ദീർഘനേരം സ്ക്രീനുകളിൽ നോക്കുന്നത് കണ്ണിന് സ്‌ട്രെയിൻ ഉണ്ടാക്കാറുണ്ട്. ഇതേ കാരണം കൊണ്ടാണ് നമ്മുടെ കണ്ണിൽ എരിച്ചിൽ അനുഭവപ്പെടുന്നതെന്ന് പറയുകയാണ് എൻഐഒ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലെ നേത്രരോഗ വിദഗ്ദ്ധൻ ഡോ. യോഗേഷ് ചൗഗുലെ. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇത് ഒരു പ്രധാന ലക്ഷണമായി മാറിക്കഴിഞ്ഞിരിക്കുന്നുവെന്നും അദ്ദേഹം പറയുന്നു.
വർധിച്ചുവരുന്ന സ്ക്രീൻ ടൈം നമ്മൾ കണ്ണ് ചിമ്മുന്നത് കുറയ്ക്കാൻ കാരണമാകുന്നുവെന്നാണ് ഡോക്ടർ പറയുന്നത്. ഇത് കണ്ണിൻ്റെ ഉപരിതലത്തിലെ കണ്ണുനീർ പാളിയെ വരെ ബാധിച്ചേക്കും. പിന്നീട് ഇത് ഡ്രൈ ഐസ് പോലുള്ള പ്രശ്നങ്ങളിലേക്ക് നയിക്കുന്നു. കണ്ണ് ചിമ്മുന്നത് കുറയുന്നത് അർഥമാക്കുന്നത് കണ്ണുകൾക്ക് ആവശ്യമായ നനവ് ലഭിക്കുന്നില്ല എന്നതാണ്. ഇത് കണ്ണിന്റെ ഡ്രൈനെസ്സ്, അസ്വസ്ഥത എന്നിവയിലേക്കും പിന്നീട് എരിച്ചിലിനും കാരണമാകുന്നു. ഡിജിറ്റൽ ഐ സ്ട്രെയിൻ എന്ന് അറിയപ്പെടുന്ന ഈ അവസ്ഥ ഇപ്പോൾ എല്ലാ പ്രായക്കാരിലും സാധാരണമാണ്.
ചില കാര്യങ്ങൾ ശ്രദ്ധിക്കാം
20-20-20 നിയമം
തുടർച്ചയായി ദീർഘനേരം സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നത് കണ്ണിന് ക്ഷീണമുണ്ടാക്കും. കാഴ്ച തുടർച്ചയായി അടുത്ത് ഫോക്കസ് ചെയ്യുന്നത് കണ്ണിന് ആയാസം കൂട്ടും. അതിനാൽ 20 മിനിറ്റ് തുടർച്ചയായി സ്മാർട്ട്ഫോൺ ഉപയോഗിച്ചാൽ ഏകദേശം 20 അടി അകലെയുള്ള വസ്തുവിലേക്ക് 20 സെക്കൻഡ് നേരം നോക്കിയിരിക്കണം. 20-20-20 നിയമം എന്നാണ് ഇത് അറിയപ്പെടുന്നത്. ഇത് കണ്ണിന്റെ ആയാസം കുറയ്ക്കും