കഴിഞ്ഞ വര്‍ഷം ദുബായ് പൊലീസിന്റെ ലഹരി മരുന്ന് വിരുദ്ധ സംഘം പിടികൂടിയത് 1560 കിലോ ലഹരി മരുന്ന്. ഇതിന് 1.5 ബില്യണ്‍ ദിര്‍ഹം (ഏതാണ്ട് 2947.52 കോടി രൂപ) മൂല്യം വരും. 3128 ഇടപാടുകാരെയാണ് കഴിഞ്ഞ വര്‍ഷം പിടിച്ചതെന്നും അധികൃതര്‍ വ്യക്തമാക്കി. മുന്‍ വര്‍ഷത്തേക്കാള്‍ 211 ശതമാനം അധികമാണിത്. ലഹരി മരുന്നുകള്‍ക്കെതിരായ പോരാട്ടത്തിന്റെ വിജയമായാണ് ഇതിനെ കാണുന്നത്.
അനധികൃതമായി കടത്താന്‍ ശ്രമിച്ച 14.8 മില്യണ്‍ വേദന സംഹാരികളും പിടിച്ചെന്ന് അസിസ്റ്റന്റ് കമാന്‍ഡര്‍ ഇന്‍ ചീഫ് ഫോര്‍ ക്രിമിനല്‍ ഇന്‍വസ്റ്റിഗേഷന്‍ അഫയേഴ്സ് മേജര്‍ ജനറല്‍ ഖലീല്‍ ഇബ്രാഹിം അല്‍ മന്‍സൂറി അറിയിച്ചു. പിടിയിലായവരില്‍ മിക്കവരും ഇത്തരം ലഹരി മരുന്നുകള്‍ക്ക് അടിമകളായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ലഹരി മരുന്ന് ഇടപാടുകാരെ തകര്‍ക്കാനും കള്ളക്കടത്തിലൂടെ ലഹരി മരുന്ന് എത്തിക്കുന്ന് തടയാനും ദുബായ് പൊലീസ് എന്നും ശക്തമായി പ്രവര്‍ത്തിക്കും. സമൂഹത്തെ ഈ വിപത്തില്‍ നിന്നും രക്ഷിക്കും. പുത്തന്‍ ടെക്നോളജിയുടെ സഹായത്തോടെ ലഹരിക്കടത്തുകാരെ പിടികൂടുന്നതില്‍ വലിയ വിജയം നേടാന്‍ കഴിയുന്നുണ്ടെന്നും മേജര്‍ ജനറല്‍ പറഞ്ഞു.
രാജ്യത്തിനു പുറത്തുനിന്നുപോലും ലഹരിമരുന്ന് കടത്തുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിക്കാറുണ്ട്. വിവിധ രാജ്യങ്ങളില്‍ നിന്നായി ഇത്തരത്തില്‍ 93 സൂചനകളാണ് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ 27 പ്രതികളെ പിടികൂടുകയും 11.9 ടണ്‍ ലഹരി മരുന്ന് പിടികൂടുകയും ചെയ്തുവെന്ന് അധികൃതര്‍ പറഞ്ഞു. ലോകത്തെ തന്നെ നശിപ്പിക്കുന്ന ഒന്നാണ് ലഹരിമരുന്നത്. അതിനാല്‍ തന്നെ എല്ലാ രാജ്യങ്ങളുമായും ദുബായ്ക്ക് നല്ല ബന്ധമുണ്ടെന്നും ലഹരി മരുന്നിനെതിരായ പോരാട്ടം തുടരുമെന്നും വ്യക്തമാക്കി. ലഹരിവേട്ടയുമായി ബന്ധപ്പെട്ട് മറ്റു എമിറേറ്റുകളെ ദുബായ് പൊലീസ് സഹായിക്കാറുണ്ടെന്ന് ലഹരി വരുദ്ധ സംഘം ഡയറക്ടര്‍ ബ്രി. ഇദ് മുഹമ്മദ് താനി ഹറീബ് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ വര്‍ഷം 215 പേരെ പിടികൂടുകയും മറ്റു എമിറേറ്റുകളില്‍ നിന്ന് 572 കിലോ ലഹരി മരുന്ന് പിടിക്കുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.
വന്‍വേട്ട 2019 മേയില്‍
കഴിഞ്ഞ വര്‍ഷം ദുബായ് പൊലീസിന്റെ ഏറ്റവും വലിയ ലഹരി മരുന്നുവേട്ട നടന്നത് മേയില്‍ ആയിരുന്നു. 365 കിലോ ലഹരിമരുന്നാണ് ദുബായ് പൊലീസ് പിടിച്ചത്. 278.5 മില്യണ്‍ ദിര്‍ഹമാണ് ഇതിന്റെ മൂല്യം കണക്കാക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് 16 ഏഷ്യന്ക്കാരെ അറസ്റ്റ് ചെയ്തു. പ്രതികള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ രഹസ്യ അറകള്‍ ഉണ്ടാക്കി അതിനുള്ളിലാണ് ലഹരി മരുന്ന് സൂക്ഷിച്ചിരുന്നത്.