പ്രായം 65 കഴിഞ്ഞാൽ ആളുകളിൽ ഓർമക്കുറവിനുള്ള സാധ്യത വളരെ കൂടുതലാണ്. പ്രായം ഡിമെൻഷ്യ വർധിപ്പിക്കുന്നതിന് ഒരു പ്രധാന ഘടകമാണ്. എന്നാൽ പെരുമാറ്റ ശീലങ്ങൾ ഡിമെൻഷ്യ തടയാനോ വൈകിപ്പിക്കാനോ സഹായിക്കുമെന്ന് മുന്‍ പഠനങ്ങള്‍ തെളിയിക്കുന്നു. പുകവലി ഉപേക്ഷിക്കുന്നതും ആരോഗ്യകരമായ രക്തസമ്മർദനില നിലനിർത്തുന്നതും പ്രായമാകുമ്പോള്‍ ഡിമെന്‍ഷ്യ ലക്ഷണങ്ങള്‍ വൈകിപ്പിക്കാന്‍ സഹായിക്കും.
ഇതിനൊപ്പം ഡിമെന്‍ഷ്യ ലക്ഷണങ്ങള്‍ നിയന്ത്രിക്കാന്‍ ആളുകൾ തലച്ചോറിനെ പരിശീലിപ്പിക്കുന്ന ഗെയിമുകളും തിരഞ്ഞെടുക്കാറുണ്ട്. ഡിമെന്‍ഷ്യ തടയാനും ഐക്യു വർധിപ്പാക്കാനും ഇത്തരം ഗെയിമുകൾ സഹായിക്കുമെന്നാണ് ഇവയുടെ നിർമാതാക്കൾ അവകാശപ്പെടുന്നത്.
ബ്രെയിന്‍ ഗെയിമുകള്‍ ഓര്‍മശക്തി മെച്ചപ്പെടുത്തുമോ?
ബുദ്ധിശക്തി, ചിന്താശേഷി, ഏകാഗ്രത എന്നിവ വർധിപ്പിക്കുന്ന തരത്തിലാണ് ബ്രെയിൻ ഗെയിമികൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇതിനെ എക്സിക്യൂട്ടീവ് ഫംഗ്ഷൻ എന്ന് വിളിക്കുന്നു. എന്നാൽ ഇവയിൽ നിന്ന് വളര്‍ത്തിയെടുക്കുന്ന കഴിവുകൾ റിയൽ വേൾഡ് ആപ്ലിക്കേഷനുമായി ബന്ധപ്പെടുന്നില്ലെന്നതിനാൽ ഈ മാറ്റങ്ങൾ താത്ക്കാലികമാണെന്ന് സേജ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തില്‍ വ്യക്തമാക്കുന്നു.
പഠനത്തില്‍ ആളുകളെ രണ്ട് വിഭാഗങ്ങളായി തിരിച്ചുകൊണ്ടായിരുന്നു പഠനം. ഒരു വിഭാഗം ആളുകളോട് ഡിജിറ്റൽ ഫോട്ടോഗ്രാഫി അല്ലെങ്കിൽ ക്വിൽറ്റിങ് പോലുള്ള പുതിയ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന് നിർദേശിച്ചു. യാത്ര, പാചകം തുടങ്ങിയ സജീവമായ പഠനം കുറവുള്ള പ്രവർത്തനങ്ങളിലോ, ക്രോസ്വേഡ് പസിലുകൾ പരിഹരിക്കൽ, സംഗീതം കേൾക്കൽ അല്ലെങ്കിൽ ക്ലാസിക് സിനിമകൾ കാണൽ തുടങ്ങിയ ഏകാന്ത പ്രവർത്തനങ്ങളിലോ ഏർപ്പെടാൻ മറ്റൊരു വിഭാഗത്തോടും നിർദേശിച്ചു.
ഈ രണ്ട് വിഭാഗത്തെയും വിലയിരുത്തിയപ്പോൾ പുതിയതും വെല്ലുവിളി നിറഞ്ഞതുമായി പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരിൽ ഓർമശക്തി, പ്രോസസ്സിങ് വേഗത, യുക്തിസഹമായ കഴിവുകൾ എന്നിവയിൽ ഗണ്യമായ നേട്ടങ്ങൾ ഉണ്ടായതായി കണ്ടെത്തിയതായി ഗവേഷകര്‍ വ്യക്തമാക്കി. പസിലുകളും ബ്രെയിന്‍ ഗെയിമുകളും ഡിമെന്‍ഷ്യയെ ചെറുക്കാനുള്ള ഫലപ്രദമായ മാര്‍ഗമല്ലെന്നും ഗവേഷകര്‍ പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.