ഹൃദയഭിത്തിയില്‍ ജന്മനായുള്ള സുഷിരം ശസ്ത്രക്രിയ കൂടാതെ അടയ്ക്കാനുള്ള ഉപകരണവും അതു സ്ഥാപിക്കാനുള്ള സംവിധാനവും വികസിപ്പിച്ചെടുത്തു ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട്് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജി. നിറ്റിനോള്‍ കമ്പികളും പോളിയസ്റ്ററും ഉപയോഗിച്ചാണു ചിത്ര എഎസ്ഡി ഒക്ലൂഡര്‍ എന്നു പേരിട്ട ഉപകരണം നിര്‍മിച്ചിരിക്കുന്നത്. രൂപകല്‍പനയുടെ ഇന്ത്യന്‍ പേറ്റന്റിനായി അപേക്ഷ സമര്‍പ്പിച്ചു.
കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിനു കീഴിലുള്ള ശ്രീചിത്രയിലെ ബയോ മെഡിക്കല്‍ ടെക്‌നോളജി വിഭാഗത്തിലെ ടെക്‌നിക്കല്‍ റിസര്‍ച് സെന്റര്‍ ഫോര്‍ ബയോമെഡിക്കല്‍ ഡിവൈസസ് ആണ് ഒക്ലൂഡര്‍ വികസിപ്പിച്ചത്. നിറ്റിനോള്‍ കമ്പികള്‍ കൊണ്ടുണ്ടാക്കിയ ചട്ടക്കൂടിനുള്ളിലാണ് പോളിയസ്റ്റര്‍ ആവരണം. ഒക്ലൂഡര്‍ കത്തീറ്ററിനുള്ളിലാക്കി ഹൃദയത്തില്‍ എത്തിച്ച് സുഷിരത്തില്‍ സ്ഥാപിക്കാം. കത്തീറ്ററില്‍ നിന്ന്് പുറത്തെത്തിയാലുടന്‍ നിറ്റിനോള്‍ ചട്ടക്കൂട് വികസിക്കും. പോളിയസ്റ്റര്‍ ആവരണം രക്തം ആഗിരണം ചെയ്തു സുഷിരം അടയും. കാലക്രമേണ ഇവിടെ കോശങ്ങള്‍ വളരും.
ഡോ. സുജേഷ്് ശ്രീധരന്‍, കാര്‍ഡിയോളജി വിഭാഗം പ്രഫസര്‍മാരായ ഡോ. എസ്. ബിജുലാല്‍, ഡോ. കെ.എം.കൃഷ്്ണമൂര്‍ത്തി എന്നിവരടങ്ങിയ സംഘമാണ് ഒക്ലൂഡര്‍ വികസിപ്പിച്ചത്. ഇറക്കുമതി ചെയ്യുന്ന, ഏകദേശം 60,000 രൂപ വിലവരുന്ന ഉപകരണങ്ങള്‍ ഉപയോഗിച്ചാണു നിലവില്‍ ഹൃദയത്തിലെ സുഷിരങ്ങള്‍ അടയ്ക്കുന്നത്. ചിത്ര ഒക്ലൂഡര്‍ വിപണിയില്‍ എത്തുന്നതോടെ ഇവയുടെ വില കുറയും. സാങ്കേതികവിദ്യ സ്വകാര്യ കമ്പനികള്‍ക്ക് ഉടന്‍ കൈമാറും. മൃഗങ്ങളിലും മനുഷ്യരിലും പഠനം നടത്തിയ ശേഷമായിരിക്കും ഉപകരണം വിപണിയിലെത്തുക.
in Editor's Picks, FEATURES, HEALTH