അടുത്തിടെയാണ് ഹ്യൂമൻസ് ഒഫ് ബോംബെ സ്ഥാപകയും സി ഇ ഒയുമായ കരിഷ്മ മേത്ത എഗ് ഫ്രീസിംഗ് അല്ലെങ്കിൽ അണ്ഡം ശീതീകരിച്ച് വച്ചതിനെപ്പറ്റി വെളിപ്പെടുത്തിയത്. മുപ്പത്തിരണ്ടുകാരിയായ കരിഷ്മ കഴിഞ്ഞമാസമാണ് എഗ് ഫ്രീസിംഗ് ചെയ്തത്. ഇൻസ്റ്രഗ്രമിലൂടെയാണ് അവർ ഇക്കാര്യം വെളിപ്പെടുത്തിയത്.
കുറച്ചു നാളായി ഇത് ചെയ്യാൻ ഉദ്ദേശിച്ചിരുന്നു, ഒടുവിൽ ചെയ്തു. കഴിഞ്ഞ മാസമാണ് ഞാൻ എന്റെ അണ്ഡം ശീതീകരിച്ചത്.’- എന്നായിരുന്നു കരിഷ്മ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. കരിഷ്മ ഒരു ഉദാഹരണം മാത്രമാണ്. നേരത്തെ നിർമ്മാതാവ് ഏക്താ കപൂർ, നടി മോന സിംഗ് തുടങ്ങിയ സെലിബ്രിറ്റികൾ എഗ് ഫ്രീസിംഗിനെപ്പറ്റി സംസാരിച്ചിരുന്നു. എന്റെ മുപ്പതുകളുടെ തുടക്കത്തിൽ എഗ് ഫ്രീസ് ചെയ്തതായി നടി പ്രിയങ്ക ചോപ്ര മുമ്പ് വെളിപ്പെടുത്തിയിരുന്നു.ജോലി സംബന്ധമായോ മറ്റ് കാരണങ്ങൾ കൊണ്ടോ കുഞ്ഞ് അൽപം വൈകി മതിയെന്ന് ചിന്തിക്കുന്ന നിരവധി പേരുണ്ട്. അതിനുവേണ്ടിയാണ് ഈ രീതി തിരഞ്ഞെടുക്കുന്നത്. ഇത് സുരക്ഷിതമാണോ?
എന്താണ് എഗ് ഫ്രീസിംഗ്
ശാരീരികവും മാനസികവുമായി ഒരു സ്ത്രീ അമ്മയാകാൻ തയ്യാറാകുന്നതുവരെ അവരുടെ അണ്ഡം ശീതീകരിച്ച് സൂക്ഷിക്കുന്നതാണ് എഗ് ഫ്രീസിംഗ്. അണ്ഡാശയത്തെ ഉത്തേജിപ്പിക്കുന്നതിനായി 10 -12 ദിവസത്തേക്ക് ഹോർമോൺ കുത്തിവയ്പ്പുകൾ നൽകുന്നു. തുടർന്ന് ഒരു ചെറിയ ശസ്ത്രക്രിയയിലൂടെ അണ്ഡം പുറത്തെടുക്കുന്നു. അണ്ഡങ്ങൾ ശേഖരിച്ച് ഫ്രീസ് ചെയ്യുന്നു. ആവശ്യമുള്ളപ്പോൾ ബീജസങ്കലനം നടത്തി ഗർഭപാത്രത്തിൽ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്.
എഗ് ഫ്രീസിംഗ് കൂടുന്നു
1980കളിൽ ക്യാൻസർ പോലുള്ള മെഡിക്കൽ ആവശ്യങ്ങൾക്കായിട്ടാണ് എഗ് ഫ്രീസിംഗ് ആരംഭിച്ചത്. ക്യാൻസർ ചികിത്സ തുടങ്ങുന്നതിന് മുമ്പ് ചില സ്ത്രീകൾ ഇത്തരത്തിൽ എഗ് ഫ്രീസിംഗ് ചെയ്യാറുണ്ട്. എന്നാൽ ഇന്ന് തൊഴിൽപരമോ മറ്റ് കാരണങ്ങളാലോ യുവതികൾ അവരുടെ പ്രത്യുൽപാദനക്ഷമത നീട്ടിവയ്ക്കാൻ ഈ രീതി തിരഞ്ഞെടുക്കുന്നു.കൂടാതെ ചിലർക്ക് നേരത്തെ തന്നെ ആർത്തവവിരാമം സംഭവിക്കാം. മാത്രമല്ല അമ്മയ്ക്ക് വയസ് കൂടുന്തോറും കുട്ടിയ്ക്ക് ചില പ്രശ്നങ്ങളും ഉണ്ടാകുന്നു. ഇതിൽ നിന്ന് രക്ഷപ്പെടാനാണ് എഗ് ഫ്രിസിംഗ് ചെയ്യുന്നത്. ’30 കളുടെ തുടക്കം മുതൽ അവസാനം വരെയാണ് മിക്ക സ്ത്രീകളും എഗ് ഫ്രീസ് ചെയ്യുന്നത്.
സ്വതന്ത്രരും ദൃഢനിശ്ചയമുള്ളവരുമായ സ്ത്രീകളാണ് ഈ രീതി തിരഞ്ഞെടുക്കുന്നത്.- ഗൈനക്കോളജിസ്റ്റ് പ്രിയ സെൽവരാജ് പറഞ്ഞു. ഒരു വ്യക്തിക്ക് പ്രായമാകുമ്പോൾ അമ്മയാകാനുള്ള സാദ്ധ്യത കുറഞ്ഞുവരികയാണ്. എഗ് ഫ്രീസ് ചെയ്താൽ ഒരു പരിധിവരെ ഈ പ്രശ്നം ഒഴിവാക്കാം. പരിമിതമായ എണ്ണം അണ്ഡങ്ങളുമായാണ് സ്ത്രീകൾ ജനിക്കുന്നത്. അവയുടെ എണ്ണവും ഗുണനിലവാരവും 30 കളുടെ പകുതിയോടെ കുറയാൻ തുടങ്ങുന്നു. പിസിഒഎസ്, എൻഡോമെട്രിയോസിസ് തുടങ്ങിയ ഗൈനക്കോളജിക്കൽ അവസ്ഥകളും എഗിന്റെ ഗുണനിലവാരത്തെ ബാധിക്കും. അതിനാൽത്തന്നെ പലരും 30കളുടെ തുടക്കത്തിൽ തന്നെ എഗ് ഫ്രീസ് ചെയ്യുന്നു. ഇന്ത്യൻ സ്ത്രീകൾ ശരാശരി 46 വയസിലാണ് ആർത്തവവിരാമത്തിൽ എത്തുന്നത്.
എത്ര ചെലവ്
എഗ് ഫ്രീസിംഗ് ഒരു ചെലവേറിയ പ്രക്രിയയാണ്. ഇത് കുറച്ച് പേർക്ക് മാത്രം താങ്ങാനാവുന്നതാണ്. പ്രാരംഭ പ്രക്രിയയ്ക്കായി ഇന്ത്യയിൽ 1.5 ലക്ഷം മുതൽ മൂന്ന് ലക്ഷം രൂപ വരെ ചെലവ് വരാം. 10,000 മുതൽ 75,000 രൂപ വരെ വാർഷിക ഫീസും ഈടാക്കുന്നു. എന്നിരുന്നാലും മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിൽ ചെലവ് കുറവാണ്. അണ്ഡം ശീതീകരിക്കുന്നതിനായി വിദേശത്തുനിന്ന് നിരവധി സ്ത്രീകൾ ഇന്ത്യയിലേക്ക് എത്താറുണ്ടെന്നാണ് വിവരം
എഗ് ഫ്രീസിംഗ് സുരക്ഷിതവും ഫലപ്രദവുമാണോ?
അണ്ഡം ശീതീകരിക്കുന്ന പ്രക്രിയ ഒരു സ്ത്രീയുടെ മനസിലും ശരീരത്തിലും വളരെയേറെ സ്വാധീനം ചെലുത്തുന്നു. അണ്ഡാശയ ഉത്തേജനത്തിനായി സ്ത്രീയിൽ നിരവധി ഹോർമോൺ കുത്തിവയ്പ്പുകൾ നടത്തേണ്ടിവരുമെന്ന് ബ്ലൂം ഐവിഎഫ് ഇന്ത്യ ഡയറക്ടറും ഐവിഎഫ് സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിഡന്റുമായ ഡോ.നന്ദിത പൽഷെത്കർ പറഞ്ഞു. അൾട്രാസൗണ്ടുകളിലൂടെയും രക്തപരിശോധനകളിലൂടെയും നിരന്തരം നിരീക്ഷണം നടത്തണം. ഈ പ്രക്രിയയ്ക്ക് സാധാരണയായി കുറച്ച് ആഴ്ചകൾ എടുക്കും. ഒന്നിലധികം ക്ലിനിക്ക് സന്ദർശനങ്ങൾ ആവശ്യമായി വന്നേക്കാം. ഇത് മാനസികമായും സ്വാധീനിക്കാം.ഈ പ്രക്രിയയ്ക്ക് വിധേയരാകുന്ന സ്ത്രീകളിൽ വയർ വീക്കം, ഓക്കാനം അടക്കമുള്ള പ്രശ്നങ്ങളുണ്ടാകാം. ചുരുക്കം ചിലരിൽ കുറച്ചുനാളത്തേക്ക് വേദനയുണ്ടാകാം. എഗ് ഫ്രീസിംഗ് ചെയ്തുവെന്നത് കുഞ്ഞ് ഉണ്ടാകുമെന്ന ഗ്യാരണ്ടിയല്ല. ഗർഭപാത്രം അടക്കമുള്ള നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കും