രേണുകാ മേനോന്
മനുഷ്യര്‍ സാമൂഹികജീവിയാണ്. മറ്റുള്ളവരുമായുള്ള ബന്ധങ്ങള്‍, കൂടിച്ചേരലുകള്‍ എന്നിവയിലൂടെ മാനസികമായ ആരോഗ്യവും ഊര്‍ജ്ജവും കണ്ടെത്തി മുന്നോട്ടുപോകുന്നവരാണ്. എന്നാല്‍ കോവിഡ് 19 ന്റെ വരവോടെ ‘സാമൂഹിക അകലം’ എന്നത്നമ്മുടെ ജീവിതത്തിന്റെ ഭാഗമായി. ചൈനയില്‍ നിന്നും 2020 ജനുവരി അവസാനത്തില്‍ തുടങ്ങി മാര്‍ച്ച് മാസത്തോടെ ലോകമെമ്പാടും പടര്‍ന്ന മഹാമാരി ഏകദേശം എട്ടുമാസത്തോളമായി എല്ലാ രാജ്യത്തെയും ജനങ്ങളെ ബന്ധനസ്ഥരാക്കി. മഹാമാരിക്കു പിന്നാലെ ഒറ്റപ്പെടല്‍, ഏകാന്തത, വിഷാദം, ആത്മഹത്യാപ്രവണത എന്നിങ്ങനെയുള്ള പ്രശ്നങ്ങള്‍ എല്ലായിടത്തും ഒരുപോലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
ലോകം പതിയെ കോവിഡ് 19 -തിനൊപ്പം ജീവിക്കാന്‍ പഠിച്ചുകഴിഞ്ഞു. ആദ്യഘട്ടത്തിലെ സാമൂഹിക ഒറ്റപ്പെടല്കാലത്ത് ഒരുപരിധിവരെ അകലം കുറച്ചത് സോഷ്യല്‍ മീഡിയായിരുന്നു. സോഷ്യല്‍ മീഡിയായുടെ ശക്തി ഏറ്റവും നന്നായി പ്രകടമായ കാലമാണ് ഈ കോവിഡ് കാലം. ഏകാന്തതയും ഒറ്റപ്പെടലുമെല്ലാം മാറ്റുന്നതിന് സ്മാര്‍ട്ട്ഫോണ്‍, ഇന്റര്‍നെറ്റ്, സോഷ്യല്‍ നെറ്റ്വര്‍ക്ക് കൂട്ടായ്മകള്‍ എന്നിവ വലിയ പങ്കുവഹിച്ചു. വീഡിയോ കോളിങ്ങ് എന്തെന്നറിയാത്ത പലരും ആദ്യമായി അത്തരം സംവിധാനങ്ങളിലൂടെ മക്കളേയോ കൊച്ചുമക്കളേയോ കണ്ടു സംസാരിച്ചു തുടങ്ങി. ചെറുപ്പക്കാര്‍ ഇത്തരം സംവിധാനങ്ങളെ പ്രായംചെന്നവര്‍ക്ക് പരിചയപ്പെടുത്തുന്നതില്‍ ഉത്സാഹം കാട്ടുകയും ചെയ്തു.
ജോലി സ്ഥലത്തെ മീറ്റിങ്ങുകള്‍ എല്ലാം സാങ്കേതിക സംവിധാനങ്ങള്‍ വഴി നടത്തപ്പെട്ടുതുടങ്ങി. ‘വര്‍ക്ക് അറ്റ് ഹോം’ എന്ന നിലപാട് സ്വാഗതം ചെയ്യപ്പെട്ടു. ഇങ്ങനെ ലോക്ഡൗണ്‍ കാലവും സാമൂഹിക അകലവും സൃഷ്ടിച്ച ഏകാന്തതയില്‍ നിന്നും ലോകം പതിയെപ്പതിയെ മോചിതരായിത്തുടങ്ങി. പൂര്‍ണ്ണാര്‍ത്ഥത്തിലല്ലെങ്കിലും വിഷാദം, ഒറ്റപ്പെടല്‍, മാനസിക സമ്മര്‍ദ്ദം എന്നിവയില്‍ നിന്നും ആശ്വാസം നല്കുന്നതില് സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകള്‍ക്ക് കഴിഞ്ഞു. പലരും നഷ്ടപ്പെട്ടുപോയ വായനാശീലത്തെ പൊടി തട്ടിയെടുത്തതും ഈ ലോക്ഡൗണ്‍ കാലത്താണ്. അലമാരയില്‍ പൊടിയടിച്ചുകിടന്ന പഴയ പുസ്തകത്താളുകള്‍ വീണ്ടും മറിഞ്ഞുതുടങ്ങി. ആമസോണ്‍ കിന്‍ഡില്‍ പോലുള്ള ഇ-റീഡിങ്ങ് വെബ്പ്ലാറ്റ്ഫോമുകളിലും വായനക്കാരുടെ എണ്ണംകൂടിയതായി റിപ്പോര്‍ട്ടുകളുണ്ട്.
കൃഷിയിടങ്ങളും വീട്ടുമുറ്റത്തെ കൃഷിയുമെല്ലാം പരീക്ഷിക്കപ്പെട്ട കാലം കൂടിയാണിത്. ബാഗിനുള്ളിലെ മണ്ണില്‍ മുളയച്ചുപൊന്തിയ വിത്തുകള്‍, ചട്ടികളില്‍ പൂവിട്ട പൂക്കള്‍ എന്നിവ എത്രത്തോളം മാനസികോല്ലാസമാണ് പകര്‍ന്നുതരുന്നതെന്ന് നമ്മുക്ക് ബോധ്യപ്പെട്ട കാലംകൂടിയാണിത്. അടുത്ത ബന്ധുക്കളെയും അയല്‍ക്കാരെയും മാത്രം വിളിച്ചുവരുത്തി ആഢംബര രഹിതമായി വിവാഹങ്ങളും മറ്റു ചടങ്ങുകളും നടത്താന്‍ കഴിയുമെന്നു കൂടി ഈ മഹാമാരി നമ്മെ ബോധ്യപ്പെടുത്തി.
ആഢംബര രഹിത വിവാഹസങ്കല്പത്തെക്കുറിച്ച് ശ്രീനാരായണ ഗുരുവിനെപ്പോലെയുള്ള മഹാത്മാക്കള്‍ പറഞ്ഞതിന്റെ പൊരുള്‍ മനസിലാകുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്ത കാലഘട്ടം. ഒരു തരത്തില്‍ പലവിധ പുതിയ പാഠങ്ങളും ഉള്‍ക്കൊള്ളാന്‍ ലോകമെമ്പാടുമുള്ള മനുഷ്യരെ പ്രാപ്തമാക്കിയ കാലംകൂടിയാണിത്. നാം കാണുന്ന കാഴ്ചപ്പാടുകള്‍ക്കപ്പുറത്താണ് ജീവിതമെന്ന സത്യമെന്നും അസാധ്യമായതായി ഒന്നുമില്ലെന്നും നമ്മെ പഠിപ്പിക്കുകയാണ് ഈ മഹാമാരിയെന്നു ചുരുക്കം.