നിത്യജീവിതത്തില്‍ വിവിധ തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നവരാണ് പലരും. ഇതുമൂലം ഉണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകള്‍ ചെറുതൊന്നുമല്ല. എന്നാല്‍ പല രോഗങ്ങളും നേരത്തെ കണ്ടെത്തുകയും ചികിത്സ ഉറപ്പാക്കാന്‍ സാധിക്കുകയും ചെയ്താല്‍ പൂര്‍ണമായി ബേധമാക്കാവുന്നതും ലക്ഷണങ്ങള്‍ ലഘൂകരിക്കാന്‍ സാധിക്കുന്നതുമാണ്. ചില ലക്ഷങ്ങള്‍ അവഗണിക്കുന്നത് പ്രശ്നങ്ങള്‍ സങ്കീര്‍ണതിയിലേക്ക് നയിക്കാന്‍ കരണമാകാറുണ്ട്. അത്തരത്തില്‍ പലരും അവഗണിക്കുന്ന ഒന്നാണ് കാലുകളില്‍ കാണപ്പെടുന്ന ചില മാറ്റങ്ങള്‍. ചില ആരോഗ്യ പ്രശ്നങ്ങളുടെ പ്രാരംഭ ലക്ഷണങ്ങള്‍ കാണപ്പെടുന്നത് കാലുകളിലാണ്. അതുകൊണ്ടാണ് കാലുകള്‍ മൊത്തത്തിലുള്ള ആരോഗ്യത്തിന്റെ പ്രതിഫലനമാണെന്ന് പറയുന്നത്. അതിനാല്‍ കാലുകളില്‍ അകാരണമോ അസാധാരണമോ ആയി കാണപ്പെടുന്ന മാറ്റങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. കാലുകള്‍ കാണിക്കുന്ന ചില സൂചനകളും അതുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങള്‍ ഏതൊക്കെയെന്നും അറിയാം.
പാദങ്ങളില്‍ തണുപ്പ്
പാദങ്ങളില്‍ അസാധാരണമായ തണുപ്പ് അനുഭവപ്പെടുന്നത് ചില ആരോഗ്യ പ്രശ്നങ്ങളുടെ സൂചനയാണ്. രക്തയോട്ടം കുറയുക, തൈറോയ്ഡ്, പ്രമേഹം, ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ തടുങ്ങിയ അവസ്ഥയുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. ചില സാഹചര്യങ്ങളില്‍ സമ്മര്‍ദ്ദം മൂലവും കാലുകളില്‍ തണുപ്പ് നേരിട്ടേക്കാം.
പാദങ്ങളിലെ വീക്കം
ചില ആളുകളില്‍ പാദങ്ങള്‍, കണങ്കാലുകള്‍ എന്നിവിടങ്ങളില്‍ വീക്കം കാണപ്പെടാറുണ്ട്. പല കാരണങ്ങള്‍ ഇത് സംഭവിക്കാമെങ്കിലും എല്ലാം വീക്കങ്ങളും ഭയപ്പെടേണ്ടവയല്ല. എന്നാല്‍ ഹൃദ്രോഗം, വൃക്ക തകരാറുകള്‍, കരള്‍ പ്രശ്നങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് ഇത് ഉണ്ടായേക്കാം. വെരിക്കോസ് വെയിന്‍, രക്തചംക്രമണ പ്രശ്നങ്ങള്‍ എന്നിവയുടെ സൂചനയായും ഇതിനെ കാണാം.
പാദങ്ങളിലെ നിറ മാറ്റം
പാദങ്ങളിലെ നിറവ്യത്യാസം രക്തചംക്രമണം പ്രശ്നങ്ങളുടെ സൂചനയാകാം. രക്തയോട്ടം കുറയുന്നതിന്റേയോ ഗാംഗ്രെനസ് പോലുള്ള അവസ്ഥയുടെ പ്രാരംഭ ലക്ഷണമായും പാദങ്ങളില്‍ നിറമാറ്റം കണ്ടു വരാറുണ്ട്.
മരവിപ്പ് അല്ലെങ്കില്‍ ഇക്കിളി
കാലുകളില്‍ മരവിപ്പ്, ഇക്കിളി എന്നിവ അനുഭവപ്പെടുന്നത് പെരിഫറല്‍ ന്യൂറോപ്പതി പോലുള്ള നാഡി പ്രശ്നങ്ങളുടെ ലക്ഷണമാകാം. പ്രമേഹം, ഉപാപചയ പ്രശ്നങ്ങള്‍ എന്നിവയുടെ ഭാഗമായും കാലില്‍ മരവിപ്പ് അല്ലെങ്കില്‍ ഇക്കിളി അനുഭവപ്പെട്ടെക്കാം. കൊളസ്‌ട്രോളുള്ളവരിലും ഈ ലക്ഷണങ്ങള്‍ കണ്ടുവരാറുണ്ട്.
വിണ്ടുകീറിയ പാദങ്ങള്‍
നിര്‍ജ്ജലീകരണം മൂലം പാദങ്ങളില്‍ വിണ്ടു കീറല്‍ നേരിടാറുണ്ട്. ഒമേഗഫാറ്റി ആസിഡുകള്‍, സിങ്ക് എന്നിവയുടെ കുറവ് എക്സിമ പോലുള്ള അവസ്ഥകളുടെ ഭാഗമായും ഇത്തരം അവസ്ഥകള്‍ കണ്ടേക്കാം.
നഖങ്ങളിലെ നിറ മാറ്റം
കാല്‍ വിരലുകളിലെ നഖങ്ങള്‍ കട്ടിയുള്ളതാകുകയോ മഞ്ഞ നിറത്തിലാകുകയോ ചെയ്യുന്നത് ഫങ്കസ് അണുബാധയുടെ ലക്ഷണമാകാം. കൃത്യസമയത്ത് പരിചരിച്ചില്ലെങ്കില്‍ ഗുരുതരമായ അണുബാധകള്‍ക്കോ നഖങ്ങളുടെ വളര്‍ച്ചയെ ബാധിക്കാനോ ഇത് കാരണമായേക്കാം.