ഫ്രിഡ്ജിൽ നിന്നും ഇടയ്ക്കിടെ വെള്ളം പുറത്ത് പോകുന്നുണ്ടെങ്കിൽ അതിനർത്ഥം ഫ്രിഡ്ജിന് തകരാർ സംഭവിച്ചിട്ടുണ്ടെന്നാണ്. കേടുപാടുകൾ സംഭവിച്ച ഭാഗങ്ങൾ, ശരിയായ രീതിയിൽ ഇൻസ്റ്റാൾ ചെയ്യാത്ത ഘടകങ്ങൾ എന്നിവയാണ് ഇതിന് കാരണം. ഇത് പരിഹരിച്ചില്ലെങ്കിൽ ചെറിയൊരു ലീക്കേജ് പോലും ഫ്രിഡ്ജിന് വലിയ തകരാറുകൾ സംഭവിക്കാൻ കാരണമാകുന്നു.
അടഞ്ഞുപോയ കണ്ടൻസേറ്റ് ഡ്രെയിൻ
ഭക്ഷണാവശിഷ്ടങ്ങൾ, ഐസ്, പൊടിപടലങ്ങൾ എന്നിവ അടഞ്ഞിരുന്നാൽ ഫ്രിഡ്ജിൽ നിന്നും ലീക്കേജ് ഉണ്ടാവാൻ സാധ്യതയുണ്ട്. ഫ്രിഡ്ജ് തണുക്കുമ്പോൾ അതിൽ നിന്നും ഉണ്ടാകുന്ന വെള്ളത്തെ കളയാൻ വേണ്ടിയാണ് ഫ്രിഡ്ജിൽ ഇത്തരമൊരു സംവിധാനമുള്ളത്. കണ്ടൻസേറ്റ് ഡ്രെയിൻ വഴി വെള്ളം പോകാതെ വരുമ്പോൾ ഇത് ഫ്രിഡ്ജിന്റെ പുറത്തേക്ക് പോകുന്നു.
ഐസ് കട്ടപിടിച്ചിരിക്കുക
ഉറഞ്ഞുപോയ ഐസ് സ്വാഭാവികമായി തന്നെ അലിഞ്ഞു പോകുന്നതിന് വേണ്ടിയുള്ള സംവിധാനം ഫ്രിഡ്ജിലുണ്ട്. ഐസ് കട്ടപിടിച്ചിരിക്കുന്നത് ഒഴിവാക്കാൻ ഇത് നിരന്തരം പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. എന്നാൽ ഫ്രിഡ്ജിനുള്ളിൽ എന്തെങ്കിലും തകരുകൾ സംഭവിക്കുകയോ പൊട്ടൽ ഉണ്ടാവുകയോ ചെയ്താൽ ഐസ് അലിഞ്ഞു പോകുന്നതിന് തടസ്സമുണ്ടാകും. ഇത് ഫ്രിഡ്ജിന്റെ മുഴുവൻ പ്രവർത്തനത്തെ ബാധിക്കുകയും വെള്ളം ലീക്ക് ആവാൻ കാരണമാവുകയും ചെയ്യുന്നു.
ഡോർ സീൽ കേടുവന്നാൽ
ഫ്രിഡ്ജിലെ ഡോറിന്റെ ചുറ്റുമുള്ള സീൽ കേടുവന്നാലും വെള്ളം ലീക്ക് ചെയ്യാൻ സാധ്യതയുണ്ട്. സീൽ കേടുവരുമ്പോൾ പുറത്ത് നിന്നുമുള്ള ചൂട് വായുവും ഈർപ്പവും ഫ്രിഡ്ജിനുള്ളിലേക്ക് കയറുകയും ഇതുമൂലം വെള്ളം ലീക്കാവുകയും ചെയ്യുന്നു. അതിനാൽ തന്നെ ഫ്രിഡ്ജ് അടക്കുമ്പോൾ ഡോറിന്റെ ഇടയിൽ ഗ്യാപ് കണ്ടാൽ ഉടൻ പ്രശ്നം പരിഹരിക്കാൻ ശ്രദ്ധിക്കണം.
ഫ്രിഡ്ജ് വെയ്ക്കുന്നതിന്റെ സ്ഥാനം
നിരപ്പായ സ്ഥലത്ത് സൂക്ഷിക്കാൻ പറ്റുന്ന വിധത്തിലാണ് ഫ്രിഡ്ജ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. അല്ലാതെ ഫ്രിഡ്ജ് വെയ്ക്കുന്നത് വെള്ളം ലീക്ക് ആകാൻ കാരണമാകുന്നു. ചെറിയൊരു ചരിവ് പോലും ഇതിന് കാരണമാകുന്നു. ഇത് ഫ്രിഡ്ജിന് പലതരം കേടുപാടുകൾ ഉണ്ടാക്കാനും സാധ്യതയുണ്ട്.