കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ നീട്ടണമെന്നാവശ്യപ്പെട്ട് ആറ് സംസ്ഥാനങ്ങള്‍. രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, ബംഗാള്‍, പഞ്ചാബ്, ഒഡിഷ, ഡല്‍ഹി എന്നീ സംസ്ഥാനങ്ങള്‍ ലോക്ക് ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. നിലവില്‍ മേയ് മൂന്ന് വരെയാണ് രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
മേയ് 16വരെ ലോക്ക് ഡൗണ്‍ നീട്ടണമെന്ന് അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ മറ്റ് സംസ്ഥാനങ്ങളും ആവശ്യവുമായി രംഗത്തെത്തി. അതേസമയം, നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി സംസ്ഥാനങ്ങളിലെ സാഹചര്യം വിലയിരുത്തും. ഈ ചര്‍ച്ചകള്‍ക്ക് ശേഷമായിരിക്കും അന്തിമ തീരുമാനമെന്നാണ് സൂചന.
ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനം അനുസരിക്കുമെന്ന് കര്‍ണ്ണാടക,ഗുജറാത്ത്, ആന്ധ്രാപ്രദേശ്,തമിഴ്‌നാട്,ഹരിയാന, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ വ്യക്തമാക്കി.
കേരളം, അസം എന്നീ സംസ്ഥാനങ്ങള്‍ മോദിയുമായുള്ള വീഡിയോ കോണ്‍ഫറന്‍സിംഗിന് ശേഷമായിരിക്കും ഇതു സംബന്ധിച്ച് തീരുമാനമെടുക്കുക എന്നാണ് സൂചന. മഹാരാഷ്ട്രയില്‍ മേയ് 18 വരെ ലോക്ക് ഡൗണ്‍ തുടരാനാണ് തീരുമാനമെന്നും, ഇക്കാര്യം പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ഉന്നയിക്കുമെന്നും ആരോഗ്യമന്ത്രി രാജേഷ് തോപ്പെ പറഞ്ഞു.അതേസമയം, രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം കാല്‍ലക്ഷം കടന്നു. ഇന്നു രാവിലെ കേന്ദ്ര അഭ്യന്തര മന്ത്രാലയം പുറത്തുവിട്ട കണക്കനുസരിച്ച് കൊവിഡ് രാേഗികളുടെ എണ്ണം 26,496 ആയി.
ഇതുവരെ 824 പേരാണ് ഇന്ത്യയില്‍ കൊവിഡ് മൂലം മരിച്ചത്. 5804 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.ലോക്ക് ഡൗണ്‍ നടപ്പാക്കിയതുമൂലം കൊവിഡ് വ്യാപനം വന്‍തോതില്‍ കുറയ്ക്കാനായെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍.