കുട്ടികളിലെ പൊണ്ണത്തടി ഇപ്പോള്‍ ഒരു ആഗോള ആരോഗ്യ പ്രശ്‌നമായി മാറിയിരിക്കുകയാണ്. അമിതഭാരമുള്ള കുട്ടികളുടെ എണ്ണത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. പൊണ്ണത്തടി പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. അതില്‍ ഏറ്റവും പ്രധാനം വികസിച്ചു കൊണ്ടിരിക്കുന്ന അവരുടെ തലച്ചോറിനെയും ബുദ്ധിശക്തിയെയും ബാധിക്കുന്നുവെന്നതാണ്.
ജനിതകം, പരിസ്ഥിതി, വിദ്യാഭ്യാസം തുടങ്ങിയ നിരവധി ഘടകങ്ങള്‍ ബുദ്ധിശക്തിയെ രൂപപ്പെടുത്തുന്നു. എന്നാല്‍ പൊണ്ണത്തടി ശരീരവീക്കത്തിനും ഇന്‍സുലിന്‍ പ്രതിരോധത്തിനും കാരണമാകുന്നു. ഇവ രണ്ടും നാഡീ പാതകളെയും തലച്ചോറിന്റെ പ്ലാസ്റ്റിസിറ്റിയെയും തകരാറിലാക്കും. കൂടാതെ ശരീരത്തില്‍ അടിഞ്ഞു കൂടുന്ന അധിക കൊഴുപ്പ് ഓക്‌സിഡേറ്റീവ് സമ്മര്‍ദത്തിന് കാരണമാകും. ഇത് ന്യൂറോണുകള്‍ തമ്മിലുള്ള ആശയവിനിമയത്തെ തടസപ്പെടുത്തുകയും വൈജ്ഞാനിക തകര്‍ച്ചയിലേക്ക് നയിക്കുകയും ചെയ്യുന്നുവെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
കുട്ടിക്കാലത്തെ പൊണ്ണത്തടി ഓര്‍മശക്തി, ശ്രദ്ധ, പ്രശ്‌നപരിഹാരം തുടങ്ങിയ എക്‌സിക്യൂട്ടീവ് പ്രവര്‍ത്തനങ്ങളുടെ വൈകല്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. പൊണ്ണത്തടി നേരിട്ട് ബുദ്ധിശക്തിയെ നിര്‍ണയിക്കുന്നില്ലെങ്കിലും ഉപാപചയ, വാസ്‌കുലര്‍ പാതകളിലൂടെയുള്ള വൈജ്ഞാനിക കഴിവുകളെ ഇത് സ്വാധീനിക്കും. പുതിയ കാലത്തെ ഡയറ്റ് കുട്ടികളിലെ പൊണ്ണത്തടി വര്‍ധിപ്പിക്കുന്നതില്‍ ഒരു നിര്‍ണായക പങ്ക് വഹിക്കുന്നു. സംസ്‌കരിച്ച ഭക്ഷണങ്ങള്‍, പഞ്ചസാര, അനാരോഗ്യകരമായ കൊഴുപ്പ് എന്നിവ കൂടുതലുള്ള ഭക്ഷണക്രമം വീക്കം, ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദം എന്നിവയ്ക്ക് കാരണമാകുന്നു. കൂടാതെ ഉദാസിനമായ ജീവിതശൈലിയും കുട്ടികളിലെ പൊണ്ണത്തടി കൂട്ടുന്നു.ഇത് വൈജ്ഞാനിക കഴിവുകളെ പ്രതികൂലമായി ബാധിക്കുന്നു.
സമീകൃത പോഷകാഹാരവും പതിവ് വ്യായാമവും ഉള്‍ക്കൊള്ളുന്ന ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുന്നത് ശാരീരികവും വൈജ്ഞാനികവുമായ ആരോഗ്യം നിലനിര്‍ത്തുന്നതിന് നിര്‍ണായകമാണ്.
ഡയറ്റില്‍ ഇവ ചേര്‍ക്കാം
ഒമേഗ-3 ഫാറ്റി ആസിഡുകള്‍, ആന്റിഓക്സിഡന്റുകള്‍, അവശ്യ വിറ്റാമിനുകള്‍ എന്നിവ അടങ്ങിയ പോഷക സമ്പുഷ്ടമായ ഭക്ഷണക്രമം തലച്ചോറിന്റെ പ്രവര്‍ത്തനത്തെയും ന്യൂറോപ്ലാസ്റ്റിസിറ്റിയെയും പിന്തുണയ്ക്കുന്നു. രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിലൂടെയും പുതിയ ന്യൂറോണുകളുടെ ഉത്പാദനത്തെ ഉത്തേജിപ്പിക്കുന്നതിലൂടെയും പതിവ് ശാരീരിക പ്രവര്‍ത്തനങ്ങള്‍ വൈജ്ഞാനിക പ്രകടനം കൂടുതല്‍ മെച്ചപ്പെടുത്തുന്നു.