ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ പലതുമുണ്ട്. ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് പ്രോട്ടീന്‍. എല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിനും രോഗ പ്രതിരോധശേഷി കൂട്ടാനും ശരീരത്തിന് ഊര്‍ജം നല്‍കാനും ശരീരഭാരം നിയന്ത്രിക്കാനുമൊക്കെ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് പ്രധാനമായ കാര്യമാണ്.
പ്രോട്ടീന്‍ നമ്മുടെ ശരീരത്തിന് ആവശ്യമായ ഘടകമാണ് ഇത് ഇല്ലെങ്കില്‍ ശരീരത്തിലെ ഉപാപചയ പ്രക്രിയകള്‍ ശരിയായ വിധത്തില്‍ നടക്കില്ല. മാത്രവുമല്ല രക്തചംക്രമണവും രോഗപ്രതിരോധ സംവിധാനവും താറുമാറാകുകയും ചെയ്യും. പേശികള്‍ നിര്‍മിക്കുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും ചര്‍മ്മത്തിന്റെയും മുടിയുടെയും ആരോഗ്യം വര്‍ധിപ്പിക്കുന്നതിനും മറ്റും പ്രോട്ടീന്‍ ആവശ്യമാണ്. പ്രോട്ടീന്‍ അമിനോ ആസിഡുകളാല്‍ നിര്‍മ്മിതമാണ്. ദൈനംദിന ഭക്ഷണത്തില്‍ പ്രോട്ടീന്‍ ഉള്‍പ്പെടുത്തേണ്ടതിന്റെ ചില പ്രാധാന്യം പരിശോധിക്കാം;
രോഗപ്രതിരോധ പ്രവര്‍ത്തനം: ഇമ്യൂണ്‍ ഗ്ലോബുലിന്‍ പോലുള്ള ചില പ്രോട്ടീനുകള്‍ ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനത്തിന് അത്യന്താപേക്ഷിതമാണ്. അണുബാധകളെ ചെറുത്ത് ശരീരത്തെ സംരക്ഷിക്കാനും ഇവ സഹായിക്കുന്നു.
ഊര്‍ജ്ജ ഉത്പാദനം: കാര്‍ബോഹൈഡ്രേറ്റുകളും കൊഴുപ്പുകളും ശരീരത്തിന്റെ പ്രാഥമിക ഊര്‍ജ്ജ സ്രോതസ്സുകളാണെങ്കിലും, മറ്റ് പോഷകങ്ങളുടെ അഭാവത്തില്‍ പ്രോട്ടീനുകളും ഊര്‍ജ്ജ ഉദ്പാദനത്തിന് സഹായിക്കുന്നവയാണ്.
എന്‍സൈം, ഹോര്‍മോണ്‍ ഉത്പാദനം: എന്‍സൈമുകളുടെയും ഹോര്‍മോണുകളുടെയും ഉത്പാദനത്തിലും പ്രോട്ടീനുകള്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. എന്‍സൈമുകള്‍ ശരീരത്തിലെ രാസപ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാനും സഹായിക്കുന്നു. അതേസമയം ഹോര്‍മോണുകളുടെ പ്രവര്‍ത്തനം, വളര്‍ച്ച തുടങ്ങിയ നിരവധി ശാരീരിക പ്രക്രിയകളെ ഇത് നിയന്ത്രിക്കുന്നു.
പ്രോട്ടീന്‍ ഉള്‍പ്പെടുന്ന ചില ഭക്ഷണങ്ങള്‍ താഴെക്കൊടുക്കുന്നു;
ബ്രൊക്കോളി
ബ്രൊക്കോളി പ്രോട്ടീന്‍ സമ്പുഷ്ടമായ ഒന്നാണ്. ഇതില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. 100 ഗ്രാം ബ്രൊക്കോളിയില്‍ 2.8 ഗ്രാം പ്രോട്ടീനുകള്‍ അടങ്ങിയിട്ടുണ്ട്. ഒരു കപ്പ് വേവിച്ച ബ്രൊക്കോളിയില്‍ 5.7 ഗ്രാം പ്രോട്ടീനുണ്ട്. ആന്റിഓക്സിഡന്റുകള്‍, ഫോളേറ്റുകള്‍, പൊട്ടാസ്യം എന്നിവയെല്ലാം ബ്രൊക്കോളിയില്‍ അടങ്ങിയിട്ടുണ്ട്.
കൂണ്‍
കൂണിനെ സസ്യാഹാരത്തിലെ മാംസം എന്ന് വേണമെങ്കില്‍ പറയാം. വൈറ്റ് ബട്ടന്‍ മഷ്റൂമില്‍ കൂടുതല്‍ പ്രോട്ടീനുകള്‍ അടങ്ങിയിരിക്കുന്നു. വേവിക്കാത്ത കൂണിനേക്കാള്‍ വേവിച്ച കൂണിലാണ് കൂടുതല്‍ പ്രോട്ടീനുള്ളത്. ഒരു കപ്പ് വേവിച്ച കൂണില്‍ 5-7 ഗ്രാം വരെ പ്രോട്ടീനുകള്‍ ഉണ്ട്. കൂണില്‍ വൈറ്റമിന്‍ ബി, സെലേനിയം, ആന്റിഓക്സിഡന്റുകള്‍ എന്നിവയും അടങ്ങിയിട്ടുണ്ട്.
ബദാം
യു.എസ്.ഡി.എ പ്രകാരം 100 ഗ്രാം ബദാമില്‍ ഏകദേശം 21 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. പ്രോട്ടീന്‍ കൂടാതെ, കൊഴുപ്പുകള്‍, നാരുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയും ബദാമില്‍ അടങ്ങിയിട്ടുണ്ട്.
പനീര്‍
നിങ്ങള്‍ വെജിറ്റേറിയനോ നോണ്‍ വെജിറ്റേറിയനോ ആകട്ടെ, ഓരോ ഇന്ത്യക്കാരന്റെയും ഭക്ഷണക്രമത്തില്‍ പനീറിനുള്ള സ്ഥാനം വളരെ വലുതാണ്. പനീര്‍ പ്രോട്ടീന്റെ കലവറ കൂടിയാണ്. ശരാശരി 100 ഗ്രാം പനീറില്‍ ഏകദേശം 18 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ, കാല്‍സ്യം, ഫോസ്ഫറസ്, മറ്റ് അവശ്യ പോഷകങ്ങള്‍ എന്നിവയും പനീറില്‍ അടങ്ങിയിട്ടുണ്ട്.