വേനല്‍ക്കാലത്തിന്റെ ചൂടില്‍ നിന്നും പെട്ടെന്ന് മഴയെത്തുമ്പോള്‍ വല്ലാത്തൊരു ആശ്വാസം അനുഭവപ്പെടും. എന്നാല്‍ ഈ സമയത്ത് ഭക്ഷ്യജന്യ രോഗങ്ങള്‍ ഉണ്ടാവാനുള്ള സാധ്യതയും വളരെ കൂടുതലാണ്. അമിതമായ ഈര്‍പ്പവും മാറുന്ന താപനിലയും അണുക്കള്‍, വൈറസ്, ഫങ്കസ് തുടങ്ങിയവ ഉണ്ടാവാനുള്ള സാധ്യത കൂട്ടുന്നു. മഴക്കാലത്ത് ആരോഗ്യത്തോടെ സുരക്ഷിതരായിരിക്കാന്‍ അടുക്കളയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാം.
വൃത്തിയുണ്ടാവണം
ശരിയായ രീതിയിലുള്ള വൃത്തിയാണ് ആദ്യം വേണ്ടത്. ഇത് ഭക്ഷ്യജന്യ രോഗങ്ങള്‍ ഉണ്ടാവുന്നത് തടയുന്നു. ഭക്ഷണം കഴിക്കുന്ന സമയങ്ങളില്‍ എപ്പോഴും കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കണം. അടുക്കള പ്രതലങ്ങള്‍, പാത്രങ്ങള്‍, കട്ടിങ് ബോര്‍ഡ് എന്നിവയും ഉപയോഗം കഴിയുമ്പോള്‍ കഴുകിവയ്ക്കാന്‍ ശ്രദ്ധിക്കണം. പച്ചക്കറികളും മാംസവും മുറിക്കാന്‍ ഒരു കട്ടിങ് ബോര്‍ഡ് തന്നെ ഉപയോഗിക്കുന്നത് ഒഴിവാക്കാം.
കേടുവരാത്ത സാധനങ്ങള്‍ ഉപയോഗിക്കാം
കേടുവരാത്ത നല്ല ഗുണമേന്മയുള്ള ഭക്ഷണ സാധനങ്ങള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കാം. മുറിച്ചുവെച്ചിരിക്കുന്ന പച്ചക്കറികളും പഴങ്ങളും വാങ്ങുന്നത് മഴക്കാലത്ത് ഒഴിവാക്കാം. മത്സ്യവും മാംസവും വാങ്ങുമ്പോള്‍ അവ ഫ്രഷ് ആണെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. സാധനങ്ങള്‍ വാങ്ങുമ്പോള്‍ എപ്പോഴും തീയതി നോക്കി വാങ്ങാന്‍ ശ്രദ്ധിക്കണം.
ഭക്ഷണം നന്നായി വേവിക്കാം
ഭക്ഷണം എപ്പോഴും ശരിയായ ചൂടില്‍ വേവിച്ചെടുക്കേണ്ടത് വളരെ പ്രധാനമാണ്. ഇത് ഭക്ഷണത്തിലുള്ള അണുക്കളെയും വൈറസിനെയും ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ഇറച്ചി, കടല്‍ ഭക്ഷണങ്ങള്‍ എന്നിവ നന്നായി വേവിച്ചതിന് ശേഷം മാത്രമേ കഴിക്കാന്‍ പാടുള്ളു. പച്ചയായ ഭക്ഷണ സാധനങ്ങളോ കുറച്ച് മാത്രം പാകം ചെയ്തതോ ആയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കാം.
ഭക്ഷണം സൂക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കാം
മഴക്കാലത്ത് ഭക്ഷണ സാധനങ്ങള്‍ ശരിയായ രീതിയില്‍ സൂക്ഷിക്കേണ്ടത് പ്രധാനമാണ്. പെട്ടെന്ന് കേടായിപ്പോകുന്ന ഭക്ഷണ സാധനങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കാം. വേവിച്ച ഭക്ഷണങ്ങള്‍ ദീര്‍ഘ നേരത്തേക്ക് പുറത്ത് വയ്ക്കരുത്. ബാക്കിവന്ന ഭക്ഷണങ്ങള്‍ വായു കടക്കാത്ത പാത്രത്തിലാക്കി അടച്ച് ഫ്രിഡ്ജില്‍ സൂക്ഷിക്കാം.
ശുദ്ധമായ വെള്ളം കുടിക്കാം
മഴക്കാലത്ത് ഭക്ഷ്യജന്യ രോഗങ്ങള്‍ ഉണ്ടാവാനുള്ള പ്രധാന കാരണം കേടുവന്ന വെള്ളം ഉപയോഗിക്കുന്നതിലൂടെയാണ്. ഫില്‍റ്റര്‍ ചെയ്തതോ തിളപ്പിച്ചതോ ആയ വെള്ളം മാത്രം കുടിക്കാന്‍ ശ്രദ്ധിക്കാം. പുറത്തു നിന്നും തണുത്ത വെള്ളം വാങ്ങി കുടിക്കുന്നത് ഒഴിവാക്കണം.
പഴങ്ങളും പച്ചക്കറികളും കഴുകാം
പഴങ്ങളിലും പച്ചക്കറികളിലും അപകടകാരികളായ അണുക്കളും കീടങ്ങളും ഉണ്ടാവാന്‍ സാധ്യതയുണ്ട്. ഒഴുകുന്ന വെള്ളത്തില്‍ നന്നായി ഇവ കഴുകാന്‍ ശ്രദ്ധിക്കണം. ഇലക്കറികള്‍ ആണെങ്കില്‍ അവ വിനാഗിരി ലായനിയില്‍ മുക്കിവെച്ച് അണുവിമുക്തമാക്കാം. പഴങ്ങള്‍ തൊലി കളഞ്ഞ് വയ്ക്കുന്നതും അണുക്കള്‍ പടരുന്നത് തടയുന്നു.