- Advertisement -Newspaper WordPress Theme
HEALTHഇന്ത്യയില്‍ 42 ദശലക്ഷം ആളുകള്‍ തൈറോയ്ഡ് രോഗ ബാധിതര്‍, അറിയണം ലക്ഷണങ്ങള്‍

ഇന്ത്യയില്‍ 42 ദശലക്ഷം ആളുകള്‍ തൈറോയ്ഡ് രോഗ ബാധിതര്‍, അറിയണം ലക്ഷണങ്ങള്‍

തൈറോയ്ഡ് സംബന്ധങ്ങള്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഇന്ത്യയില്‍ ഇന്ന് പകര്‍ച്ചവ്യാധി പോലെ വ്യാപിച്ചിരിക്കുകയാണ്. ഏതാണ്ട് 42 ദശലക്ഷം ആളുകളാണ് രാജ്യത്ത് തൈറോയ്ഡ് രോഗങ്ങള്‍ മൂലം ബുദ്ധിമുട്ടുന്നത്. നേരത്തെ കണ്ടെത്തിയാല്‍ രോഗം ഭേദമാക്കാമെങ്കിലും രോഗലക്ഷണങ്ങള്‍ തിരിച്ചറിയാതെ പോകുന്നത് രോഗാവസ്ഥ വഷളാക്കാനും ആരോഗ്യ സങ്കീര്‍ണതകള്‍ വര്‍ധിക്കാനും കാരണമാകുന്നു.

തൈറോയ്ഡ് സംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിന് എല്ലാ വര്‍ഷവും മെയ് 25 ന് ലോക തൈറോയ്ഡ് ദിനം ആചരിക്കുന്നു. തൈറോയ്ഡ് രോഗങ്ങള്‍ നേരത്തേ കണ്ടെത്തുന്നതിനും സമയബന്ധിതമായ ചികിത്സയ്ക്കും ഊന്നല്‍ നല്‍കുന്നതാണ് ഇത്തവണത്തെ തൈറോയ്ഡ് ദിനത്തിന്റെ പ്രമേയം.

കഴുത്തില്‍ ചിത്രശലഭ ആകൃതിയില്‍ കാണപ്പെടുന്ന തൈറോയ്ഡ് എന്ന ഈ ചെറിയ ഗ്രന്ഥി ഊര്‍ജ്ജം, ഉപാപചയം, ഹോര്‍മോണുകള്‍ എന്നിവയെ നിയന്ത്രിക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. തൈറോയ്ഡ് ഗ്രന്ഥി പ്രവര്‍ത്തനരഹിതമാകുമ്പോഴോ അമിതമായി പ്രവര്‍ത്തിക്കുമ്പോഴോ തകരാറുകള്‍ സംഭവിക്കുന്നു. രണ്ട് അവസ്ഥകളും നിങ്ങളുടെ മാനസികാവസ്ഥയെയും ഭാരത്തെയും ഊര്‍ജ്ജത്തെയും ഹൃദയാരോഗ്യത്തെയും പോലും ബാധിച്ചേക്കാം.

തൈറോയ്ഡ് ഗ്രന്ഥി ഉല്‍പാദിപ്പിക്കുന്ന ഹോര്‍മോണ്‍ ഒട്ടുമിക്ക എല്ലാ അവയവങ്ങളെയും ശരീരത്തിനുള്ളിലെ പ്രധാനപ്പെട്ട പ്രവര്‍ത്തനങ്ങളെയും നിയന്ത്രിക്കുന്നു. ഹാഷിമോട്ടോസ് അല്ലെങ്കില്‍ ഗ്രേവ്‌സ് രോഗം, അയഡിന്‍ കുറവ്, തൈറോയ്ഡ് നോഡ്യൂളുകള്‍ തുടങ്ങിയ ഓട്ടോഇമ്മ്യൂണ്‍ ഡിസോര്‍ഡേഴ്‌സ് എന്നിവയാണ് തൈറോയ്ഡിന് സാധാരണഗതിയില്‍ കാരണമാകുന്നത്. ലക്ഷണങ്ങള്‍ ഗുരുതരമാകുന്നതുവരെ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്ന തൈറോയ്ഡ് ആരോഗ്യം പിന്നീട് വഷളാകും. പലര്‍ക്കും രോഗലക്ഷണങ്ങള്‍ അനുഭവപ്പെടാറുണ്ടെങ്കിലും വര്‍ഷങ്ങളോളം രോഗനിര്‍ണയം നടത്താതെ തുടരും. ക്ഷീണം, ശരീരഭാരത്തിലെ വ്യത്യാസങ്ങള്‍, മാനസികാവസ്ഥയിലെ മാറ്റങ്ങള്‍, ക്രമരഹിതമായ ഹൃദയമിടിപ്പ് എന്നിവ മറ്റ് അവസ്ഥകളായി എളുപ്പത്തില്‍ തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യുന്നു.

തൈറോയ്ഡ് സംബന്ധ ആരോഗ്യ പ്രശ്‌നങ്ങള്‍

ഹൈപ്പോതൈറോയ്ഡിസം

തൈറോയ്ഡ് ഗ്രന്ഥികളുടെ പ്രവര്‍ത്തനം കുറയുമ്പോള്‍ അല്ലെങ്കില്‍ മതിയായ അളവില്‍ ഹോര്‍മോണ്‍ ഉല്‍പാദിപ്പിക്കാതെ വരുമ്പോഴാണ് ഹൈപ്പോതൈറോയ്ഡിസം എന്ന അവസ്ഥ ഉണ്ടാകുന്നത്. ക്ഷീണം, ശരീരഭാരം കൂടുക, തണുപ്പും കുളിരും, വരണ്ട ചര്‍മം, മലബന്ധം, വിഷാദം എന്നിവ ഹൈപ്പോതോറോയ്ഡിസത്തിന്റെ ഭാ?ഗമായി പ്രകടമാകാറുണ്ട്.

ഹൈപ്പര്‍തൈറോയ്ഡിസം

തൈറോയ്ഡ് ഗ്രന്ഥികള്‍ കൂടുതല്‍ പ്രവര്‍ത്തിക്കുമ്പോള്‍ അല്ലെങ്കില്‍ അമിതമായി തൈറോയ്ഡ് ഹോര്‍മോണുകള്‍ ഉല്‍പാദിപ്പിക്കപ്പെടുമ്പോഴാണ് ഹൈപ്പര്‍തൈറോയ്ഡിസം എന്ന അവസ്ഥ ഉണ്ടാകുന്നത്. ശരീരഭാരം പെട്ടെന്ന് കുറയുക, അമിതമായ വിശപ്പ്, ഉത്കണ്ഠ, ചൂടിനോട് അഹിഷ്ണുത, ക്രമരഹിതമായ ഹൃദയമിടിപ്പ്. ഇത് പലപ്പോഴും ഓട്ടോഇമ്മ്യൂണ്‍ രോഗമായ ഗ്രേവ്‌സ് രോഗത്തിന്റെ ഫലമായി ഉണ്ടാകുന്നതാണ്. ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനം തൈറോയ്ഡ് ഗ്രന്ഥിയെ തെറ്റായി ആക്രമിക്കുകയും അത് അമിതമായി തൈറോയ്ഡ് ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു.

ഗോയിറ്റര്‍

തൈറോയ്ഡ് ഗ്രന്ഥികളുടെ അസാധാരണ വളര്‍ച്ചയാണ് ഗോയിറ്റര്‍. ഇവ കഴുത്തിന് മുന്‍വശത്ത് മുഴപോലെ വീങ്ങിയിരിക്കുന്നതായി കാണപ്പെടും. അയഡിന്റെ അഭാവത്തെ തുടര്‍ന്നാണ് ഇത് സാധാരണയായി സംഭവിക്കുന്നത്. എന്നാല്‍ ഹൈപ്പോതൈറോയ്ഡിസം, ഹൈപ്പര്‍തൈറോയ്ഡിസം പോലുള്ള അവസ്ഥ കാരണവും ഗോയിറ്റര്‍ ഉണ്ടാകാം. ഭക്ഷണം വിഴുങ്ങാന്‍ ബുദ്ധിമുട്ട്, തൊണ്ട വലിഞ്ഞുമുറുകിയതായി അനുഭവപ്പെടാം, കിടക്കുമ്പോള്‍ ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്, ശബ്ദത്തിലെ മാറ്റം എന്നിവയാണ് ഗോയിറ്ററിന്റെ ലക്ഷണങ്ങള്‍.

തൈറോയ്ഡ് നോഡ്യൂളുകള്‍

കഴുത്തിലെ ചിത്രശലഭത്തിന്റെ ആകൃതിയിലുള്ള തൈറോയ്ഡ് ഗ്രന്ഥിയിലെ ചെറുതും അസാധാരണവുമായ വളര്‍ച്ചയാണ് തൈറോയ്ഡ് നോഡ്യൂള്‍സ്. ഭൂരിഭാഗവും ചെറുതും അപകടമില്ലാത്തതുമായിരിക്കും. എന്നാല്‍ ചിലത് കാന്‍സറിന് കാരണമാകാം.

അപകട സാധ്യത കൂടുതല്‍ ആര്‍ക്കൊക്കെ

തൈറോയ്ഡ് പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ പുരുഷന്മാരെ അപേക്ഷിച്ച് ഏതാണ്ട് അഞ്ച് മടങ്ങ് സാധ്യത സ്ത്രീകളിലാണ്. തൈറോയ്ഡ് രോഗങ്ങള്‍ക്ക് പ്രായം ഒരു പ്രധാനഘടകമാണ്. 35 വയസിന് മുകളില്‍ പ്രായമായ സ്ത്രീകളില്‍ ഹൈപ്പോതൈറോയ്ഡിസം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങള്‍ ചൂണ്ടിപ്പിക്കുന്നു. കൂടാതെ ജനിതകം, ചില മരുന്നുകളും തൈറോയ്ഡ് രോഗങ്ങളുടെ അപകടസാധ്യത വര്‍ധിപ്പിക്കും.

തൈറോയ്ഡിനെതിരെ പ്രതിരോധം എങ്ങനെ

അയഡിന്‍: അയഡിന്റെ അഭാവം കുറയ്ക്കുന്നതിന് അയഡില്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. സമുദ്രവിഭവങ്ങള്‍, പാല്‍ ഉല്‍പ്പന്നങ്ങള്‍, മുട്ട തുടങ്ങിയവയില്‍ അയോഡില്‍ അടങ്ങിയിട്ടുണ്ട്.

തൈറോയ്ഡ് പരിശോധന: രക്തപരിശോധനയിലൂടെ തൈറോയ്ഡ് ഹോര്‍മോണുകളുടെ നില മനസിലാക്കാനാകും. ഇത് അപകടസാധ്യത കുറയ്ക്കാനും രോഗം നേരത്തെ മനസിലാക്കാനും തടയാനും സഹായിക്കും.

ചികിത്സ: മരുന്നുകള്‍ കൃത്യമായി കഴിക്കുന്നത് രോ?ഗത്തെ നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായിക്കും. തൈറോക്‌സീന്‍ മരുന്നുകള്‍ കഴിക്കുന്നവര്‍ രാവിലെ വെറും വയറ്റില്‍ തന്നെ കഴിക്കാന്‍ ശ്രദ്ധിക്കുക. ഭക്ഷണം കഴിക്കുന്നതിന് ഏകദേശം ഒരു മണിക്കൂര്‍ മുന്‍പെങ്കിലും മരുന്ന് കഴിച്ചിരിക്കണം.

ആരോഗ്യകരമായ ജീവിതശൈലി: ആരോഗ്യകരമായ ഒരു ഡയറ്റ് പിന്തുടരുന്നതും പതിവു വ്യായാമവും മാനസികസമ്മര്‍ദം നിയന്ത്രിക്കുന്നതും തൈറോയ്ഡ് ഗ്രന്ഥികളുടെ ആരോഗ്യം സംരക്ഷിക്കും.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme