പണ്ട് കാലങ്ങളില്‍ ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ വ്യാപകമായി ഉപയോഗിച്ചിരുന്നത് തുണിയാണ്. കാലക്രമേണ അത് സാനിറ്ററി പാഡിലേക്കും ടാംപോണിലേക്കുമെക്കെ മാറുകയും ചെയ്തു. എന്നാല്‍ ഇവ രണ്ടും വിപണി കീഴടക്കുമ്പോഴും തുണി ഉപേക്ഷിക്കാന്‍ തയ്യാറാകാതിരുന്ന സ്ത്രീകള്‍ നിരവധിയാണ്. പാഡുകളെ കുറിച്ച് നിലനിന്നിരുന്ന ചില തെറ്റിധരണകളും ശരിയായ അവബോധം ഇല്ലായ്മായിരുന്നു ഇതിന് പിന്നെ കാരണം. എന്നാല്‍ കാലം കടന്ന് പോകുന്നതിനനുസരിച്ച് പാഡിലേക്ക് തന്നെ ചുരുങ്ങുകയായിരുന്നു ഭൂരിഭാഗവും. അപ്പോഴാണ് മെന്‍സ്ട്രല്‍ കപ്പ് അഥവാ ആര്‍ത്തവ കപ്പ് അവതരിക്കുന്നത്. ഇത് സ്ത്രീകളുടെ ജീവിതത്തിലുണ്ടാക്കിയ മാറ്റം ചെറുതൊന്നുമല്ല.
ആര്‍ത്തവ നാളുകള്‍ സാധാരണ ദിവസം പോലെ കടന്നു പോകാന്‍ സഹായിച്ചതില്‍ മെന്‍സ്ട്രല്‍ കപ്പിന്റെ പങ്ക് വളരെ വലുതാണ്. സാനിറ്ററി പാഡുകളേക്കാള്‍ വളരെ എളുപ്പത്തില്‍ ഉപയോഗിക്കാനും നിര്‍മാര്‍ജ്ജനം ചെയ്യാനും സാധിക്കുമെന്നതാണ് ഇതിന്റെ വലിയൊരു പ്രത്യേകത. അണുബാധ ഒഴിവാക്കാനും മാസം തോറും പാഡിനായി ചെലവഴിക്കുന്ന പണം ലാഭിക്കാനും ഇത് സഹായിക്കും. എന്നാല്‍ മെന്‍സ്ട്രല്‍ കപ്പിനോട് മുഖം തിരിഞ്ഞ് നില്‍ക്കുന്ന വലിയൊരു വിഭാഗം സ്ത്രീകളും ഇന്ന് സമൂഹത്തിലുണ്ട്. പല തരത്തിലുള്ള ആശങ്കകളും സംശയങ്ങളുമാണ് മെന്‍സ്ട്രല്‍ കപ്പിനോട് നോ പറയാനുള്ള പ്രധാന കാരണം.
എന്താണ് മെന്‍സ്ട്രല്‍ കപ്പ് ?
ആര്‍ത്തവ സമയത്ത് ഉപയോഗിക്കാവുന്ന അതി നൂതന സംവിധാനമാണ് മെന്‍സ്ട്രല്‍ കപ്പ്. കപ്പിന്റെ രൂപത്തിലുള്ള ഇത് ആര്‍ത്തവ രക്തം ശേഖരിച്ച് കളയാന്‍ സഹായിക്കുന്നു. ഉപയോഗിച്ചതിന് ശേഷം കഴുകി വൃത്തിയാക്കി വീണ്ടും ഉപയോഗിക്കാവുന്ന ഒരു ഉത്പന്നമാണിത്. ഫണല്‍ ആകൃതിയിലുള്ള മെസ്ട്രല്‍ കപ്പ് സിലിക്കണ്‍ കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. 12 മണിക്കൂര്‍ വരെ തുടര്‍ച്ചയായി ഉപയോഗിക്കാന്‍ പറ്റുമെന്നതും ഇതിന്റെ ഒരു പ്രത്യേകതയാണ്. അതേസമയം അമിത രക്തസ്രാവമുള്ള ആളുകള്‍ക്ക് നാലോ അഞ്ചോ മണിക്കൂര്‍ കൂടുമ്പോള്‍ ഇത് മാറ്റേണ്ടി വന്നേക്കാം.
ഗുണങ്ങള്‍ എന്തൊക്കെ ?
ഒരു മെസ്ട്രല്‍ കപ്പ് 5 മുതല്‍ 10 വര്‍ഷമെങ്കിലും ഉപയോഗിക്കാം. ഇതിലൂടെ ഓരോ മാസവും പാടുകള്‍, ടാംപോണ്‍സ് എന്നിവയ്ക്കായി ചെലവഴിക്കേണ്ടി വരുന്ന പണം ലഭിക്കാനാകും. മെന്‍സ്ട്രല്‍ കപ്പുകള്‍ മറ്റുള്ളവയെക്കാള്‍ സുരക്ഷിതമാണ്. രക്തം ആഗിരണം ചെയ്യുന്നതിന് പകരം രക്തം ശേഖരിക്കുകയാണ് ഇത് ചെയ്യുന്നത്. ടാംപണ്‍ ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന ടോക്സിക് ഷോക്ക് സിന്‍ഡ്രോം എന്ന ബാക്ടീരിയ അണുബാധയ്ക്കുള്ള സാധ്യത ഇല്ലാതാക്കാന്‍ ഇത് സഹായിക്കും. മെന്‍സ്ട്രല്‍ കപ്പില്‍ കൂടുതല്‍ അളവില്‍ രക്തം ശേഖരിക്കാന്‍ കഴിയും. 30 എംഎല്‍ അളവില്‍ കൂടുതല്‍ വരെ സംഭരണ ശേഷിയുള്ളവയാണിവ.
ദീര്‍ഘകാലം ഉപയോഗിക്കാവുന്നതിനാല്‍ തന്നെ പ്രകൃതി സൗഹൃദ ഉത്പന്നമാണിത്.
മെസ്ട്രല്‍ കപ്പ് തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്
വിവിധ ബ്രാന്‍ഡുകളുടെ മെന്‍സ്ട്രല്‍ കപ്പ് ഓണ്‍ലൈനായും ഓഫ്ലൈനായും നിങ്ങള്‍ക്ക് ലഭ്യമാണ്. എന്നാല്‍ കൃത്യമായ വലുപ്പത്തിലുള്ളവ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. സ്മാള്‍, മീഡിയം, ലാര്‍ജ് തുടങ്ങിയ മൂന്ന് വലുപ്പത്തിലുള്ള കപ്പുകളാണുള്ളത്. പ്രായം, ഗര്‍ഭാശയമുഖത്തിന്റെ നീളം, ആര്‍ത്തവ പ്രവാഹം, കപ്പിന്റെ ദൃഢത, വലിപ്പം, സംഭരണ ശേഷി, പ്രസവം എന്നിവയെയെല്ലാം അടിസ്ഥാനമാക്കിയാണ് കപ്പ് തെരഞ്ഞെടുക്കേണ്ടത്. യോനി വഴി പ്രസവം കഴിയാത്ത 18 നും 30 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ മീഡിയം സൈസ് കപ്പുകള്‍ തിരഞ്ഞെടുക്കുന്നതാണ്. 30 ന് മുകളിലുള്ളവരോ യോനിയിലൂടെ പ്രസവിച്ചവരോ അമിതമായി രക്തപ്രവാഹം ഉള്ളവരോ ലാര്‍ജ് സൈസ് വേണം തെരഞ്ഞെടുക്കാന്‍. 18 വയസിന് താഴെയുള്ള യുവതികള്‍ക്ക് സ്‌മോള്‍ സൈസാണ് അനുയോജ്യം.
എങ്ങനെ ഉപയോഗിക്കാം ?
അണുവിമുക്തമാക്കിയതിന് ശേഷമേ മെന്‍സ്ട്രല്‍ കപ്പ് ഉപയോഗിക്കാവൂ. അതിനായി സോപ്പ് ഉപയോഗിച്ച് കഴുകിയതിന് ശേഷം തിളപ്പിച്ച വെള്ളത്തില്‍ ഒരു 10 മിനിറ്റ് നേരം ഇട്ടുവയ്ക്കാം. ശേഷം കൈകള്‍ വൃത്തിയായി കഴുകി കപ്പ് സി ഷേപ്പില്‍ മടക്കി ക്ലോസറ്റില്‍ ഇരിക്കുന്ന രീതിയില്‍ ഇരുന്ന് യോനിയ്ക്കുളിലേക്ക് നിക്ഷേപിക്കുക. പോഷിഷന്‍ ശരിയാക്കാന്‍ രണ്ട് വിരലുകള്‍ ഉപയോഗിച്ച് പതുക്കെ റൊട്ടേറ്റ് ചെയ്യുക. ആദ്യം അല്‍പം പ്രയാസം തോന്നിയേക്കാമെങ്കിലും രണ്ട് മൂന്ന് തവണയാകുമ്പോഴേക്കും ഇത് എളുപ്പമാകും. തിരിച്ചെടുക്കുമ്പോള്‍ നേരത്തത്തെ അതെ പൊസിഷനില്‍ ഇരുന്ന് വേണം പുറത്തെടുക്കാന്‍. ആര്‍ത്തവ രക്തം പുറത്തു വരാതെ ശേഖരിക്കാനും ഇത് ഉണ്ടാക്കുന്ന അസ്വസ്ത്ഥതകള്‍ ഒഴിവാക്കാനും മെസ്ട്രല്‍ കപ്പ് സഹായിക്കും.
അലര്‍ജിയുണ്ടാക്കുമെന്ന ഭയം വേണ്ട
മെന്‍സ്ട്രല്‍ കപ്പിന്റെ ഉപയോഗം ഏതെങ്കിലും വിധത്തിലുള്ള അലര്‍ജി ഉണ്ടാക്കുമോ എന്ന പേടി വേണ്ട. സിലിക്കോണ്‍ ഉപയോഗിച്ചാണ് ഇത് നിര്‍മ്മിക്കുന്നത്. പാഡ് ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന ഉറച്ചില്‍, ചൊറിച്ചില്‍, ചെര്‍ണപ്പ് എന്നിവ പോലുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ മെന്‍സ്ട്രല്‍ കപ്പ് സഹായിക്കും. കൂടാതെ ഇരിക്കുമ്പോഴോ കിടക്കുമ്പോഴോ രക്തം ലീക്കാകുമെന്ന് ഭയമോ ആവശ്യമില്ല.