പോഷകങ്ങളുടെ ഒരു കലവറയാണ് ചിയ സീഡ്സ്. ആന്റി ഓക്സിഡന്റുകള്‍, നാരുകള്‍, വിറ്റാമിനുകള്‍, കാത്സ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, പോളിഫെനോള്‍, ആല്‍ഫ-ലിനോലെനിക് ആസിഡ് എന്നിവ ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. പ്രോട്ടീനിന്റെയും പ്രോബയോട്ടിക്സിന്റെയും മികച്ച സ്രോതസായ തൈരുമായി ചിയ സീഡ്സ് സംയോജിപ്പിച്ച് കഴിക്കുന്നത് ശരീരത്തിന്റെ ആരോഗ്യത്തിന് വളരെയധികം ഗുണകരമാണ്. ഉച്ചഭക്ഷണത്തോടൊപ്പമോ ലഘു ഭക്ഷണമായോ ഒക്കെ ഇത് കഴിക്കാം. രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താനും ആരോഗ്യകരമായ ദഹനവ്യവസ്ഥയെ പിന്തുണയ്ക്കാനും ഇത് സഹായിക്കും. കൂടാതെ മറ്റ് അനവധി ഗുണങ്ങളും ഇതിലൂടെ ലഭിക്കും. തൈരും ചിയ സീഡ്സും ഒരുമിച്ച് ചേര്‍ത്ത് കഴിക്കുന്നതിലൂടെ ശരീരത്തിന് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് അറിഞ്ഞിരിക്കാം.
ഒമേഗ 3 ഫാറ്റി ആസിഡിന്റെ സമ്പന്ന ഉറവിടം
ചിയ സീഡ്സില്‍ നാരുകള്‍, പ്രോട്ടീന്‍, ഒമേഗ -3 ഫാറ്റി ആസിഡുകള്‍, ആന്റി ഓക്സിഡന്റുകള്‍, കാത്സ്യം, മഗ്നീഷ്യം എന്നിവ ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുണ്ടെന്ന് എന്‍സിബിഐ ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം സൂചിപ്പിക്കുന്നു. പ്രോട്ടീന്‍, പ്രോബയോട്ടിക്സ് എന്നിവയാല്‍ സമ്പന്നമായ തൈരുമായി ഇവ സംയോജിപ്പിക്കുന്നത് മാക്രോ ന്യൂട്രിയന്റുകളെയും മൈക്രോ ന്യൂട്രിയന്റുകളെയും സന്തുലിതമായി നിലനിര്‍ത്താന്‍ സഹായിക്കും.
നാരുകളുടെ കലവറ
നാരുകളുടെ മികച്ച സ്രോതസാണ് ചിയ വിത്തുകള്‍. ദഹനം മെച്ചപ്പെടുത്താനും മലബന്ധം തടയാനും ഇത് ഗുണം ചെയ്യും. തൈരിലെ പ്രോബയോട്ടിക് ഗുണങ്ങള്‍ കുടലിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കും. ഇവ രണ്ടും ഒരുമിച്ച് ചേര്‍ത്ത് കഴിക്കുന്നത് മൊത്തത്തിലുള്ള ദഹനാരോഗ്യത്തെ പ്രോത്സാഹിപ്പിക്കും.
ശരീരഭാരം കുറയ്ക്കാന്‍
തൈരിലെ പ്രോട്ടീന്‍ ഉള്ളടക്കം വിശപ്പ് നിയന്ത്രിക്കാന്‍ സഹായിക്കുമെന്ന് നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നു. ഉയര്‍ന്ന അളവില്‍ നാരുകളും പ്രോട്ടീനും അടങ്ങിയിട്ടുള്ള ചിയ വിത്തുകള്‍ സംതൃപ്തി വര്‍ധിപ്പിക്കുകയും മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കുകയും ചെയ്യും. ഇവയെല്ലാം ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും.
കോശങ്ങളെ സംരക്ഷിക്കും
ചിയ സീഡ്സില്‍ ക്വെര്‍സെറ്റിന്‍, കെംഫെറോള്‍, ക്ലോറോജെനിക് ആസിഡ് തുടങ്ങിയ ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ഫ്രീ റാഡിക്കലുകളില്‍ നിന്നും ഓക്സിഡേറ്റീവ് സമ്മര്‍ദ്ദത്തില്‍ നിന്നും കോശങ്ങളെ സംരക്ഷിക്കും. അതേസമയം, തൈരിലെ പ്രോബയോട്ടിക് ഘടകങ്ങള്‍ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ ഫലപ്രദമാണ്. അണുബാധ, രോഗങ്ങള്‍ എന്നിവയില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കാന്‍ ഇത് സഹായിക്കും.
ഹൃദയാരോഗ്യം മെച്ചപ്പെടുത്തും
ചിയ സീഡ്സില്‍ ഒമേഗ-3 ഫാറ്റി ആസിഡുകള്‍, ഫൈബര്‍, ആന്റി ഓക്സിഡന്റുകള്‍ എന്നിവ ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുണ്ട്. വീക്കം, കൊളസ്ട്രോള്‍, രക്തസമ്മര്‍ദ്ദം എന്നിവ കുറയ്ക്കാന്‍ ഇവ സഹായിക്കും. രക്തസമ്മര്‍ദ്ദവും മൊത്തത്തിലുള്ള ഹൃദയാരോഗ്യവും മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പ്രോബയോട്ടിക്സുകളുടെ മികച്ച സ്രോതസാണ് തൈര്. ഈ ഗുണങ്ങള്‍ എല്ലാം തന്നെ ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുന്നവയാണ്. ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ തടയാനുള്ള കഴിവും ചിയ സീഡ്സില്‍ അടങ്ങിയിട്ടുണ്ടെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം കണ്ടത്തി.
എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തും
എല്ലുകളുടെ ആരോഗ്യത്തെ പിന്തുണയ്ക്കുന്ന കാത്സ്യം, മഗ്നീഷ്യം, ഫോസ്ഫറസ് എന്നിവ തൈരിലും ചിയ സീഡ്സിലും ധാരാളം അടങ്ങിയിട്ടുണ്ട്. ഓസ്റ്റിയോപൊറോസിസ് ഉള്‍പ്പെടെയുള്ള അസ്ഥിരോഗങ്ങള്‍ തടയാനും എല്ലുകളുടെ ശരിയായ പ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കാനും ഇത് സഹായിക്കും. തൈരും ചിയ സീഡ്സും സംയോജിപ്പിച്ച് കഴിക്കുന്നത് എല്ലുകളുടെ സാന്ദ്രത, ബലം എന്നിവ വര്‍ധിപ്പിക്കാന്‍ സഹായിക്കും.