സംസ്ഥാനത്ത് ഇന്ന് ആശ്വാസ ദിനം, ആര്‍ക്കും കൊവിഡില്ല. 61 പേരുടെ റിസള്‍ട്ട് നെഗറ്റീവായി; ഇവര്‍ ഇന്ന് ആശുപത്രി വിടും. 34 പേര് മാത്രമാണ് ഇനി ചികിത്സയിലുള്ളത്. കൊവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്.
ഇന്നലെയും മേയ് ഒന്നിനും സംസ്ഥാനത്ത് പുതിയ രോഗികള്‍ ഇല്ലായിരുന്നു. സംസ്ഥാനത്ത് പുതിയ തീവ്ര ബാധിത മേഖലകളില്ല. 21,724 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.ഇതില്‍ 21,352 പേര് വീടുകളിലും 372 പേര് ആശുപത്രികളിലും നിരീക്ഷണത്തില്‍ കഴിയുന്നു. 33,010 സാമ്പിളുകള്‍ ഇതുവരെ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 32,315 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കിയതായും മുഖ്യമന്ത്രി വ്യക്തമാക്കി.വിവിധ സംസ്ഥാനങ്ങളിലെ 164,263 മലയാളികള്‍ നോര്‍ക്ക വഴി നാട്ടിലേക്ക് വരാന്‍ രജിസ്റ്റര്‍ ചെയ്തു. കര്‍ണ്ണാടകം, തമിഴ്നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലുള്ളവരാണ് ഏറ്റവും കൂടുതല്‍. തെലങ്കാന, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, ഡല്‍ഹി, ഉത്തര്‍പ്രദേശ്, മദ്ധ്യപ്രദേശ്, ബിഹാര്‍, രാജസ്ഥാന്, പശ്ചിമ ബംഗാള്‍, ഹരിയാന, ഗോവ എന്നിവിടങ്ങളില്‍ നിന്നെല്ലാം മലയാളികള്‍ നാട്ടിലേക്ക് വരാന്‍ രജിസ്റ്റര്‍ ചെയ്തു. അന്യസംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയവര്‍ക്ക് തിരിച്ചെത്താന്‍ നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഇനിയും അവസരമുണ്ട്. ഇതുവരെ 13518 അന്യസംസ്ഥാന തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങിയതായും മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്തെ ഓട്ടോമൊബൈല്‍ വര്‍ക് ഷോപ്പുകള്‍ക്ക് ഹോട്ട്സ്പോട്ടുകളിലല്ലാതെ പ്രവര്‍ത്തിക്കാം. ഞായറാഴ്ച സമ്പൂര്‍ണ ഒഴിവാണ് പ്രഖ്യാപിച്ചത്. എന്നാല്‍ റംസാന് കാലമായതിനാല്‍ ഉച്ചക്ക് ശേഷം ഭക്ഷണം വിതരണം ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം.ലക്ഷദ്വീപില്‍ കുടുങ്ങിയ മലയാളികളെ തിരിച്ചെത്തിക്കാന്‍ ധാരണയായി. കണ്ടൈന്‍മെന്റ് സോണൊഴികെ റോഡുകള്‍ അടച്ചിടില്ല. നിബന്ധനകള്‍ക്ക് വിധേയമായി വാഹന ഗതാഗതം നടത്തും. എന്നാല്‍ പൊതുഗതാഗതം ഉണ്ടാകില്ല. പ്രവാസി മലയാളികള്‍ക്ക് മടങ്ങി എത്തിയ ഉടന്‍ ബന്ധുക്കളുമായും, ഡോക്ടര്‍മാരുമായും ആശയവിനിമയം നടത്താന്‍ ബി.എസ്.എന്‍.എല്‍ സൗജന്യമായി സിം കാര്‍ഡ് നല്‍കും.
മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മാതാപിതാക്കളെയോ കുട്ടികളെയോ ബന്ധുക്കളെയോ കൂട്ടിക്കൊണ്ടുവരാന്‍ അവര്‍ താമസിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്ന് അനുമതി വാങ്ങണം. ഒപ്പം അവര്‍ തിരികെയെത്തുന്ന ജില്ലയിലെ കലക്ടറില്‍ നിന്നും അനുമതി വാങ്ങണം. മുന്‍ഗണനാ ലിസ്റ്റില്‍ പെട്ടവര്‍ക്കാണ് ആദ്യ യാത്രാനുമതി. ഗര്‍ഭിണികള്‍, കേരളത്തില്‍ നിന്ന് മറ്റാവവശ്യങ്ങള്‍ക്കായി അന്യസംസ്ഥാനങ്ങളില്‍ പോയവര്‍, മറ്റ് അസുഖങ്ങള്‍ ഉള്ളവര്‍ എന്നിവരാണ് മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടുന്നത്. ഘട്ടംഘട്ടമായി ഈ പ്രക്രിയ പൂര്‍ത്തിയാക്കാനുള്ള പദ്ധതിയാണ് സര്‍ക്കാര്‍ തയാറാക്കിയതെന്ന് വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.