in , , ,

മദ്യത്തിലാഴുന്ന സ്ത്രീജനത; ആക്കം കൂട്ടി ന്യൂജെന്‍ സിനിമകള്‍

Share this story

സുമയ്യ കെ.ആര്‍

ലഹരി എല്ലാ കാലത്തും എല്ലാ സമൂഹവിഭാഗം മനുഷ്യരെയും ആകര്‍ഷിച്ചിട്ടുണ്ട്. എന്നാല്‍ പുരുഷന്മാര്‍ മേല്‍ക്കോയ്മ നിലനിര്‍ത്തിയിരുന്ന മദ്യസേവ ഇന്ന് ലിംഗഭേദമില്ലാതെ സ്ത്രീകള്‍ക്കിടയിലും അപകടകരമായ നിലയില്‍ പടര്‍ന്നു പന്തലിച്ചു വരികയാണ്.

സ്ത്രീകളിലെ മദ്യപാനവും ലഹരി ഉപയോഗവും വിതരണവും കേരളത്തില്‍ വര്‍ദ്ധിച്ചു വരുന്നുണ്ട്. ഭാവിയുടെ പൗരന്മാരെ ഉദരത്തിലേറ്റേണ്ട അവര്‍ക്കു നല്ല വ്യക്തിത്വം പകര്‍ന്നു പകര്‍ന്നുനല്‍കേണ്ട സ്ത്രീ സമൂഹം തന്നെ ഇപ്രകാരം മദ്യപാനികളായി മൂല്യച്യുതിയിലേക്ക് കൂപ്പുകുത്തപ്പെടുമ്പോള്‍, അവരിലൂടെ വളര്‍ന്നു വരുന്ന തലമുറകള്‍ നാലുകാലില്‍ നിലത്തുറക്കാത്ത, കൊടും മദ്യപാനികളായി മാറുന്നതില്‍ ഒട്ടും തന്നെ അതിശയോക്തി ഇല്ല.

മനുഷ്യന്റെ വിവേകബുദ്ധിയെയും ആരോഗ്യത്തെയും ഇല്ലായ്മ ചെയ്യുന്ന മഹാ വ്യാധിയാണ് മദ്യപാനം. 2015-16 കാലയളവില്‍ ദേശീയതലത്തില്‍ നടത്തിയ ഒരു കുടുംബാരോഗ്യ സര്‍വ്വേയില്‍ വെളിപ്പെടുന്ന വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്. പുരുഷന്മാര്‍ക്കിടയില്‍ മദ്യപാനം എന്ന ദുഃശീലം കുറഞ്ഞുവരുകയും എന്നാല്‍, മദ്യപിക്കുന്ന സ്ത്രീകളുടെ എണ്ണം അനുദിനം വര്‍ധിച്ചു വരികയാണെന്നുമാണ് സര്‍വ്വെഫലം. ഇത് ‘ദൈവത്തിന്റെ സ്വന്തം നാട്്് എന്ന് വിശേഷിപ്പിക്കുന്ന കേരളത്തിലെ കണക്കാണെന്നു കൂടി ഓര്‍ക്കുമ്പോള്‍ ലജ്ജിച്ചു തലകുനിക്കുകയേ നിവൃത്തിയുള്ളു.

ജീവിതത്തില്‍ വന്നുപെടുന്ന വേദനകളില്‍ നിന്നും കഷ്ടപ്പാടുകളില്‍ നിന്നുമുള്ള മോചനമായാണ് സ്ത്രീകള്‍ മദ്യത്തെ ആശ്രയിക്കുന്നത്. പ്രണയനൈരാശ്യം, ദാമ്പത്യ ജീവിതത്തിലെ അസ്വാരസ്യങ്ങള്‍, സാമ്പത്തിക പരാധീനകള്‍, അനാരോഗ്യകരമായ കുടുംബ പശ്ചാത്തലങ്ങള്‍, വിഷാദരോഗം, സ്നേഹവാത്സല്യങ്ങളുടെ അഭാവം, മോശം സൗഹൃദങ്ങള്‍, മാനസിക സംഘര്‍ഷങ്ങള്‍ എന്നിവയൊക്കെ സ്ത്രീകളെ മദ്യക്കുപ്പികളിലേക്ക് ആകൃഷ്ടരാക്കുന്നു. ന്യൂജെന്‍ മലയാള സിനിമകളിലെ സ്ത്രീ കഥാപാത്രങ്ങളും സമൂഹമാധ്യമക്കൂട്ടായ്മകളില്‍ നടിമാര്‍ അടക്കം ലഹരി ഉപയോഗത്തിന്റെ ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നതും യുവതികളെ മാത്രമല്ല എല്ലാ വിഭാഗം സ്ത്രീകളെയും സ്വാധീനിക്കുന്നുണ്ട്. സ്ത്രീകള്‍ മദ്യപാനത്തിലേക്ക് ചുവടുവയ്ക്കുന്നതില്‍ തെറ്റില്ലെന്ന സന്ദേശമാണ് ഇത്തരം സിനിമകള്‍ പകരുന്നത്. ഇതിലാകൃഷ്ടരായി കുപ്പിപൊട്ടിച്ചാഘോഷിക്കുന്ന സ്ത്രീത്വത്തെ കണ്ടില്ലെന്നു നടിച്ചിട്ടുകാര്യവുമില്ല.

ആഗോളതലത്തില്‍ പരിശോധിച്ചാല്‍, മദ്യപാനികളായ സ്ത്രീകളുടെ എണ്ണം ഭീകരമാംവിധം കുതിച്ചുയരുകയാണ്. അമേരിക്കയിലെ പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത് പുരുഷന്മാരോളം തന്നെ സ്ത്രീകളും മദ്യപാനശീലത്തിലേക്ക് എത്തിനില്‍ക്കുന്നുവെന്നാണ്.

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍, കോളേജ് കുമാരികള്‍, ഗൃഹനാഥകള്‍ തുടങ്ങി പ്രായഭേദമെന്നേ മദ്യപാനശീലം ഏവരിലും കടന്നു വരുന്നു. ഐ ടി പ്രൊഫഷണലുകളും, ഉന്നത ഉദ്യോഗപദവികള്‍ വഹിക്കുന്നവരും, ബിസിനസ്സ് രംഗത്തെ അതികായകരും വെള്ളിത്തിരയിലെ താരങ്ങളുമെല്ലാം നിശാക്ലബ്ബുകളിലെയും ലഹരിനിറയുന്ന പാര്‍ട്ടികളിലെയും സജീവ സ്ത്രീസാന്നിദ്ധ്യങ്ങളാണിന്ന്.
സമീപകാലത്തായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഒട്ടേറെ റോഡപകടങ്ങള്‍ക്ക് പിന്നിലും മദ്യപിച്ച് ലക്കുകെട്ട്, നിയന്ത്രണം നഷ്ടപ്പെടുന്ന ഒട്ടേറെ വനിതാ ഡ്രൈവര്‍മാര്‍ കരണക്കാരാകുന്നുവെന്നത് ഒരു നഗ്നസത്യം തന്നെയാണ്.


ഏതുവിധേനേയും ഉപഭോക്താക്കളെ മാടിവിളിക്കുന്നതില്‍ വിദഗ്ദ്ധരാണ് ഓരോ മദ്യശാലകളും ബ്രാന്‍ഡുകളും. സ്ത്രീകള്‍ക്ക് സര്‍വ്വസുരക്ഷയോടും മദ്യപിക്കുവാന്‍ ഉറപ്പുനല്‍കുന്ന സ്ത്രീ സൗഹൃദ ബാറുകള്‍പോലും ഇന്ന് കൂണുകള്‍ പോലെ മുളച്ചുപൊന്തുന്നു. സ്വന്തം കരളിനേയും, ജീവിതത്തേയും നാശത്തിലേക്കുനയിക്കുന്ന കൊടിയ വിഷമാണ് അവിടെ വിളമ്പുന്നതെന്ന് ചിന്തിക്കാന്‍ പോലും ഈ സ്ത്രീകള്‍ തയാറാകുന്നില്ല.

സമൂഹത്തേയും വ്യക്തികളേയും ഒരുപോലെ ഇല്ലാതാക്കുന്ന മഹാ അര്‍ബുദം തന്നെയാണ് മദ്യപാനം. കരള്‍ രോഗവും മാറിടത്തിലെ ക്യാന്‍സറും ഇന്ന് ഒട്ടേറെ സ്ത്രീകളില്‍ ഉടലെടുക്കുന്നതില്‍ മദ്യപാനം വഹിക്കുന്ന പങ്ക് ചെറുതല്ല. ഇത്തവണത്തെ ദേശീയ അവാര്‍ഡുനേടിയ നടി കീര്‍ത്തി സുരേഷ് ‘മഹാനടി’ എന്ന ചിത്രത്തില്‍ പകര്‍ന്നാടിയ സാവിത്രി അമ്മയുടെ ജീവിതം തന്നെ ഉദാഹരണം. പ്രശസ്തിയുടെ കൊടുമുടിയില്‍ ‘മഹാ നടിയായി’ വിരാജിച്ചിരുന്ന അവരെ, വര്‍ഷങ്ങളോളം ഒരു മൃതശരീരം പോലെ രോഗശയ്യയില്‍ കിടത്തുന്ന ‘മഹാരോഗിയിലേക്ക് ‘ കൊണ്ടെത്തിച്ച വില്ലന്‍ മദ്യപാനം എന്ന പിശാച് തന്നെയാണ്.

ഗര്‍ഭകാലത്തെ വിഷമതകളും സങ്കീര്‍ണതകളും മറികടക്കുവാന്‍ മദ്യകുപ്പികളില്‍ ആശ്വാസം കണ്ടെത്തുന്നവര്‍ ഏറെയാണ്. എന്നാല്‍ ‘ഫീറ്റല്‍ ആള്‍ക്കഹോളിക് സിന്‍ഡ്രോം’ എന്ന ഗുരുതരാവസ്ഥയാണ് തന്റെ ഉള്ളില്‍ തുടിക്കുന്ന ഗര്‍ഭസ്ഥ ശിശുവിന് ഇത് മൂലം സമ്മാനിക്കപ്പെടുന്നത് എന്നുപോലും ഈ മദ്യപാനികളായ മാതാക്കള്‍ അറിയുന്നില്ല എന്നതാണ് ദുഃഖകരമായ അവസ്ഥ.

കര്‍മ്മനിരതരാകേണ്ട പുരുഷസമൂഹവും വ്യക്തി പ്രഭാവങ്ങള്‍ ആകേണ്ട സ്ത്രീ ജനതയും ഒരേപോലെ മദ്യപാനികളായി മാറിയാല്‍ സമൂഹത്തിന് എന്തു നിലനില്‍പ്പാണുള്ളത്?. ഒരു വശത്ത്, കരള്‍ മാറ്റിവക്കല്‍ ചികിത്സയിലൂടെ ലക്ഷങ്ങള്‍കൊയ്ത് സ്വകാര്യആശുപത്രികള്‍ തങ്ങളുടെ കീശ വീര്‍പ്പിക്കുകയും, ലിവര്‍ സിറോസിസ് ബാധിച്ചു മരിച്ചു ജീവിക്കുന്ന കുറേ മനുഷ്യര്‍ ഉടലെടുക്കുകയും ചെയ്യുന്നു എന്നല്ലാതെ, ഒരു ലാഭവും സമൂഹത്തിന് കിട്ടാനില്ല.

സര്‍ക്കാര്‍ അധികൃതരും, മദ്യനിവാരണ സംഘടനകളുമെല്ലാം കൈകോര്‍ത്തു ഗൗരവമേറിയ പഠനം നടത്തേണ്ട വിഷയമാണ് സ്ത്രീകളിലെ മദ്യപാനം. ഇതിനായി ഉചിതമായ നടപടികള്‍ കൈക്കൊള്ളേണ്ടത് അനിവാര്യമാണ്. അമ്മിഞ്ഞ പാലിന്റെ മാധുര്യത്തിനുപകരം പിഞ്ചു പൈതലുകള്‍ക്ക് മദ്യത്തുള്ളികളുടെ ലഹരി പകര്‍ന്നു നല്‍കുന്നവരാകാതിരിക്കട്ടെ വരും കാല സ്ത്രീ സമൂഹമെന്ന് പ്രത്യാശിക്കാം

.

വിരലുകള്‍ മൃദു പോലെ സൂക്ഷിക്കാം.

ലഹരിക്കെതിരെ മിണ്ടാതിരിക്കരുത്, പ്രതികരിക്കാം നമ്മുക്ക്, പൊലീസ് ഒപ്പമുണ്ട്