- Advertisement -Newspaper WordPress Theme
HEALTHകെ.എം.എസ്.സി.എല്ലിന്‍റെ നാല് ഗുളികകളടക്കം, 103 മരുന്നുകൾക്ക് ഗുണനിലവാരമില്ലെന്ന് കണ്ടെത്തൽ

കെ.എം.എസ്.സി.എല്ലിന്‍റെ നാല് ഗുളികകളടക്കം, 103 മരുന്നുകൾക്ക് ഗുണനിലവാരമില്ലെന്ന് കണ്ടെത്തൽ

മലപ്പുറം: കഴിഞ്ഞ ഫെബ്രുവരിയിൽ ഡ്രഗ് റെഗുലേറ്റർമാർ സാമ്പിൾ ശേഖരിച്ച് പരിശോധിച്ച 103 മരുന്നുകൾക്ക് ഗുണനിലവാരമില്ലെന്ന് സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേഡ് കൺട്രോൾ ഓർഗനൈസേഷൻ (സി‌.ഡി.എസ്.സി.ഒ) റിപ്പോർട്ട്. കേരള മെഡിക്കൽ സർവിസസ് കോർപറേഷൻ, സർക്കാർ ആശുപത്രികളിൽ വിതരണം ചെയ്യുന്ന ക്ലോപിഡോഗ്രെൽ ഗുളികകളടക്കം നാല് മരുന്നുകളും ഗുണനിലവാരമില്ലാത്തവയുടെ പട്ടികയിലുണ്ട്.  കേന്ദ്ര ലാബിൽ പരിശോധിച്ച 47ഉം വിവിധ സംസ്ഥാന ലബോറട്ടറികളിൽ പരിശോധിച്ച 56ഉം മരുന്നുകളാണ് പരിശോധനയിൽ പരാജയപ്പെട്ടത്.

തിരുവനന്തപുരം സ്റ്റേറ്റ് ലാബിൽ പരിശോധിച്ച 21 മരുന്നുകൾ ഗുണനിലവാരമില്ലെന്ന് കണ്ടെത്തി. സർക്കാർ ആശുപത്രികളിൽ വിതരണംചെയ്യുന്ന, രക്തം കട്ടപിടിക്കാതിരിക്കാനുള്ള ക്ലോപിഡോഗ്രെൽ ഗുളികകൾ, ആന്‍റിബയോട്ടിക് മരുന്നായ സെഫിക്സിമിൽ ഓറൽ സസ്പെൻഷൻ, വൈറ്റമിൽ ബി കോംപ്ലക്സ് ഗുളികകൾ എന്നിവ ഗുണനിലവാര പരിശോധനയിൽ പരാജയെപ്പട്ടു. കേരള മെഡിക്കൽ സർവിസസ് കോർപറേഷനുവേണ്ടി (കെ.എം.എസ്.സി.എൽ) വിവിധ ഫാർമ കമ്പനികൾ നിർമിച്ചതാണിവ.

പൊതുമേഖല സ്ഥാപനമായ കർണാടക ആൻറിബയോട്ടിക്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡിന്‍റെ പ്രമേഹത്തിനുള്ള ഗ്ലിമെപിറൈഡ് ടാബ്‌ലെറ്റുകൾ, ഹീലേഴ്സ് ലാബിന്‍റെ പാരസറ്റാമോൾ 500 ഗുളികകൾ, ആർ.ടി.എൻ ഫാർമയുടെ രക്തസമ്മർദത്തിനുള്ള ടെൽമിസാർട്ടൻ ഗുളികകൾ, ലബോറേറ്റ് ഫാർമസ്യൂട്ടിക്കൽസിൽനിന്നുള്ള പാരസെറ്റാമോൾ ഗുളികയായ പാര 500, ജാക്‌സൺ ലബോറട്ടറീസിൽനിന്നുള്ള അപസ്മാരത്തിനുള്ള 100 മില്ലിഗ്രാം ഫെനിറ്റോയിൻ ഗുളികകൾ എന്നിവയും ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടു.

യൂറോലൈഫ് ഹെൽത്ത്കെയർ നിർമിക്കുന്ന കോമ്പൗണ്ട് സോഡിയം ലാക്റ്റേറ്റ് ഇൻജക്ഷൻ ഐ.പി, മാർട്ടിൻ ആൻഡ് ബ്രൗൺ ബയോ സയൻസസ് നിർമിക്കുന്ന റാബെപ്രാസോൾ ഗുളികകൾ, ഹെൽത്ത് ബയോടെക് നിർമിക്കുന്ന അഡ്രിനാലിൻ ബിറ്റാർട്രേറ്റ് ഇൻജക്ഷൻ, പശ്ചിമബംഗാൾ ഫാർമസ്യൂട്ടിക്കൽസ് നിർമിക്കുന്ന കോമ്പൗണ്ട് സോഡിയം ലാക്റ്റേറ്റ് ഇൻജക്ഷൻ, ഒമേഗ ഫാർമ നിർമിക്കുന്ന കോ-ട്രൈമോക്സാസോൾ ആന്‍റിബയോട്ടിക് ഗുളികകൾ, സീ ലബോറട്ടറീസ് നിർമിക്കുന്ന അമോക്സിസില്ലിൻ ഓറൽ സസ്പെൻഷൻ, മോഡേൺ ലബോറട്ടറീസിന്‍റെ വൈറ്റമിൽ ബി ഗുളികകൾ എന്നിവയും ഗുണനിലവാരമില്ലാത്തവയുടെ പട്ടികയിലുണ്ട്.

നെയ്യാറ്റിൻകരയിലെ ശക്തി ആയുർവേദ ഫാർമസ്യൂട്ടിക്കൽസ് ഉൽപാദിപ്പിക്കുന്ന അശോകാരിഷ്ടം, അമൃതാരിഷ്ടം, ബാലാരിഷ്ടം എന്നിവയും ഗുണനിലവാരമില്ലെന്ന് കണ്ടെത്തി. ടെൽമ-എച്ച് (ടെൽമിസാർട്ടൻ 40 മില്ലിഗ്രാം, ഹൈഡ്രോക്ലോറോത്തിയാസൈഡ് 12.5 മില്ലിഗ്രാം) വ്യാജ മരുന്നാണെന്ന് സി.ഡി.എസ്.സി.ഒ പ്രഖ്യാപിച്ചു. ഈ മരുന്ന് തങ്ങളുടേതല്ലെന്ന് നിർമാതാക്കളായ ഗ്ലെൻമാർക്ക് ഫാർമസ്യൂട്ടിക്കൽസ് അറിയിച്ചിട്ടുണ്ട്.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme