചെലവ് ഗണ്യമായി കുറയുകയും ചെയ്യും
ഹൃദയത്തിന് ബൈപ്പാസ് ശസ്ത്രക്രിയ നടത്തിയവരും രക്തക്കുഴലുകളിലെ തടസ്സങ്ങള്‍ നീക്കാന്‍ സ്റ്റെന്റ് ചികിത്സക്ക് വിധേയമായവരും ഹൃദയത്തിന്റെ വാള്‍വ് മാറ്റിവെച്ചവരും രക്തം കട്ടയാവാതിരിക്കാനുള്ള ആസ്പിരിന്‍ പോലുള്ള മരുന്നകള്‍ തുടര്‍ച്ചയായി കഴിക്കേണ്ടതുണ്ട്. ഇത്തരത്തില്‍ ഹൃദയത്തിന് പ്രശ്‌നങ്ങളുള്ള മൂത്രശയ രോഗികളില്‍ ശസ്ത്രക്രിയ നടത്തുമ്പോള്‍ രക്തം കട്ടയാവാതിരിക്കാനുള്ള മരുന്നുകള്‍ നിര്‍ത്തിവെക്കേണ്ടിവരുന്നത് അപകടസാധ്യത വര്‍ധിപ്പിക്കുന്നതിനാല്‍ ശസ്ത്രക്രിയ നടത്തുന്ന ഡോക്ടര്‍മാര്‍ക്ക് ഇതൊരു വെല്ലുവിളിയായിരുന്നു. ഇത്തരം പ്രശ്‌നങ്ങളാണ് ഹോള്‍മിയം ലേസറിന്റെ രംഗപ്രവേശത്തിലൂടെ ഇല്ലാതായത്.
നേരത്തെ പഴയ രീതിയിലുള്ള എന്‍.ഡി.യാഗ് ലേസര്‍ ചികിത്സയിലും ശരീരഭാഗം തുറന്നുള്ള ശസ്ത്രക്രിയകളിലും രോഗിക്ക് രക്തനഷ്ടം സംഭവിച്ചിരുന്നു.
എന്‍.ഡി.യാഗ് ലേസര്‍ ചികിത്സയില്‍ പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലെ മുഴകള്‍ നീക്കം ചെയ്യുന്ന സമയത്ത് മുഴകളോടൊപ്പം ആ ഭാഗത്തുള്ള രക്തക്കുഴലുകളും മുറിച്ചുമാറ്റേണ്ടതായി വരും. ഇങ്ങിനെ രക്തക്കുഴലുകള്‍ ഘട്ടം ഘട്ടമായി മുറിച്ചുമാറ്റുമ്പോള്‍ ഓരോ ഘട്ടത്തിലും രക്തനഷ്ടം സംഭവിച്ചിരുന്നു. ഒരേ രക്തക്കുഴല്‍തന്നെ പലതവണ മുറിച്ചുമാറ്റുമ്പോഴുണ്ടാവുന്ന രക്തനഷ്ടം രോഗിയില്‍ കടുത്ത ക്ഷീണത്തിന് കരണമായിരുന്നു. ഇത്തരം ചികിത്സകളില്‍ വൈദ്യുതിതരംഗങ്ങളുടെ മാധ്യമമായി ഉപയോഗിന്നിരുന്ന ചില ലായിനികള്‍ ഉപയോഗിക്കുന്നത് മൂലം ചില കേസുകളില്‍ രോഗിയുടെ ശരീരത്തിലെ സോഡിയം വന്‍തോതില്‍ കുറയാന്‍ ഇടയാക്കുകയും ചെയ്യും.
ഇത്തരത്തില്‍ സോഡിയം കുറമ്പോള്‍ അത് രോഗയുടെ മാനസികനിലയില്‍ പ്രശ്‌നങ്ങളുണ്ടാക്കുകയും രോഗികള്‍ അസാധാരണ രീതിയില്‍ പെരുമാറാന്‍ തുടങ്ങുകയും ചെയ്യും. എന്‍.ഡി.യാഗ് ലേസര്‍ ചികിത്സക്ക് വേണ്ടി ഉപയോഗിക്കുന്ന ചില മരുന്നകളുടെ പാര്‍ശ്വഫലത്തിന്റെ ഭാഗമായാണ് ഇത്തരത്തില്‍ സോഡിയം കുറയുന്നതും രോഗിയില്‍ ‘ബ്രെയിന്‍ എഡിമ’ പോലുള്ള സിന്‍ഡ്രോം പ്രത്യക്ഷപ്പെടുന്നതും. ഇത്തരത്തിലുള്ള പാര്‍ശ്വഫലങ്ങളൊന്നുമില്‌ളെന്നതും ഹോള്‍മിയം ലേസറിന്റെ നേട്ടമായിക്കാണാം.
പുതിയ ഹോള്‍മിയം ലേസര്‍ ചികിത്സയില്‍ ശരീരഭാഗങ്ങള്‍ തുറന്നുള്ള ശസ്ത്രക്രിയയില്‍ ചെയ്യുന്നത് പോലെ പ്രോസ്റ്റേറ്റ മുഴകള്‍ ഒറ്റയടിക്ക് പൂര്‍ണമായി നീക്കിയശേഷം മൂത്രസഞ്ചില്‍ നിക്ഷേപിക്കുകയും അവിടെ വെച്ച് മോസിലേറ്റര്‍ എന്ന മെക്കാനിക്കല്‍ ബ്‌ളേഡ് ഉപയോഗിച്ച് ചെറിയ ഭാഗങ്ങളാക്കിമാറ്റി മൂത്രക്കുഴലിലൂടെ പുറത്തേക്ക് വലിച്ചെടുത്ത് കളയുകയും ചെയ്യും. ഒരു പല്ല് പറിക്കുന്ന ലാഘവത്തോടെ ഇത്തരം മുഴകള്‍ പൂര്‍ണമായി നീക്കം ചെയ്യാനാവും എന്നതാണ് ഈ ചികിത്സയുടെ പ്രധാന നേട്ടം.
മൂത്രാശയ കല്ലുകളുടെ ചികിത്സക്കും മൂത്രസഞ്ചിയിലെ മുഴകള്‍ നീക്കം ചെയ്യാനും പുതിയ സംവിധാനം ഫലപ്രദമാണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. മൂത്രസഞ്ചിയിലോ വൃക്കകളിലോ അടിഞ്ഞുകൂടിയ കല്ലിന്റെ ചെറിയ അംശത്തെപ്പോലും സുരക്ഷിതമായി നീക്കംചെയ്യന്‍ ഈ സംവിധാനത്തിലൂടെ സാധിക്കും.ഹോള്‍മിയം ലേസറിന്റെ രംഗപ്രവേശത്തിലൂടെ മൂത്രാശയ ചികിത്സാ രംഗത്ത് നിര്‍ണായകമായ മാറ്റങ്ങള്‍ക്കാണ് തുടക്കമായിട്ടുള്ളത്.