മനുഷ്യ ശരീരത്തിലെ പ്രധാനപ്പെട്ട അവയവമാണ് കിഡ്‌നി. കിഡ്‌നിയുടെ പ്രവര്‍ത്തനം താളം തെറ്റിയാല്‍ പല രീതിയിലുള്ള പ്രശ്‌നങ്ങളും ഉണ്ടാകും. ശരീരത്തില്‍ നിന്നും ആവശ്യമില്ലാത്ത വസ്തുക്കള്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്ന ഒരു അവയവമാണിത്. വൃക്ക തകരാറിയാല്‍ ശരീരത്തിന്റെ മൊത്തം പ്രവര്‍ത്തനങ്ങളും തകരാറിലാകും എന്നു തന്നെ പറയാം. കിഡ്‌നി ആരോഗ്യത്തെ ബാധിയ്ക്കുന്ന ഒന്നാണ് രക്തത്തിലെ ക്രിയാററിനിന്‍ തോത് ഉയരുന്നത്.
മാംസ പേശികളില്‍ ഉപാപചയത്തിന്റെ ഭാഗമായി ഉത്പാദിപ്പിക്കപ്പെടുന്ന രാസസംയുക്തമാണ് ക്രിയാറ്റിനിന്‍ അഥവാ ക്രിയേറ്റിനിന്‍. ഉപയോഗശൂന്യമായ ഈ വിസര്‍ജ്യപദാര്‍ഥത്തെ വൃക്കകളാണ് രക്തത്തില്‍നിന്ന് അരിച്ചെടുത്ത് ശരീരത്തില്‍നിന്ന് പുറന്തള്ളുന്നത്. അതുകൊണ്ടുതന്നെ വൃക്കകളുടെ പ്രവര്‍ത്തനശേഷിയുടേയും ആരോഗ്യത്തിന്റേയും സൂചികയാണ് രക്തത്തിലും മൂത്രത്തിലും ഉള്ള ക്രിയാറ്റിനിന്റെ അളവ്. വൃക്കകള്‍ക്ക് രക്തത്തിലെ ക്രിയാറ്റിനിനെ നീക്കംചെയ്യാനുള്ള കഴിവ് കുറഞ്ഞാല്‍ രക്തത്തിലെ ക്രിയാറ്റിനിന്‍ ലെവല്‍ ഉയരും .
സാധാരണ നിലയില്‍ രക്തത്തിലെ ക്രിയാറ്റിനിന്റെ ശരാശരി അളവ് പുരുഷന്മാരില്‍ 0.6 മുതല്‍ 1.2 mg/dL, വരേയും സ്ത്രീകളില്‍ 0.5 മുതല്‍ 1.1 mg/dL വരേയുമാണ്. പ്രായത്തിനും ശരീരഭാരത്തിനുമനുസരിച്ച് ചെറിയതോതില്‍ ഏറ്റക്കുറച്ചിലുകളുണ്ടാകാം. എന്നാല്‍ അളവ് കൂടിയാല്‍ പ്രത്യേത ശ്രദ്ധ വേണം.
സാധാരണയായി പ്രായമാകുമ്പോള്‍ ശരീരത്തിലെ അവയവങ്ങളുടെ പ്രവര്‍ത്തന ക്ഷമത കുറയുക പതിവാണ് . അത്തരത്തിലൊരു ശേഷികുറവ് വൃക്കകള്‍ക്കും സംഭവിക്കുന്നു.ചില പ്രത്യേക രോഗങ്ങള്‍, മരുന്നുകളുടെ ഉപയോഗം, ഭക്ഷണത്തിലെ കൃത്രിമ ചേരുവകള്‍, ചൂടുകൂടിയ സാഹചര്യങ്ങള്‍ എന്നിവ വൃക്കകളുടെ പ്രവര്‍ത്തനശേഷിയെ തകരാറിലാക്കും.
വൃക്ക രോഗമെങ്കില്‍ സോഡിയം, പൊട്ടാസ്യം, ഫോസ്ഫറസ് എന്നിവ ഉയരാതിരിയ്ക്കാന്‍ ശ്രദ്ധിയ്‌ക്കേണ്ട ആവശ്യവുമുണ്ട്. ക്രിയാറ്റിനിന്‍ കൂടുതലെങ്കില്‍ പഴങ്ങളും പച്ചക്കറികളും കഴിയ്ക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം. പച്ചക്കറികള്‍ വേവിച്ച് വെള്ളം ഊറ്റിക്കളയുക. ഇതിലൂടെ സോഡിയം, പൊട്ടാസ്യം തോത് നിയന്ത്രിയ്ക്കാം. ഇതു പോലെ ധാരാളം വെള്ളം കുടിയ്ക്കാം. എന്നാല്‍ അമിതമായി വെള്ളവും കുടിയ്ക്കരുത്. വൃക്ക രോഗമെങ്കില്‍ വെള്ളം എത്ര കുടിയ്ക്കണം എന്നതിന്റെ കാര്യത്തില്‍ ഡോക്ടറുടെ നിര്‍ദേശം തേടുക.