in , , ,

2020 -ലെ ഏകമഹാമാരി കോവിഡ് 19 മാത്രമോ?

Share this story

കടന്നുപോകുന്നത് നിരവധി ആരോഗ്യ അത്യാഹിതങ്ങള്‍

2020 വിടപറയാന്‍ ഇനി ഒരു മാസംകൂടിയേയുള്ളൂ. പക്ഷേ, ചരിത്രത്തില്‍ ഇക്കൊല്ലം അറിയപ്പെടുക കോവിഡ് 19 എന്ന മഹാമാരിയുടെ പേരിലാകും. എന്നാല്‍ ലോകമെമ്പാടുമുള്ള മനുഷ്യരെ ഒരുപോലെ നിശ്ചലമാക്കിയ കോവിഡ് മാത്രമായിരുന്നോ ഇക്കൊല്ലത്തെ മഹാമാരി. അല്ലെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. കാരണം സാര്‍സ് -കോവിഡ് 2 വയറസ് മാത്രമായിരുന്നില്ല ലോകാരോഗ്യ സംഘടനയ്ക്ക് ഇക്കൊല്ലം കൈകാര്യം ചെയ്യേണ്ടിവന്നത്. ലോകാരോഗ്യ സംഘടന നേരിട്ട ആരോഗ്യഅത്യാഹിതങ്ങളില്‍ ഒന്നുമാത്രമായിരുന്നു കോവിഡ്.

ലെബനനിലെ ബെയ്‌റൂട്ട് തുറമുഖത്തില്‍ നടന്ന സ്‌ഫോടനം.

ഏതാണ്ട് അറുപതോളം ആരോഗ്യ അടിയന്തര സാഹചര്യങ്ങളിലാണ് 2020 -ല്‍ ഇതുവരെ ലോകാരോഗ്യസംഘടനയ്ക്ക് ഇടപെടേണ്ടിവന്നത്. പടിഞ്ഞാറല്‍ മധ്യ ആഫ്രിക്കയിലെ ചെറുരാജ്യമായ ചാഡില്‍ പൊട്ടിപ്പുറപ്പെട്ട ചിക്കന്‍ഗുനിയ, അറ്റ്‌ലാന്റിക് തീരത്തെ ഗാബോണിലും ഗള്‍ഫ് ഓഫ് ഗിനിയായിലെ ടോഗോയിലും പടര്‍ന്ന മഞ്ഞപ്പനി, മെക്‌സിക്കോയിലെ അഞ്ചാംപനി, സുഡാനിലെ വെള്ളപ്പൊക്കം, ഫിലിപ്പൈന്‍സിലും വിയറ്റ്‌നാമിലും ഉണ്ടായ കൊടുങ്കാറ്റുകള്‍ തുടങ്ങിയവ നിരവധി അടിയന്തരസാഹചര്യങ്ങളാണ് ഇക്കൊല്ലം ലോകം നേരിട്ടത്.

കോംഗോയില്‍ പൊട്ടിപ്പുറപ്പെട്ട എബോള വയറസിനെ നിയന്ത്രണവിധേയമാക്കാന്‍ നീണ്ട പതിനെട്ടുമാസത്തെ പ്രയത്‌നമാണ് വേണ്ടിവന്നത്. ലോകാരോഗ്യസംഘടനയും സര്‍ക്കാരും മറ്റു പങ്കാളികളും ചേര്‍ന്ന് നേരിട്ട ഏറ്റവും സങ്കീര്‍ണ്ണമായ ആരോഗ്യ അത്യാഹിതങ്ങളിലൊന്നായിരുന്നു എബോള. ഓഗസ്റ്റില്‍ ലബനനിലെ ബെയ്റൂട്ട് തുറമുഖത്ത് അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ചുണ്ടായ ഭീകരമായ സ്‌ഫോടനത്തെക്കുറിച്ച് നമ്മള്‍ കേട്ടു. എന്നാല്‍ അതില്‍പെട്ട് മരണത്തോടു മല്ലടിച്ച, പരുക്കേറ്റ നിരവധിപേരെക്കുറിച്ചുള്ള കഥകള്‍ പുറംലോകം ശ്രദ്ധിച്ചില്ല. രക്ഷാപ്രവര്‍ത്തനത്തിനിടെ പരുക്കേറ്റ ആരോഗ്യപ്രവര്‍ത്തകരും നിരവധിയായിരുന്നു. എല്ലാവര്‍ക്കും മികച്ച ചികിത്സ ലഭ്യമാക്കുക എന്നതിനൊപ്പം മാനസികമായി തകര്‍ന്നവരെ ജീവിതത്തിലേക്ക് കൊണ്ടുവരാനും ലോകാരോഗ്യസംഘടന പ്രയത്‌നിച്ചു. നശിച്ച ആശുപത്രികളും പുനര്‍നിര്‍മ്മിക്കേണ്ടിവന്നു.

ഗ്രീസിലെ ലെസ്വോസിലെ അഭയ കേന്ദ്രത്തിലുണ്ടായ തീപിടിത്തമായിരുന്നു മറ്റൊന്ന്. ആയിരക്കണക്കിന് അഭയാര്‍ഥികളും കുടിയേറ്റക്കാരുമാണ് ഇതിന്റെ പ്രത്യാഘാതത്തില്‍ പെട്ടത്. ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്, കോകാസസ് എന്നിവയുള്‍പ്പെടെ സംഘര്‍ഷം നേരിടുന്ന രാജ്യങ്ങളിലെ നിരവധി ആരോഗ്യ അത്യാഹിതങ്ങളാണ് ഇക്കൊല്ലം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കോവിഡ് 19 എന്നതു മാത്രമായിരുന്നില്ല ഇക്കൊല്ലത്തെ ആരോഗ്യ അത്യാഹിതമെന്നാണ് ലോകാരോഗ്യ സംഘടനയുടെ ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഫലപ്രദമായ കോവിഡ് വാക്‌സിന്‍: ആരാദ്യം ?

റോഡപകടങ്ങളില്‍ പൊലിഞ്ഞ ജീവിതങ്ങള്‍ക്കൊപ്പം ലോകം