മറവിരോഗത്തെക്കുറിച്ച് മറക്കരുത്. ഇന്ന് ലോക അല്‍ഷിമേഴ്‌സ് ദിനം
ഇന്ന് ലോക അല്‍ഷിമേഴ്‌സ് ദിനമാണ്. മറവിരോഗത്തെക്കുറിച്ച് അടുത്തിടെ മുതലാണ് മലയാളികള്‍ ശ്രദ്ധിച്ചുതുടങ്ങുന്നത്. പ്രായാധിക്യം കാരണമാണ് സാധാരണഗതിയില്‍ മറവിരോഗബാധയുണ്ടാകുന്നതെന്നു മാത്രമാകും നമ്മള്‍ ചിന്തിക്കുക. എന്നാല്‍ ഈ ധാരണ ശരിയല്ല. കേരളത്തില്‍ മറവിരോഗം ബാധിക്കുന്നവരുടെ എണ്ണംകൂടുതലാകുന്നുണ്ടെന്നാണ് ന്യൂറോളജി വിദഗ്ധര്‍ പറയുന്നത്.
ജീവിതശൈലിയിലുണ്ടായ മാറ്റങ്ങള്‍ മറവിരോഗത്തിലേക്കു തള്ളിവിടുന്നുണ്ടെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. കേരളത്തില്‍ 60 ല്‍ കൂടുതല്‍ പ്രായമുള്ള ആയിരംപേരെ കണക്കിലെടുത്താല്‍ 45 പേരോളം ആളുകള്‍ക്ക് മറവിരോഗലക്ഷണങ്ങള്‍ പ്രകടമാണ്.
ജോലി, കുടുംബം, മറ്റ് ജീവിതപ്രശ്‌നങ്ങള്‍ എന്നിവ കാരണം പലവിധ മാനസികസമ്മര്‍ദ്ദം കൂടുതലുള്ളവരായി മലയാളികള്‍ മാറി. ഒഴിച്ചുകൂടാനാകാത്തവിധം മൊബൈല്‍ഫോണ്‍ ഉപയോഗം കൂടിയതും രാത്രികാല ഉറക്കത്തെയും സാരമായി ബാധിക്കുന്നത് മലയാളികളില്‍ കൂടിവരികയാണ്. വ്യായാമക്കുറവും കൂടിയാകുന്നതോടെ നമ്മള്‍ മറവിരോഗത്തെ സ്വയം ക്ഷണിച്ചുവരുത്തുകയാണെന്നാണ് ന്യൂറോവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
18 + 8 = ?
കണക്കുകൂട്ടലുകള്‍ തെറ്റുന്നോ?
ചെറിയ രീതിയിലാകും മറവിരോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുക. പഴയകാല സംഭവങ്ങള്‍ പൂര്‍ണ്ണമായും ഓര്‍ത്തിരിക്കുമെങ്കിലും തലേദിവസം സംഭവിച്ചത് മറന്നുപോവുക, തലേദിവസം നേരില്‍ക്കണ്ടവരേയോ അവരുടെ പേരോ ഓര്‍ത്തെടുക്കാനാകാതെ വരിക എന്നിവയെല്ലാം മറവിരോഗത്തിന്റെ ലക്ഷണങ്ങളില്‍ പെടുന്നു. സാധനങ്ങള്‍ എവിടെ വച്ചെന്ന് പെട്ടെന്ന് ഓര്‍ക്കാനാകാതെ വരിക, പണം കൈകാര്യം ചെയ്യുന്നതില്‍ പാകപ്പിഴയുണ്ടാകുക തുടങ്ങി ചെറിയ രീതിയിലുള്ളവയെല്ലാം മറവിരോഗത്തിലേക്കു നയിക്കുന്ന ലക്ഷണങ്ങളാണ്.
എന്നാല്‍ ഇവയെ ഗുരുതരമായി കണക്കാക്കേണ്ടതില്ല. കാരണം മൊബൈല്‍ ഫോണ്‍ അടക്കമുള്ള സാങ്കേതികവിദ്യകള്‍ വന്നതോടെ നമ്മുടെ ബുദ്ധിയുടെ ഉപയോഗം സ്വയം കുറച്ചൂശവന്നതാണ് വാസ്തവം. ഇതോടെ കണക്കുകള്‍ മനസില്‍ കൂട്ടി കാര്യങ്ങള്‍ ഉത്തരം പറഞ്ഞിരുന്ന നമ്മള്‍ കണ്‍ഫ്യൂഷനിലായി. ചെറിയ കണക്കുകള്‍ പോലും കൂട്ടിയെടുക്കാനാകാതെ കുഴഞ്ഞു. 18 + 8 = ? എത്രയെന്നു ചോദിച്ചാല്‍ മൊബൈല്‍ കാല്‍ക്കുലേറ്ററിന്റെ സഹായം തേടേണ്ടി വരുന്നത് മറവിരോഗ ലക്ഷണമല്ല. പക്ഷേ, ഇത്തരത്തില്‍ സ്വന്തം തലച്ചോറിനെ ഉപയോഗിക്കാതെ വരുന്നത് മറവിരോഗത്തിലേക്കു നയിക്കുമെന്ന് പഠനങ്ങളില്‍ പറയുന്നു.
മൊബൈല്‍ഫോണ്‍ വ്യാപകമാകും മുമ്പ് പ്രധാന ഓഫീസുകളുടേയോ ബന്ധുക്കളുടേയോ സുഹുത്തുക്കളുടേയോ വീടുകളിലെ ലാന്റ്‌ഫോണ്‍ നമ്പര്‍ കൃത്യമായി ഓര്‍ത്തിരിക്കുന്നവരാണ് നമ്മള്‍. എന്നാല്‍ സ്വന്തം നമ്പര്‍ ഒഴികെ എത്രപേരുടെ മൊബൈല്‍ നനമ്പര്‍ നമ്മുക്കറിയാം?.
ജീവിതം മാറിയപ്പോള്‍ ഇതൊന്നും ഓര്‍ക്കേണ്ട കാര്യമില്ലെന്ന് നമ്മള്‍ കരുതി. ഫോണ്‍ മെമ്മറിയില്‍ സൂക്ഷിച്ചിട്ടുള്ള നമ്പര്‍ എന്തിന് ഓര്‍ത്തിരിക്കണമെന്ന ചിന്ത കൂടിയതോടെ സ്വന്തം മെമ്മറി പൊടിപിടിച്ചുതുടങ്ങി. ചെറിയ കണക്കുകള്‍, വീട്ടിലുള്ള അംഗങ്ങളുടെ മൊബൈല്‍ നമ്പര്‍പോലും ഓര്‍ത്തിരിക്കാനുള്ള ‘പണി’ സ്വന്തം തലച്ചോറിന് ഇല്ലാതെ വന്നു. മറവിക്ക് ആക്കംകൂട്ടുന്ന ജീവിതശൈലിയിലേക്ക് നമ്മള്‍ മാറിയെന്ന് ചുരുക്കം.
അതുകൊണ്ടാണ് ന്യൂറോളജി വിദഗ്ധര്‍ മറവിരോഗത്തിനുള്ള പ്രധാനകാരണം ജീവിതശൈലീ രോഗങ്ങളാണെന്നു പറയുന്നത്. അമിതവണ്ണം, ഉറക്കക്കുറവ്, വ്യായാമക്കുറവ് എന്നിവയെല്ലാം ചേര്‍ന്ന് ശരീരത്തിലേല്‍പ്പിക്കുന്ന ആഘാതം മറവിരോഗത്തിലേക്കു നയിക്കും. അതുകൊണ്ടുതന്നെ പ്രായാധിക്യംകൊണ്ടുണ്ടാകാനിടയുള്ള മറവിരോഗം നേരത്തെ ക്ഷണിച്ചുവരുത്തുന്നതില്‍ നമ്മുടെ ജീവിതശൈലി ഒരു കാരണമാണെന്നു പറയാം. ഇനി മുതല്‍ ചെറിയ കണക്കുകള്‍ സ്വയം കണ്ടെത്താന്‍ ശ്രമിക്കൂ. കുടുംബത്തിലുള്ളവരുടെ മൊബൈല്‍നമ്പര്‍ കാണാതെ പഠിക്കാന്‍ ശ്രമിക്കൂ… സ്വന്തം മെമ്മറി പൊടിപിടിക്കാതെ നോക്കാന്‍ മറക്കാതിരിക്കൂ…