ബോളിവുഡ് താരം ഋഷി കപൂറിനെ ശ്വാസതടസ്സത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
മുതിര്‍ന്ന ബോളിവുഡ് ചലച്ചിത്ര താരം ഋഷി കപൂറിനെ മുംബൈയിലെ എച്ച്എന്‍ റിലയന്‍സ് ഫൗണ്ടേഷന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസതടസ്സത്തെത്തുടര്‍ന്നാണ് അറുപത്തിയേഴുകാരനായ ഋഷി കപൂറിനെ ആശുപത്രിയിലാക്കിയതെന്ന് അദ്ദേഹത്തിന്റെ സഹോദരനും ചലച്ചിത്ര താരവുമായ രണ്‍ധീര്‍ കപൂര്‍ അറിയിച്ചു. ഋഷി കപൂറിന്റെ ഭാര്യ നീതുവും മകനും ചലച്ചിത്രതാരവുമായ രണ്‍ബീര്‍ കപൂറും ആശുപത്രിയിലുണ്ട്.
ഋഷി കപൂറിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 2018 ല്‍ അര്‍ബുദം സ്ഥിരീകരിച്ച ഋഷി കപൂര്‍ ഒരു വര്‍ഷത്തിലേറെ യുഎസിലെ അര്‍ബുദ ചികില്‍സയ്ക്കു ശേഷം ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് ഇന്ത്യയില്‍ മടങ്ങിയെത്തിയത്.
ഫെബ്രുവരിയില്‍ അദ്ദേഹത്തെ രണ്ടു തവണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഡല്‍ഹിയില്‍ ഒരു കുടുംബചടങ്ങില്‍ പങ്കെടുക്കുന്നതിനിടെ അണുബാധയെത്തുടര്‍ന്നാണ് അദ്ദേഹത്തെ ആദ്യം ആശുപത്രിയിലാക്കിയത്. മുംബൈയില്‍ മടങ്ങിയെത്തിയതിനു പിന്നാലെ വൈറല്‍ പനി ബാധയെത്തുടര്‍ന്ന് ആശുപത്രിയിലായ അദ്ദേഹം കുറച്ചുദിവസത്തിനകം ആശുപത്രി വിട്ടിരുന്നു.
സമൂഹമാധ്യമത്തില്‍ ഏറെ സജീവമായ ഋഷി കപൂറിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ ഏപ്രില്‍ രണ്ടു മുതല്‍ പുതിയ പോസ്റ്റുകള്‍ വന്നിരുന്നില്ല. ‘ദ് ഇന്റേണ്‍’ എന്ന ഹോളിവുഡ് ചിത്രത്തിന്റെ റീമേക്കില്‍ ദീപിക പദുക്കോണിന്റെ കൂടെ അഭിനയിക്കാനൊരുങ്ങുകയാണെന്ന് അദ്ദേഹം അടുത്തിടെ അറിയിച്ചിരുന്നു. നെറ്റ്ഫ്ലിക്സില്‍ ‘ദ് ബോഡി’ എന്ന വെബ് സീരീസിലാണ് അദ്ദേഹം ഈയടുത്ത് അഭിനയിച്ചത്