ഇന്നത്തെ കാലത്ത് നെെറ്റ് ഷിഫ്റ്റിൽ ജോലി ചെയ്യുന്ന നിരവധി സ്ത്രീകളുണ്ട്. രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് ആസ്മ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്.
രാവിലെ ജോലി ചെയ്യുന്ന സ്ത്രീകളെ അപേക്ഷിച്ച് സ്ഥിരമായി രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് മിതമായതോ കഠിനമോ ആയ ആസ്മയ്ക്കുള്ള സാധ്യത 50% കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ശരീരത്തിന്റെ സ്വാഭാവിക ഘടികാരത്തിലെ തടസ്സങ്ങൾ മൂലമാകാം ഇത് സംഭവിക്കുന്നത്.
ഇത് ഹോർമോൺ നിലയെ ബാധിച്ചേക്കാമെന്ന് യുകെയിലെ മാഞ്ചസ്റ്റർ സർവകലാശാലയിലെ ഗവേഷകർ വ്യക്തമാക്കി. ആർത്തവവിരാമം കഴിഞ്ഞ രാത്രി ഷിഫ്റ്റിലുള്ള സ്ത്രീകൾക്ക് ആസ്മയ്ക്കുള്ള സാധ്യത ഇരട്ടിയാണെന്നും പഠനത്തിൽ പറയുന്നു.
പുരുഷന്മാരേക്കാൾ സ്ത്രീകളെയാണ് ആസ്മ കൂടുതലായി ബാധിക്കുന്നതെന്ന് ഗവേഷകർ അഭിപ്രായപ്പെട്ടു. മുൻകാല പഠനങ്ങൾ രാത്രി ഷിഫ്റ്റ് ജോലിയും പൊതുവെ കൂടുതൽ ഗുരുതരമായ ആസ്മയും തമ്മിൽ ബന്ധിപ്പിച്ചിട്ടുണ്ട്.
ഏകദേശം 275,000 ജോലിക്കാരുടെ ആരോഗ്യം ഈ പഠനം നിരീക്ഷിച്ചു. ഈ തൊഴിലാളികളിൽ 5%-ത്തിലധികം പേർക്ക് ആസ്മ ഉണ്ടായിരുന്നു, 2% പേർക്ക് ഒരു റെസ്ക്യൂ ഇൻഹേലർ ആവശ്യമായി വരുന്ന ഗുരുതരമായ ആസ്മ ബാധിച്ചതായി കണ്ടെത്തി.