കോവിഡ് 19 രോഗബാധയെ മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചതിന് പിന്നാലെ ശക്തമായ നടപടികള്‍ ലോകരാജ്യങ്ങള്‍ സ്വീകരിച്ചിരിക്കുകയാണ്. ഇന്ത്യയും നടപടികള്‍ ശക്തമാക്കി. നയതന്ത്ര വിസകള്‍ ഒഴികെയുള്ള എല്ലാ വിസകളും ഏപ്രില്‍ 15 വരെ സസ്‌പെന്റ് ചെയ്യാന്‍ ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ അധ്യക്ഷം വഹിച്ച യോഗത്തില്‍ തീരുമാനിച്ചു. യോഗത്തില്‍ യു.എന്നിനും രാജ്യാന്തര സംഘടനാ പ്രതിനിധികള്‍ക്കും തൊഴില്‍ വിസകള്‍ക്കും ഇളവുണ്ട്. മാര്‍ച്ച് 13 മുതല്‍ തീരുമാനം നടപ്പാക്കി തുടങ്ങും. ഇന്ത്യയിലേക്ക് അടിയന്തരമായി യാത്രചെയ്യേണ്ടി വരുന്നവര്‍ നയതന്ത്ര കാര്യാലയവുമായി ബന്ധപ്പെടണമന്ന് അറിയിച്ചിട്ടുണ്ട്.
ചൈന, ഇറ്റലി, ഇറാന്‍, കൊറിയ, ഫ്രാന്‍സ്, സ്‌പെയിന്‍, ജര്‍മനി എന്നീ രാജ്യങ്ങളില്‍ നിന്ന് വരുന്നവരോ ഈ രാജ്യങ്ങള്‍ സന്ദര്‍ശിച്ച ഇന്ത്യാക്കാരോ വിദേശികളോ ആയവര്‍ ഇന്ത്യയിലെത്തിയാല്‍ 14 ദിവസത്തേക്ക് കര്‍ശനമായി നിരീക്ഷിക്കും. രാജ്യത്തിന്റെ അതിര്‍ത്തിയില്‍ നിയന്ത്രണം ശക്തമാക്കും. ഇറ്റലിയില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ക്ക് പരിശോധന നടത്തുന്നതിനുള്ള സൗകര്യമൊരുക്കാനും, പരിശോധനാഫലം നെഗറ്റീവായാല്‍ ഇന്ത്യയില്‍ എത്തിക്കാനും യോഗത്തില്‍ തീരുമാനമായി. ഇറ്റലിയില്‍ മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുകയാണ്. ഇറ്റലിയിലെ ഇന്ത്യന്‍ എംബസി താത്കാലികമായി അടച്ചെങ്കിലും സമൂഹ മാദ്ധ്യമങ്ങളിലൂടെ അറിയിപ്പുകള്‍ നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.
കുവൈറ്റിലും വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 29വരെ പൊതുഅവധി പ്രഖ്യാപിച്ചു. എല്ലാ വിമാന സര്‍വീസുകളും ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ റദ്ദാക്കിയതായും കുവൈറ്റ് ഭരണകൂടം അറിയിച്ചു. നിലവില്‍ 114 രാജ്യങ്ങളിലായി ഒരുലക്ഷത്തിലേറെ പേര്‍ക്ക് രോഗം ബാധിച്ച് കഴിഞ്ഞു. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം 4291 പേരാണ് വൈറസ് ബാധ കാരണം മരിച്ചത്. മരണ നിരക്ക് ഇനിയും ഉയരുമെന്നാണ് നിഗമനം.




