ജീവിതശൈലിയില്‍ വരുത്തുന്ന ചില മാറ്റങ്ങള്‍ ഉത്കണ്ഠ അകറ്റാനും പങ്കാളിയുമായുള്ള ബന്ധം ഊഷ്മളമാക്കാനും സഹായിക്കും. കിടപ്പറയിലെ പ്രകടനം മെച്ചപ്പെടുത്താന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്ക് ഇതൊന്ന് പരീക്ഷിക്കു
പുതിയ മാര്‍ഗങ്ങള്‍
എന്നും ഒരേ മുഖം, ഒരേ സ്ഥലം. ദിനചര്യപോലെ പങ്കാളിയുമായി സെക്സ് ചെയ്യുന്നത് മടുപ്പുണ്ടാക്കുന്നുണ്ടോ, എങ്കില്‍ പുതിയ ഒരു പൊസിഷന്‍ ശ്രമിക്കാം. സ്ഥലം മാറാം. ഇതെല്ലാം നിങ്ങളുടെ പങ്കാളിയെ ഉത്തേജിപ്പിക്കും. പങ്കാളിയോട് ലൈംഗിക കല്പനകളെപ്പറ്റി സംസാരിച്ചു നോക്കൂ. ഇതും പുതിയ ഉണര്‍വ് നല്‍കും.
സമ്മര്‍ദം അധികം വേണ്ട
സമ്മര്‍ദവും ഉത്കണ്ഠയും ലൈംഗികതയ്ക്കു തടസ്സമാകും. സ്ഖലനത്തിനു തടസ്സമുണ്ടാകും. ലിംഗത്തിലേക്കുള്ള രക്തപ്രവാഹം കുറയാനും കാരണമാകും. വ്യായാമം ചെയ്യുക, നന്നായി ഉറങ്ങുക, ധ്യാനിക്കുക ഇവയെല്ലാം ഉത്കണ്ഠയും സമ്മര്‍ദവും അകറ്റാനും പങ്കാളിയുമായുള്ള ബന്ധം മെച്ചപ്പെടുത്താനും സഹായിക്കും.
ഉപേക്ഷിക്കാം പുകവലി
പുകവലി രക്തസമ്മര്‍ദം ഉയരാനും ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ക്കും കാരണമാകും. ഇത് സ്ഖലന പ്രശ്നങ്ങളിലേക്കു നയിക്കും. പുകവലി ഉപേക്ഷിച്ചാല്‍ ലൈംഗിക ജീവിതം മെച്ചപ്പെടുത്താം. സ്ഖലന പ്രശ്നങ്ങള്‍ പരിഹരിക്കാം.
ഒരു കപ്പ് കാപ്പി
ലിംഗത്തിലേക്കുള്ള രക്തപ്രവാഹം വര്‍ധിക്കാന്‍ കഫീന്‍ കാരണമാകുമെന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. സ്ഖലനപ്രശ്നങ്ങള്‍ പരിഹരിക്കാനും ലൈംഗികശേഷി വര്‍ധിപ്പിക്കാനും ഒരു കപ്പ് കാപ്പി സഹായിക്കും.
യാത്ര പോകാം
ഇടയ്ക്ക് പങ്കാളിയുമൊത്ത് യാത്ര പോകാം. രാത്രിയില്‍ ഒരു ഔട്ടിങ് പങ്കാളിയുമായി കൂടുതല്‍ അടുപ്പമുണ്ടാക്കുകയും ലൈംഗിക ജീവിതം മെച്ചപ്പെടുത്തുകയും ചെയ്യും.
മുടക്കരുതേ വ്യായാമം
പതിവായി വ്യായാമം ചെയ്യുന്നത് ലൈംഗികത മെച്ചപ്പെടുത്തുക മാത്രമല്ല ഹൃദയത്തെയും ആരോഗ്യമുള്ളതാക്കും. ദിവസം മുപ്പതു മിനിറ്റ് നന്നായി വിയര്‍ക്കുന്ന രീതിയില്‍ വ്യായാമം ചെയ്യുക. ഓടുകയോ നീന്തുകയോ ആകാം. ഇത് ലൈംഗിക ശേഷി വര്‍ധിപ്പിക്കും.
കഴിക്കാം പഴങ്ങളും പച്ചക്കറികളും
ചില ഭക്ഷണങ്ങള്‍ രക്തയോട്ടം കൂട്ടാന്‍ സഹായിക്കും. ഉള്ളി, വെളുത്തുള്ളി, വാഴപ്പഴം എന്നിവയും മുളക്, കുരുമുളക് മുതലായ എരിവുള്ള ഭക്ഷണങ്ങളും കഴിക്കാം. വാഴപ്പഴത്തില്‍ പൊട്ടാസ്യം ധാരാളമുണ്ട്. ഇത് രക്തസമ്മര്‍ദം കുറയ്ക്കാനും ലൈംഗികശേഷി വര്‍ധിപ്പിക്കാനും സഹായിക്കും