- Advertisement -Newspaper WordPress Theme
Uncategorizedലോക പക്ഷാഘാത ദിനം - ഒക്ടോബര്‍ 29

ലോക പക്ഷാഘാത ദിനം – ഒക്ടോബര്‍ 29

ആഗോളതലത്തില്‍, മസ്തിഷ്‌കാഘാതം മരണ കാരണങ്ങളില്‍ രണ്ടാം സ്ഥാനത്താണ്. പ്രതിവര്‍ഷം ഏകദേശം 1.8 ദശലക്ഷം ആളുകള്‍ക്ക് സ്‌ട്രോക്ക് സംഭവിക്കുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ സ്ട്രോക്ക് കേസുകളില്‍ 100 ശതമാനം വര്‍ധനയുണ്ടായപ്പോള്‍ വികസിത രാജ്യങ്ങളില്‍ 42 ശതമാനം കുറവുണ്ടായി.

ഇന്ത്യയില്‍, ശരാശരി സ്‌ട്രോക്ക് സംഭവങ്ങളുടെ നിരക്ക് 100,000 ജനസംഖ്യയില്‍ 145 ആണ്. ഓരോ മിനിറ്റിലും മൂന്ന് ഇന്ത്യക്കാര്‍ക്ക് സ്‌ട്രോക്ക് ഉണ്ടാകുന്നുവെന്ന് ഗവേഷകര്‍ കണക്കാക്കുന്നു.

മസ്തിഷ്‌കാഘാതം കൂടുതലായി പ്രായമായവരുമായി ബന്ധപ്പെട്ടിരിക്കുമ്പോള്‍, ഏത് പ്രായത്തിലുമുള്ള വ്യക്തികളെയും അവ ബാധിക്കാം. അപകടസാധ്യത ഘടകങ്ങളും ലക്ഷണങ്ങളും തിരിച്ചറിയുന്നത് സ്‌ട്രോക്ക് തടയുന്നതിന് നിര്‍ണ്ണായകമാണ്. നേരത്തെയുള്ള രോഗനിര്‍ണ്ണയവും ചികിത്സയും സ്ട്രോക്കിനു ശേഷം ആരോഗ്യം പൂര്‍ണ്ണമായി വീണ്ടെടുക്കാനുള്ള സാധ്യതകളെ ഗണ്യമായി മെച്ചപ്പെടുത്തുന്നു.

മരണകാരണം എന്നതിലുപരി സ്‌ട്രോക്ക് അതിജീവിക്കുന്നവരില്‍ അത് ഉണ്ടാക്കുന്ന ശാരീരികവും മാനസികവും സാമ്പത്തികവുമായ വിഷമതകള്‍ വളരെ വലുതാണ്. ഒരു ജീവിതശൈലി രോഗമായ സ്‌ട്രോക്ക് പ്രതിരോധ്യമായ ഒരു അവസ്ഥ ആണ്. സ്‌ട്രോക്ക് എന്താണെന്നും, അത് എങ്ങനെ തിരിച്ചറിയാം, എന്തൊക്കെ ചികിത്സകള്‍ ലഭ്യമാണ്, എങ്ങനെ വരാതെ നോക്കാം എന്നതിനെ പറ്റി പൊതുജനങ്ങളില്‍ അവബോധം ഉണ്ടാക്കുന്നതിനായി ആണ് എല്ലാ വര്‍ഷവും ഒക്ടോബര്‍ 29 ലോക പക്ഷാഘാത ദിനമായി ആചരിക്കുന്നത്.

സ്ട്രോക്കിന്റെ ലക്ഷണങ്ങള്‍ നമ്മള്‍ തിരിച്ചറിയാന്‍ വൈകുന്നതാണ് പലപ്പോഴും ചികിത്സ വൈകിപ്പിക്കുന്നത്. നാം പാഴാക്കുന്ന ഓരോ മിനിറ്റിലും തലച്ചോറിലെ ഒരു ദശലക്ഷം കോശങ്ങളാണ് നശിച്ചു കൊണ്ടിരിക്കുന്നത്. ഈ സമയത്തിന്റെ പ്രാധാന്യമാണ് ഈ വര്‍ഷത്തെ സ്‌ട്രോക്ക് ദിന സന്ദേശത്തിന്റെ കാതല്‍. Together we are #GreaterThan Stroke. 90% വരെ സ്‌ട്രോക്കുകള്‍ തടയാന്‍ കഴിയുന്നവയാണ്. മിക്ക സ്‌ട്രോക്കുകള്‍ക്കും കാരണമായ ഘടകങ്ങള്‍ നേരത്തെ തിരിച്ചറിയുന്നതിലൂടെ സ്‌ട്രോക്ക് നമുക്ക് എല്ലാപേര്‍ക്കും ചേര്‍ന്ന് തടയാവുന്നതാണ് എന്നതാണ് ഈ വര്‍ഷത്തെ സ്‌ട്രോക്ക് തീമിന്റെ കാതല്‍.
എന്താണ് സ്‌ട്രോക്ക്

തലച്ചോറിലേക്ക് പോകുന്ന ഒന്നോ അതിലധികമോ രക്തധമനികളുടെ തകരാറ് മൂലം തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് പെട്ടെന്നുണ്ടാകുന്ന ആഘാതമാണ് സ്‌ട്രോക്ക് എന്ന് പറയുന്നത്. സാധാരണയായി 55 വയസ്സ് കഴിഞ്ഞവരിലാണ് ഈ അവസ്ഥ കൂടുതലായും കാണുന്നത്. സ്‌ട്രോക്ക് പൊതുവെ രണ്ടുതരത്തില്‍ കാണുന്നു.
ഇഷിമിക് (ischemic) സ്‌ട്രോക്ക് അഥവാ രക്തധമനികളില്‍ രക്തം കട്ട പിടിച്ചു ഉണ്ടാകുന്ന സ്‌ട്രോക്ക്. സ്‌ട്രോക്കുകളില്‍ ഏറിയ പങ്കും ഇഷിമിക് സ്‌ട്രോക്ക് ആണ്.
ഹെമൊറാജിക് (haemorrhagic) സ്‌ട്രോക്ക് അഥവാ രക്തധമനി പൊട്ടി രക്തം തലച്ചോറിലെ കോശങ്ങളില്‍ നിറയുകയും തകരാറുണ്ടാക്കുകയും ചെയ്യുന്ന സ്‌ട്രോക്ക്. ഇഷിമിക് സ്‌ട്രോക്കിനെക്കാള്‍ മാരകമാണ് ഹെമൊറാജിക് സ്‌ട്രോക്ക്.

സ്‌ട്രോക്ക് വരാനുള്ള സാദ്ധ്യതകള്‍

സ്‌ട്രോക്ക് ഒരു ജീവിതശൈലി രോഗമാണ്. പുകവലി, അമിതവണ്ണം, വ്യായാമത്തിന്റെ അഭാവം, തെറ്റായ ആഹാരക്രമം, അമിത മദ്യപാനം എന്നിവ സ്‌ട്രോക്ക് വരാനുള്ള പ്രധാന കാരണങ്ങളാണ്. അമിത രക്തസമ്മര്‍ദ്ദം ഉള്ളവരില്‍ സ്‌ട്രോക്ക് വരാനുള്ള സാധ്യത വളരെ അധികമാണ്.അതുപോലെ പ്രമേഹം, ഉയര്‍ന്ന കൊളസ്ട്രോളിന്റെ അളവ് ഉള്ളവരിലും സ്‌ട്രോക്ക് ഉണ്ടാകാം. ഹാര്‍ട്ട് അറ്റാക്ക് വന്നവരില്‍, ഹൃദയ വാല്‍വ് സംബന്ധമായ തകരാറുകള്‍ ഉള്ളവരില്‍, ഹൃദയമിടിപ്പ് ക്രമം അല്ലാത്തവര്‍, ഇവരിലൊക്കെ സ്ട്രോക്കിനുള്ള സാധ്യത വളരെ കൂടുതലാണ്.

ഈയിടെയായി ചെറുപ്പക്കാരിലും സ്‌ട്രോക്ക് അധികമായി കണ്ടുവരുന്നുണ്ട്. ഇതിന്റെ ഒരു പ്രധാന കാരണം ജീവിതശൈലിയില്‍ ഉണ്ടായിട്ടുള്ള വ്യതിയാനമാണ്. പുകവലി ആണ് ഇതില്‍ ഏറ്റവും പ്രധാനം. കൂടാതെ അമിത വണ്ണം, രക്തസമ്മര്‍ദ്ദം , മാനസികസമ്മര്‍ദ്ദം എന്നിവയും ചെറുപ്പക്കാരില്‍ സ്‌ട്രോക്ക് ഉണ്ടാകുനുള്ള പ്രധാന കാരണങ്ങളാണ്. ഗര്‍ഭനിരോധന ഗുളികകള്‍ സ്ഥിരമായി ഉപയോഗിക്കുന്ന സ്ത്രീകളിലും സ്ട്രോക്കിനുള്ള സാധ്യത കൂടുതലാണ്. ഇത് കൂടാതെ കുടുംബപരമായി സ്‌ട്രോക്ക് വരുന്നവരിലും രക്തം കട്ട പിടിക്കുന്നതില്‍ അപാകത ഉണ്ടാകുന്ന രോഗങ്ങള്‍ ഉള്ളവരിലും സ്‌ട്രോക്ക് ചെറുപ്പകാലത്തെ ഉണ്ടാകാം.

സ്‌ട്രോക്ക് എങ്ങനെ തിരിച്ചറിയാം

ശരീരത്തിന്റെ ഒരു വശത്ത് പെട്ടെന്നുണ്ടാകുന്ന ബലക്ഷയം, മുഖത്ത് കോട്ടം, സംസാരിക്കാനും ഗ്രഹിക്കാനുമുള്ള ബുദ്ധിമുട്ട്, മരവിപ്പ്, ശരീരത്തിന്റെ അസന്തുലിതാവസ്ഥ, കാഴ്ച ശക്തി കുറയുക, അവ്യക്തത എന്നിവയിലേതെങ്കിലും അനുഭവപ്പെടുകയാണെങ്കില്‍ അതും സ്‌ട്രോക്കിന്റെ ലക്ഷണങ്ങളാണ്. സ്‌കൂള്‍ തലത്തില്‍ തന്നെ സ്ട്രോക്കിന്റെ ലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ കുട്ടികളെ പ്രാപ്തരാക്കുക എന്നതും ഈ സ്‌ട്രോക് ദിനത്തിന്റെ ലക്ഷ്യങ്ങളില്‍ ഒന്നാണ്. FAST എന്ന സ്‌ട്രോക്ക് ലക്ഷണങ്ങളുടെ ചുരുക്കെഴുത്തിനെ പറ്റി കൂടുതല്‍ പ്രചാരം നല്‍കുകയാണ് ലക്ഷ്യം.

സ്‌ട്രോക്ക് എങ്ങനെ ചികിത്സിക്കാം

സ്‌ട്രോക്കിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുമ്പോഴേ രോഗി ചികിത്സയ്ക്ക് വിധേയരാകേണ്ടതാണ്. രക്തം കട്ടപിടിച്ചുണ്ടാകുന്ന സ്‌ട്രോക്കുകളില്‍ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങി നാലര മണിക്കൂറിനുള്ളില്‍ തന്നെ രക്തം കട്ട പിടിച്ചത് മാറ്റാനുള്ള മരുന്ന് നല്‍കേണ്ടതാണ്. ഇതിനു ത്രോംബോളൈറ്റിക് (thrombolytic) തെറാപ്പി എന്നാണ് പറയുന്നത്. ഈ ചികിത്സയാല്‍ സ്‌ട്രോക്ക് മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്ക് ഗണ്യമായ കുറവുണ്ടാകും. അതിനാല്‍ എത്രയും പെട്ടന്ന് രോഗിയെ അടുത്തുള്ള സ്‌ട്രോക്ക് യൂണിറ്റില്‍ എത്തിക്കേണ്ടതാണ്. 24 മണിക്കൂറും ന്യൂറോളജിസ്റ്റ്, ന്യൂറോസര്‍ജന്‍, സിടി (CT) / എം ആര്‍ ഐ (MRI) എടുക്കാനുള്ള സൗകര്യം, ഐ സി യു സൗകര്യം എന്നിവയാണ് സ്‌ട്രോക്ക് യൂണിറ്റുകള്‍ക്ക് ഉണ്ടായിരിക്കേണ്ട കുറഞ്ഞ യോഗ്യതകള്‍.

സാധാരണയായി സംഭവിക്കുന്നത് രോഗിയെ ആദ്യം അടുത്തുള്ള ഒരു ക്ലിനിക്കില്‍ എത്തിക്കുകയും പിന്നെ സിടി സ്‌കാനനിംഗിനായി വേറൊരു സ്ഥലത്തേക്ക് പറഞ്ഞു വിടുകയുമാണ്. നമുക്ക് പെട്ടന്ന് എത്തിപ്പെടാവുന്ന സ്‌ട്രോക്ക് യൂണിറ്റുകള്‍ ഉള്ള ഹോസ്പിറ്റലുകള്‍ ഏതൊക്കെ എന്നും അവരുടെ സ്‌ട്രോക്ക് ഹെല്‍പ് നമ്പറുകള്‍ ഏതാണെന്നും അറിഞ്ഞു വച്ചിരിക്കുന്നത് ആദ്യമുണ്ടാകുന്ന ഈ സമയനഷ്ടം കുറയ്ക്കാന്‍ സഹായിക്കും.

തലച്ചോറിലേക്കുള്ള പ്രധാന രക്തധമനികളിലാണ് clot എങ്കിലോ, അല്ലെങ്കില്‍ മറ്റു ചില കാരണങ്ങളാല്‍ ത്രോബോലിസിസ് ചെയ്യാന്‍ പറ്റാത്ത രോഗികളില്‍, രക്തധമനി വഴി ഒരു കത്തീറ്റര്‍ കടത്തി രക്തക്കട്ട നീക്കം ചെയ്യാനുള്ള എന്‍ഡോവാസ്‌ക്കുലര്‍ റിവാസ്‌ക്കുലറൈസേഷന്‍ (endovascular revascularization) തെറാപ്പിയും ഇപ്പോള്‍ ലഭ്യമാണ്. എന്നാല്‍ ഇതു ചില സ്‌ട്രോക്ക് യൂണിറ്റുകളില്‍ മാത്രമേ ഇപ്പോള്‍ ലഭ്യമായിട്ടുള്ളു. ചികിത്സ വൈകുവാനുള്ള മറ്റൊരു കാരണം തുടക്കത്തില്‍ രോഗലക്ഷണങ്ങള്‍ വളരെ കുറവായിരിക്കും. സിടി സ്‌കാനില്‍ സ്ട്രോക്കിന്റെ വ്യതിയാനങ്ങള്‍ വരാന്‍ ചിലപ്പോള്‍ ആറു തൊട്ടു ഇരുപതിനാല് മണിക്കൂര്‍ വരെ എടുക്കാം. സിടി സ്‌കാന്‍ വിശദമായി പരിശോധിക്കുകയോ ഇല്ലെങ്കില്‍ എം ആര്‍ ഐ സ്‌കാനില്‍ മാത്രമേ ആദ്യ മണിക്കൂറുകളില്‍ സ്ട്രോക്കിന്റെ വ്യതിയാനങ്ങളും മനസ്സിലാക്കുവാന്‍ സാധിക്കുകയുള്ളു. കാര്യമായ രോഗലക്ഷണങ്ങള്‍ ഇല്ലാത്തതിനാലും സിടി സ്‌കാന്‍ നോര്‍മല്‍ ആയതിനാലും ചിലപ്പോള്‍ ചികിത്സ വൈകാറുണ്ട്. ഇത്തരക്കാരില്‍ ചിലപ്പോള്‍ 2 – 3 മണിക്കൂര്‍ കഴിയുമ്പോള്‍ പൂര്‍ണ്ണമായ സ്‌ട്രോക്ക് വരുകയും ത്രോമ്പോലിസിസ് ചികിത്സയ്ക്കുള്ള സമയപരിധി കഴിഞ്ഞു പോകുകയും ചെയ്യാറുണ്ട്.

ചില രോഗികളില്‍ സ്ട്രോക്കിന്റെ ലക്ഷണങ്ങള്‍ വന്ന് ഒരു മണിക്കൂറിനുള്ളില്‍ തന്നെ അത് പൂര്‍ണ്ണമായി മാറുകയും ചെയ്യും. ഇതിനെ ടി ഐ എ (TIA) അഥവാ ട്രാന്‍സിയന്റ് ഇഷിമിക് അറ്റാക്ക് (Transient ischemic Attack) എന്ന് പറയുന്നു. പൂര്‍ണ്ണമായി ഭേദമായതിനാല്‍ രോഗി ചികിസ ചിലപ്പോള്‍ തേടാറില്ല. എന്നാല്‍ ഇത്തരത്തില്‍ വരുന്ന ടി ഐ എ ഭാവിയില്‍ സ്‌ട്രോക്ക് വരുന്നതിനുള്ള ഒരു അപായ സൂചന ആണ്. അതിനാല്‍ ലക്ഷണങ്ങള്‍ ഭേദമായാലും ഉടനെ തന്നെ ഒരു ന്യൂറോളജിസ്റ്റിനെ കണ്ട് വേണ്ട ചികിത്സ തേടേണ്ടതാണ്.

സ്ട്രോക്കിനു ശേഷമുള്ള ജീവിതം

ശാരീരിക വിഷമതകള്‍ക്കു പുറമെ സ്‌ട്രോക്ക് രോഗിയുടെ മാത്രമല്ല കുടുംബത്തിലും ഉണ്ടാക്കുന്ന മാനസികവും സാമ്പത്തികവുമായ ആഘാതം വളരെ വലുതാണ്. അതിനാല്‍ സ്‌ട്രോക്ക് ചികിത്സയില്‍ ഏറ്റവും പ്രധാനമാണ് അവരുടെ പുനരധിവാസം (rehabilitation). ചലന ശേഷി വീണ്ടെടുക്കാനായി മുടങ്ങാതെ ഫിസിയോതെറാപ്പി ചെയ്യണം. ഫിസിയോതെറാപ്പിയുടെ ആദ്യ ലക്ഷ്യം ദൈനംദിന കാര്യങ്ങള്‍ ചെയ്യാന്‍ രോഗിയെ പ്രാപ്തമാക്കുക എന്നതാണ്. അത് നേടിയാല്‍ അടുത്ത ലക്ഷ്യം ജോലി ചെയ്യാന്‍ പ്രാപ്തമാക്കാനുള്ള occupational ഫിസിയോതെറാപ്പി ആണ്. കിടപ്പിലായ രോഗികളില്‍ ബെഡ് സോര്‍ വരാതെ നോക്കാനായി ഓരോ രണ്ടു മണിക്കൂറിലും രോഗിയെ തിരിച്ചു കിടത്തേണ്ടതാണ്.

നമ്മുടെ ചുറ്റുപാടില്‍ നമ്മുടെ ശരീരത്തിന്റെ ഏകോപനവും സ്ഥിരതയും കൂടിച്ചേരുന്നതാണ് സന്തുലിതാവസ്ഥ. ഇത് സഞ്ചാരം, സാധനങ്ങള്‍ കയ്യെത്തി പിടിക്കുക പോലുള്ള ദൈനംദിന പ്രവൃത്തികളില്‍ സഹായിക്കുന്നു. എന്നാല്‍ സ്ട്രോക്കില്‍ ഈ സന്തുലനാവസ്ഥ നഷ്ടപ്പെടുന്നു. അതിനാല്‍ വീഴ്ചകള്‍ക്കുള്ള സാധ്യത വളരെ കൂടുതലാണ്. രോഗികള്‍ കിടക്കുന്ന മുറിയും അവരുപയോഗിക്കുന്ന കുളിമുറിയും ഒരേ നിരപ്പില്‍ അയിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. കൂടാതെ രാത്രി ആവശ്യമായ പ്രകാശവും ബാത്റൂമില്‍ വേണം. തട്ടിവീഴാന്‍ കരണമാകാവുന്ന സാധനങ്ങള്‍ തറയില്‍ നിന്ന് മാറ്റേണ്ടതാണ്. തിരിയുമ്പോഴും കട്ടില്‍ നിന്ന് എഴുന്നേല്‍ക്കുമ്പോഴും ഒക്കെ ചലനങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രികരിക്കുക. ശരിക്കും പാകമുള്ളതും കാനം കുറഞ്ഞ സോളോട് കൂടിയതും ഗ്രിപ്പുള്ളതുമായ പാദരക്ഷകള്‍ ആണ് ഉപയോഗിക്കേണ്ടത്.

സ്‌ട്രോക്ക് കാരണം ആശയവിനിമയത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. ഇതിനു നല്ല രീതിയില്‍ ഉള്ള സ്പീച്ച് തെറാപ്പി ആവശ്യമാണ്. ആശയവിനിമയം നടത്താന്‍ നിരന്തരമായി അഭ്യസിക്കുക, ഉച്ചത്തില്‍ വായിക്കുക, പേരുകള്‍ ഗാനങ്ങള്‍ തുടങ്ങിയവ പലതവണ ആവര്‍ത്തിക്കുക, കാര്‍ഡുകള്‍ അല്ലെങ്കില്‍ ആധുനിക സാങ്കേതികവിദ്യകള്‍ ആശയവിനിമയത്തിന് ഉപയോഗിക്കുക തുടങ്ങിയവ ചെയ്യാവുന്നതാണ്.

സ്‌ട്രോക്ക് രോഗികളില്‍ ഭക്ഷണം വിഴുങ്ങന്നതിനുള്ള പ്രയാസം കാണാറുണ്ട്. ഇതു ആഹാരം ശ്വാസനാളത്തിലേക്കു പോകുവാനും തന്മൂലം ആസ്പിരേഷന്‍ ന്യുമോണിയ വരുന്നതിനും സാധ്യതയുണ്ട്. ഇത് കുറയ്ക്കുന്നതിനായി ഭക്ഷണം ചെറിയ കഷണങ്ങളായി മുറിച്ചു കഴിക്കേണ്ടതും പാനീയങ്ങള്‍ കുറച്ചു കുറച്ച് മൊത്തിക്കുടിക്കേണ്ടതും ആകുന്നു. ഭക്ഷണം കഴിക്കുമ്പോള്‍ സംസാരം ഒഴിവാക്കുകയും മറ്റു കാര്യങ്ങളില്‍ ശ്രദ്ധിക്കുന്നതു ഒഴിവാക്കേണ്ടതുമാണ്. കിടന്നു കൊണ്ട് ഭക്ഷണം കഴിക്കാന്‍ പാടുള്ളതല്ല.

സ്‌ട്രോക്ക് മൂലം ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കുറവ്, ഓര്‍മ്മക്കുറവ് എന്നിവ വരാനും സാധ്യതയുണ്ട്. കാര്യങ്ങള്‍ ചെയ്യാന്‍ കൂടുതല്‍ സമയം എടുക്കുക, ഒരു സമയം ഒരു കാര്യം മാത്രം ചെയ്യുക, ചെയ്യേണ്ട കാര്യങ്ങളുടെ ഒരു പട്ടിക തയ്യാറാക്കുക, ആവശ്യമെങ്കില്‍ മറ്റുള്ളവരുടെ സഹായം തേടുക എന്നിവ ഒക്കെ ചെയ്യണ്ടതാണ്. ശാന്തമായി വിശ്രമിക്കുക, ചെറിയ നടത്തത്തിനു പോവുക, സംഗീതം ആസ്വദിക്കുക തുടങ്ങിയ ചെറിയ കാര്യങ്ങള്‍ ഏകാഗ്രത വീണ്ടെടുക്കാന്‍ സഹായിക്കും.

സ്‌ട്രോക്ക് വരുമ്പോള്‍ പലര്‍ക്കും പണ്ടുണ്ടായിരുന്ന ജീവിതം നഷ്ടമായി എന്ന തോന്നല്‍ ഉണ്ടാകാറുണ്ട്. നിരാകരണം, ക്ഷോഭം, സങ്കടം, കുറ്റബോധം, വിഷാദരോഗം തുടങ്ങിയവ വരിക സാധാരണമാണ്. ഇത് ഒഴിവാക്കുന്നതിന് കുടുംബങ്ങള്‍ക്ക് കാര്യമായ പങ്കുണ്ട്. സ്വയം സമാധാനപ്പെടുക, എപ്പോഴും മുന്നോട്ടു പോകുകയും, മറ്റുള്ളവരുമായി സമ്പര്‍ക്കത്തിലിരിക്കുകയും ചെയ്യുക. മാനസിക പിരിമുറുക്കം കുറയ്ക്കാനുള്ള വഴികള്‍ തേടുക, കഴിയുന്നത്ര ഉത്സാഹത്തോടെ ഇരിക്കുക, വിഷാദരോഗം മാറ്റുനതിനു വൈദ്യസഹായം തേടാന്‍ മടി കാണിക്കാതിരിക്കുക, മനസ്സിലാക്കുന്നവരോട് അനുഭവങ്ങള്‍ പങ്കു വയ്ക്കുക എന്നിവയൊക്കെ ഈ വിഷാദം മാറ്റാന്‍ സഹായിക്കും.

സ്‌ട്രോക്ക് വരാതെ നോക്കുക

എപ്പോഴും രോഗം വന്നു ചികിതസിക്കുന്നതിനേക്കാള്‍ നല്ലതാണ് അത് വരാതെ നോക്കുന്നത്. ഉയര്‍ന്ന രക്തസമ്മര്‍ദവും, പ്രമേഹവും, ഉയര്‍ന്ന കൊളസ്ട്രോളും കൃത്യമായി മരുന്ന് കഴിച്ചു നിയന്ത്രിക്കേണ്ടതാണ്. കൂടാതെ രക്തം കട്ടപിടിക്കാതിരിക്കുവാനുള്ള മരുന്നുകള്‍ കൃത്യമായി ഡോക്ടറുടെ നിര്‍ദ്ദേശപ്രകരം മുടങ്ങാതെ കഴിക്കുന്നതിലൂടെ സ്‌ട്രോക്കിനെ അതിജീവിക്കാനാവും.

ശരീരഭാരം കൂടാതെ നോക്കുകയും, കൃത്യ സമയത്തു തന്നെ സമീകൃതമായ ആഹാരം കഴിക്കുകയും അതില്‍ കൂടുതലും പഴങ്ങളും, പച്ചക്കറികളും ഉള്‍പെടുത്താന്‍ ശ്രമിക്കേണ്ടതുമാണ്. പുകവലി പൂര്‍ണ്ണമായി ഒഴിവാക്കുകയും, മദ്യപാനം നിയന്ത്രിക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്. ഒരിക്കല്‍ ടി ഐ എ വന്ന രോഗികള്‍ ന്യൂറോളജിസ്റ്റിനെ കാണുകയും, ഭാവിയില്‍ സ്‌ട്രോക്ക് വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കേണ്ടതുമാണ്. തലച്ചോറിലേക്കുള്ള രക്തധമനികളുടെ ഡോപ്ലര്‍ സ്‌കാന്‍ (Neck Vessel Doppler scan) ചെയ്യുന്നതിലൂടെ അതില്‍ അടവുകള്‍ ഉണ്ടോ എന്ന് പരിശോധിക്കാവുന്നതാണ്. അപ്രകാരം അടവുകള്‍ ഉണ്ടെങ്കില്‍ അത് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയ കരോട്ടിഡ് ഇണ്ടാര്‍ട്രക്ടമി (Carotid endartrectomy) ചെയ്യണ്ടതാണ്.

വരും വര്‍ഷങ്ങളില്‍ സ്ട്രോക്കിന്റെ ആധിക്യം കുറയ്ക്കുന്നതിനും തന്മൂലം ഉണ്ടാകുന്ന പ്രയാസങ്ങളും കുറയ്ക്കുന്നതിനുള്ള കൂട്ടായ പരിശ്രമങ്ങള്‍ക്കുള്ള നന്ദി കുറിക്കലാകട്ടെ ഈ പക്ഷാഘാത ദിനം എന്ന് നമുക്ക് പ്രത്യാശിക്കാം.

Dr. SUSANTH M J MD, DM
Consultant Neurologist
SUT Hospital, Pattom
Ph: 9995688962
SUT stroke helpline number 0471-4077888

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme