സംസ്ഥാനത്ത് കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 14 ആയി ഉയര്‍ന്നു. കൊറോണ ബാധയെ തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിയുന്ന കൊച്ചിയിലെ മൂന്ന് വയസുകാരന്റെ മാതാപിതാക്കളിലാണ് കൊറോണ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം എട്ടായി ഉയര്‍ന്നു.
ഇവരെ കൂടാതെ പത്തനംതിട്ടയില്‍ ഏഴ് പേരിലും, കോട്ടയത്ത് നാല് പേരിലുമാണ് കൊറോണ വൈറസ് കണ്ടെത്തിയിരുന്നത്. സാധാരണ രീതിയിലുള്ള ഇടപെടലും ജാഗ്രതയും പോര കോവിഡ് 19 നിയന്ത്രിക്കാനെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പത്രസമ്മേളനത്തിലൂടെ പറഞ്ഞിരുന്നു. സിനിമാ തിയേറ്ററുകള്‍ അടച്ചിടാനും പി.എസ്.സി പരീക്ഷകള്‍ മാറ്റിവയ്ക്കാനും അദ്ദേഹം നിര്‍ദേശം നല്‍കിയിട്ടുണ്ട്.ഇറ്റലി, ഇറാന്, സിങ്കപ്പൂര്‍ തുടങ്ങിയ രോഗബാധിത രാജ്യങ്ങളില്‍നിന്ന് വരുന്നവര്‍ സ്വമേധയാ നിരീക്ഷണത്തിന് വിധേയമാകണം. സര്‍ക്കാര്‍ സംവിധാനങ്ങളെ ബന്ധപ്പെടണം. മറ്റുള്ളവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെടരുത്. നിരീക്ഷണത്തിലുള്ള കുടുംബങ്ങള്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ എത്തിക്കാന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്കി. യാത്ര മുടങ്ങുന്നത് മൂലം വിദേശത്ത് ജോലി ചെയ്യുന്നവര്‍ നേരിടുന്ന പ്രയാസം പരിഹരിക്കും-അദ്ദേഹം പറഞ്ഞു. ഇതുസംബന്ധിച്ച് കേന്ദ്രസര്‍ക്കാറുമായി സംസാരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.